Menu Close

കതിര്‍ വന്നതറിഞ്ഞോ? ഇനി കേരളകര്‍ഷകരുടെ ആജീവാനന്തസുഹൃത്ത്. വിട്ടുകളയരുത്

കാര്‍ഷികമേഖലയില്‍ പുതിയ സ്മാര്‍ട്ട് കാലഘട്ടം തുറക്കുകയാണ് കൃഷിവകുപ്പ് പുറത്തിറക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) എന്ന ആപ്. കർഷകർക്കുള്ള എല്ലാ സേവനവും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോർട്ടലാണിത്. ഈ ചിങ്ങം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കിയ ‘കതിർ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
കർഷകർക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കാനും കൃഷിയുദ്യോഗസ്ഥർക്ക് കൂടുതൽ സമയം കൃഷിയിടത്തിൽ ചിലവഴിക്കാനും ഈ സോഫ്റ്റ്വെയർ സഹായകരമാകും. വെബ്പോർട്ടലായും മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്വെയറിലെ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവ നേടാനും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ സൗകര്യമുണ്ടായിരിക്കും.
കാർഷികപദ്ധതികൾക്കുള്ള അപേക്ഷ, മണ്ണുപരിശോധന, കീടരോഗ നിയന്ത്രണ മാർഗനിർദേശങ്ങൾ, വിപണനം, കാർഷികയന്ത്രങ്ങളുടെ സേവനം, കാലാവസ്ഥാമുന്നറിയിപ്പുകൾ തുടങ്ങി കർഷകർക്ക് കൃഷിയിടത്തിൽനിന്നുതന്നെ വിവിധ സേവനങ്ങൾ ആപ്പിലൂടെ ആവശ്യപ്പെടാം. ഇത് മൂന്നുഘട്ടങ്ങളായാണ് പൂർണസജ്ജമാകുന്നത്. ആദ്യഘട്ടത്തിൽ ലഭിക്കുന്ന സേവനങ്ങൾ താഴെപ്പറയുന്നവയാണ്.

കാലാവസ്ഥാ വിവരങ്ങൾ
കർഷകരുടെ വിവരശേഖരണത്തിനുശേഷം ഓരോ കർഷകരുടെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാനിർദേശങ്ങളും രോഗകീട നിയന്ത്രണ നിർദേശങ്ങളും നൽകുന്നു.

മണ്ണുപരിശോധന
സ്വയം മണ്ണുസാംപിൾ ശേഖരിക്കാനും സാംപിൾവിവരങ്ങൾ പോർട്ടലിലേക്ക് നൽകുവാനും ആപിലൂടെ കര്‍ഷകര്‍ക്കു സാധിക്കും. ആവശ്യമെങ്കിൽ മണ്ണുസാംപിൾ ശേഖരിക്കുന്നതിനായി കൃഷിയുദ്യോഗസ്ഥർക്ക് വിവരംനൽകാനും കഴിയും. കൃഷിയിടത്തിലെ മണ്ണിന്റെ നിലവിലെ പോഷകനില സംബന്ധിച്ച വിവരങ്ങൾ കർഷകന് നൽകുന്നു.

പ്ലാൻറ് ഡോക്ടർ സംവിധാനം
കീടങ്ങളും രോഗങ്ങളും സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. കർഷകർക്ക് ചിത്രങ്ങളെടുത്ത് കൃഷിയോഫീസർക്കു അയക്കുന്നതിനുള്ള സംവിധാനങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്.

കാർഷികപദ്ധതി വിവരങ്ങൾ
കേരളസർക്കാരിന്റെ കാർഷികപദ്ധതികളിലെ ആനുകൂല്യങ്ങൾനേടുന്നതിനുള്ള ഒറ്റക്ലിക്ക് അപേക്ഷാസംവിധാനവും ആപിലുണ്ട്.

