ജില്ലാതല ജന്തുക്ഷേമ പുരസ്കാര വിതരണവും സെമിനാറും പത്തനംതിട്ട നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല ജന്തുക്ഷേമ പുരസ്കാരം ക്ഷീരകര്‍ഷകയായ അന്നമ്മ പുന്നൂസിന് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുന്നത്. മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജന്തുക്ഷേമ പുരസ്കാരം ജില്ലാതലത്തില്‍ നല്‍കിവരുന്നത്. ഒന്‍പത് കറവപ്പശുക്കളെയും കിടാരികളെയും വളര്‍ത്തിയാണ് അന്നമ്മയും കാഴ്ചപരിമിതരായ ഭര്‍ത്താവ് പുന്നൂസും, മക്കളായ ജോമോളും, ജോമോനും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തുന്നത്. മുട്ടക്കോഴി വളര്‍ത്തലും തീറ്റപ്പുല്‍ കൃഷിയും ഇവര്‍ക്കുണ്ട്. കാഴ്ചപരിമിതി എന്ന കുറവിനെ സധൈര്യം നേരിട്ട് തങ്ങളുടെ കഴിവും അര്‍പ്പണ ബോധവും കൊണ്ട് മൃഗപരിപാലനവും അതുവഴി മൃഗക്ഷേമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്ന അന്നമ്മ പുന്നൂസ് എന്ന വ്യക്തി പ്രത്യേക പരിഗണന അര്‍ഹിക്കുന്നു എന്ന വിലയിരുത്തലോടെയാണ് ഇവരെ പുരസ്കാരത്തിന് അവാര്‍ഡ് കമ്മറ്റി തെരഞ്ഞെടുത്തത്.