കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം.
കേരളകർഷകരുടെ ക്ഷേമത്തിനും ഐശ്യത്തിനുമായി 2019 ഡിസംബർ 20ന് നിലവിൽ വന്ന “കേരള കർഷക ക്ഷേമനിധി ആക്റ്റ്” പ്രകാരം ഏതൊരു കര്‍ഷകനും കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം. എന്താണ് കർഷക ക്ഷേമനിധി? അതില്‍ അംഗത്വമെടുക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ? അപേക്ഷിക്കേണ്ടത് എങ്ങനെ?
പെന്ഷൻ ഉള്‍പ്പെടെയുള്ള ക്ഷേമ അനുകൂല്യങ്ങൾ നല്‍കുന്നതിനും യുവതലമുറയെ കാർഷിക വൃത്തിയിലേയ്ക്ക് ആകർഷിക്കുന്നതിനും തുടർ പ്രർത്തനങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത്.
കേരള കർഷക ക്ഷേമനിധി ബോർഡ് കൃഷിയേയും കർഷകനേയും കൃത്യമായി നിർവചിച്ചിട്ടുണ്ട്. വിളപരിപാലനം, ഉദ്യാനപാലനം, ഔഷധ സസ്യപരിപാലനം, നടീൽ വസ്തുക്കളുടെ ഉല്പാദനവും, വില്പനയും, ഇടവിളകളുടെയും വൃക്ഷങ്ങളുടെയും പരിപാലനം, പച്ചക്കറി വളർത്തൽ, തീറ്റപ്പുല്ല് കൃഷി, മത്സ്യം വളർത്തൽ, അലങ്കാര മത്സ്യം വളർത്തൽ, പശു, ആട്, പോത്ത്, പന്നി, മുയൽ മുതലായ മൃഗപരിപാലനം, കോഴി, കാട, താറാവ്, തേനീച്ച, പട്ടുനൂൽ പുഴു എന്നിവയുടെ പ്രജനനവും പരിപാലനവും, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാർഷികാവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗം മുതലായവ കൃഷി എന്ന നിർവചനത്തിൽപ്പെടുന്നു.
ഉടമസ്ഥനായോ അനുമതി പത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ സർക്കാർ ഭൂമിപാട്ടക്കാരനായോ കുത്തകപാട്ടക്കാരനായോ ഭാഗികമായി ഒരു നിലയിലും ഭാഗികവുമായി മറ്റു വിധത്തിലും അഞ്ച് സെൻറിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തീർണമുള്ള ഭൂമി കൈവശം വച്ചിരിക്കുകയും 3 വർഷത്തിൽ കുറയാത്ത കാലയളവിൽ കൃഷി- കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവന മാർഗ്ഗമായിരിക്കുകയും വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാതെയുമുള്ള ഏതൊരാളും ഈ ആക്റ്റിന്റെ പരിധിയിൽ ഉൾപ്പെടുന്ന കർഷകനായി നിർവചിക്കപ്പെടുന്നു. എന്നാൽ ഏലം, റബ്ബർ, കാപ്പി, തേയില എന്നീ തോട്ടവിളകളുടെ സംഗതിയിൽ ഏഴര ഏക്കറിൽ കൂടുതൽ ഭൂമി ഏതെങ്കിലും വിധത്തിൽ കൈവശം വയ്ക്കുന്നവൻ കർഷകൻറെ നിർവചനത്തിൽ വരുന്നതല്ല.
ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന കർഷകർക്ക് 60 വയസ്സിനു ശേഷം പെൻഷനായി പ്രതിമാസം 5,000 രൂപ വീതം സർക്കാർ നൽകും.