കൃഷിഭൂമിസംബന്ധമായ വിവരങ്ങൾ
കൃഷിഭൂമിസംബന്ധിച്ച വിശദാംശങ്ങൾ പോർട്ടലിൽനിന്നു ലഭിക്കും. റവന്യൂവകുപ്പിൻറെ കൈവശമുള്ള ഭൂമിസംബന്ധിച്ച രേഖകളും സർവേവകുപ്പിന്റെ ഭൂരേഖസംബന്ധിച്ച വിവരങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കേന്ദ്രീകൃതവിവരശേഖരമായി കതിർ പോർട്ടലിൽ ലഭ്യമാക്കും. കർഷകർക്ക് വിവിധ പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ അപേക്ഷയോടൊപ്പവും ഭൂമിസംബന്ധിച്ച രേഖകൾ സമർപ്പിക്കേണ്ടതില്ല.

കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉത്പാദനോപാധികളുടെ ലഭ്യത, കാർഷികയന്ത്രങ്ങളുടെയും മാനവവിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണതോതിൽ കർഷകരിലേക്കെത്തിക്കൽ, വിപണി-വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ രണ്ടാംഘട്ടത്തിലും വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിനുള്ള നഷ്ടപരിഹാരം, കർഷകരുടെ ഗുണനിലവാരുള്ള ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാംഘട്ടത്തിലും കതിർ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി കർഷകരിലെത്തിക്കും.
മൂന്നുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ കേരളകര്‍ഷകരുടെ നിരവധി പ്രശ്നങ്ങള്‍ക്കു പരിഹാരമായി കതിര്‍ ആപ് മാറും. കതിര്‍ ആപിന്റെ ആദ്യഘട്ടത്തിലുണ്ടാകുന്ന പ്രധാന വെല്ലുവിളികള്‍ അതില്‍ ഉണ്ടായേക്കാവുന്ന പ്രാരംഭത്തകരാറുകളും(ബഗ്) കര്‍ഷകര്‍ക്കുണ്ടാകാവുന്ന പരിചയമില്ലായ്മയുമാണ്. ഇതുമൂലം കര്‍ഷകരുടെ ഭാഗത്തും ആപിന്റെ ഭാഗത്തും പ്രതിബന്ധങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ആ സമയം മടിച്ചു പിന്മാറുകയോ ആപിനെ വിമര്‍ശിക്കുകയോ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നിരന്തരം ഉപയോഗിക്കുക. ആപ് പരിചിതമാകുന്നതോടെ കുറേക്കൂടി അനായാസം ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ക്കാവും. അതുപോലെതന്നെ നിലവിലുള്ള പലതരം പരിമിതികള്‍ മനസിലാക്കി തിരുത്തുവാന്‍ ആപിനും കഴിയും. നമ്മള്‍ വളരെ അനായാസം ഉപയോഗിക്കുന്ന വാട്സാപ് തുടക്കത്തില്‍ എത്രയോ പ്രതിസന്ധികളിലൂടെ കടന്നാണ് ഇന്നത്തെ നിലയിലെത്തിയതെന്നോര്‍ക്കുക. തുടക്കത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് വന്നതോടെ വാട്സാപ് ഉപേക്ഷിച്ചവര്‍ക്ക് അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമായില്ല. ആയതിനാല്‍ കതിര്‍ ആപ് നിരന്തരം ഉപയോഗിക്കുകയും നിങ്ങള്‍ക്കനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ കൃഷിവകുപ്പിനെയോ കൃഷിഭവനെയോ അപ്പപ്പോള്‍ അറിയിക്കുകയും ചെയ്യുക. കേരളത്തിലെ കൃഷിയില്‍ നിര്‍ണ്ണായകമാറ്റം കൊണ്ടുവരുന്ന ഒരു പ്രക്രിയയിലാണ് നിങ്ങള്‍ ഇടപെടുന്നതെന്ന അഭിമാനത്തോടെ ഉപയോഗിക്കുക.
കതിര്‍ ആപ്പ് പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം.