ക്ഷീര കര്‍ഷകരുടെ ജോലി എളുപ്പമാക്കുന്ന നൂതന യന്ത്രങ്ങള്‍, പലതരം കാലിത്തീറ്റകള്‍, വേറിട്ട രുചികള്‍ നിറഞ്ഞ പാല് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പുത്തന്‍ ആശയങ്ങളും അറിവും പകര്‍ന്ന് ജില്ലാ ക്ഷീരസംഗമത്തിന്റെ ക്ഷീര പ്രദര്‍ശന മേള പിലാത്തറയില്‍. പശുക്കള്‍ക്ക് പോഷക മൂല്യമുള്ള എത്ര തരം ഭക്ഷണം നല്‍കാമെന്ന സംശയത്തിന് പരിഹാരമായി തെന, മണിചോളം, ഗോതമ്പ്, വന്‍പയര്‍ തുടങ്ങി 20 തരം വേറിട്ട തീറ്റകള്‍ നല്‍കാമെന്ന് ഇവിടെ പരിചയപ്പെടുത്തുന്നു. പനീര്‍, പേട, ബര്‍ഫി, പാല്‍പ്പൊടി, ബട്ടര്‍ തുടങ്ങി 17 തരം പാല് ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 25 സെക്കന്റില്‍ പാലിന്റെ ഗുണനിലവാരം മനസിലാക്കാനാകുന്ന അതിനൂതന യന്ത്രമായിരുന്നു മറ്റൊരു ആകര്‍ഷണം. കൊഴുപ്പ്, വെള്ളത്തിന്റെ അളവ്, ഗുണമേന്മ, ഉപ്പിന്റെ അംശം തുടങ്ങി എട്ട് തരം കാര്യങ്ങള്‍ അറിയാമെന്നും മറ്റ് യന്ത്രങ്ങളില്‍ നാല് കാര്യങ്ങള്‍ മാത്രമെ അറിയാനാകൂവെന്നും ഇത് നിര്‍മ്മിച്ച പൂര്‍ണ്ണശ്രീ കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ചാണകവെള്ളം കുഴിയില്‍ നിന്ന് പൈപ്പ് വഴി പുറത്തേക്ക് എത്തിക്കാനുള്ള സ്ലറി പമ്പ്, വെണ്ണ വേര്‍തിരിക്കുന്ന ക്രീം സെപ്പറേറ്റര്‍ എന്നിവയെക്കുറിച്ച് അറിയാന്‍ നിരവധി കര്‍ഷകരാണ് സ്റ്റാളിലെത്തിയത്. കൂടാതെ പാലക്കാടന്‍ കരിപ്പെട്ടി, വിവിധ തരം കാലിത്തീറ്റകള്‍, പാല് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന മില്‍ക്ക് ബൂസ്റ്റര്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.