18 വയസ്സു തികഞ്ഞതും 55 വയസ്സ് പിന്നിടാത്തതുമായ ഏതൊരു കർഷകനും കേരള കർഷക ക്ഷേമ നിധി ബോർഡിൽ അംഗമാകാം. അംഗമാകുന്ന ഓരോ കർഷകനും പ്രതിമാസം കുറഞ്ഞത് 100 രൂപ വീതം ക്ഷേമനിധിയിലേക്ക് അംശദായമായി നൽകണം. അംഗങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രതിമാസ വിഹിതം ഉയർന്ന നിരക്കിൽ അടയ്ക്കാം. ഉയർന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. അംശദായം വാർഷികമായോ അർദ്ധ വാർഷികമായോ ഒരുമിച്ച് അടയ്ക്കാം. അംഗങ്ങൾ, ക്ഷേമനിധിയിലേക്ക് അംശാദായമായി നൽകുന്ന തുകയുടെ തുല്യമായ തുക പരമാവധി പ്രതിമാസം 250 രൂപ എന്ന നിരക്കിൽ സർക്കാർ അംശാദായമായി നൽകും.
5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശികയില്ലാതെ 60 വയസ്സു പൂർത്തീകരിക്കുകയും ചെയ്യുന്ന കർഷകന്, ഒടുക്കിയ അംശദായത്തിന്റെയും കാലയളവിന്റെയും ആനുപാതികമായി സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന തുക പ്രതിമാസ പെൻഷനായി ലഭിക്കും. നിലവിൽ 5000 രൂപ പ്രതിമാസ പെൻഷനായി നൽകാനാണ് തീരുമാനം. എന്നാണോ 60 വയസ്സ് പൂർത്തീകരിക്കുന്നത്, അതിന്റെ തൊട്ടടുത്ത മാസം മുതൽ പെൻഷന് അർഹതയുണ്ടായിരിക്കും.
കേരള കർഷക ക്ഷേമനിധി ബോർഡിന്റെ വെബ് പോർട്ടൽ വഴിയാണ് അംഗത്വത്തിനായി അപേക്ഷിക്കേണ്ടത്.
കർഷകന്റെ പേരും വിലാസവും, ഭൂമി സംബന്ധമായ വിവരങ്ങൾ, വരുമാനം, കൃഷിയിൽ നിന്നുള്ള ആദായം, കരമൊടുക്കിയതിന്റെ രസീത്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ബിസിനസ്, നോമിനി തുടങ്ങിയ വിവരങ്ങൾ, സാക്ഷ്യപത്രം, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയോടൊപ്പം 6 പേജുള്ള അപേക്ഷയുടെ മാതൃക ഡൗൺ ലോഡ് ചെയ്ത ശേഷം വിവരങ്ങൾ ഉൾപ്പെടുത്തി അപ്ലോഡ് ചെയ്യുമ്പോൾ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകും. കർഷകന് താൽക്കാലിക ഐഡിയും പാസ് വേഡും എസ്എംഎസായി ലഭിക്കും. ഇതിനു ശേഷം റജിസ്ട്രേഷൻ ഫീസായി 100 രൂപ ഓൺലൈനിലൂടെ അടയ്ക്കണം.
അപേക്ഷകൾ കൃഷി ഓഫിസർ പരിശോധിച്ച് തീരുമാനമെടുക്കും. പരമാവധി 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും. അപേക്ഷകൾ തിരിച്ചയയ്ക്കുകയോ, നിരസിക്കുകയോ ചെയ്താൽ കർഷകർക്ക് ബോർഡിനെ സമീപിക്കാം.
ക്ഷേമനിധിയിൽ കുറഞ്ഞത് 5 വർഷക്കാലം അംശദായം അടയ്ക്കുകയും കുടിശിക ഇല്ലാതെ തുടരുന്ന അംഗം മരിക്കുകയും ചെയ്താൽ അംഗത്തിന്റെ കുടുംബത്തിന് കുടുംബ പെൻഷൻ ലഭിക്കും. അർഹതപ്പെട്ടവർക്ക് അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹധന സഹായം, വിദ്യാഭ്യാസ ധനസഹായം, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവയും നൽകും.
സംശയങ്ങൾ മാറ്റാനും കൂടുതല്‍ വിവരങ്ങള്‍ക്കും കർഷക ക്ഷേമനിധി ബോർഡിന്റെ തൃശൂരുള്ള ഹെഡ് ഓഫിസിൽ അന്വേഷിക്കാം. ഫോൺ നമ്പർ 0487 2320500 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ).
പുതിയ രജിസ്ട്രേഷനായി ഈ ലിങ്കിലൂടെ അകത്തുകടന്ന് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിവരങ്ങള്‍ നല്‍കുക.