Menu Close

ക്ഷീര വികസന വകുപ്പ്: പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 ജൂണ്‍ മാസം 27-ാം തീയതി മുതല്‍ ജൂലായ് മാസം 20 വരെ ക്ഷീര വികസന വകുപ്പിന്‍റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഡയറി ഫാമുകളുടെ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും, കയര്‍ മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, കൂടാതെ യുവജനങ്ങള്‍ക്കായി പത്തു പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി, മില്‍ക്കിങ് മെഷീന്‍ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിര്‍മ്മാണ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികള്‍ക്കും ഡയറി ഫാമിന്‍റെ ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ക്കും ksheerasree.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.