Menu Close

വടക്കൻ കേരളത്തിലെ ഈന്തുകളിൽ ശല്‍ക്കക്കീടാക്രമണം

ഈന്ത് അറിയാമോ? വടക്കൻകേരളത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്നൊരു പ്രാദേശിക സസ്യമാണ് ഈന്ത്. ഇവയില്‍ അടുത്തിടെയായി ഔലാകാസ്പിസ് മഡിയുനെൻസിസ് എന്ന ശല്‍ക്കക്കീടത്തിന്റെ ആക്രമണം രൂക്ഷമാകുന്നു. ഇവ പാരിസ്ഥിതികപ്രാധാന്യമുള്ള ഈന്തുകൾക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണ്. വെള്ളനിറത്തിലും (ആൺ) ചാരനിറത്തിലും (പെൺ) കാണപ്പെടുന്ന ഈ ശല്ക്കകീടങ്ങൾ തുടക്കത്തിൽ ഓലയുടെ ഇരുവശത്തും തണ്ടിലുമാണ് കാണപ്പെടുന്നത്. പിന്നീട് അവ പെറ്റുപെരുകി പൂങ്കുലയിലേക്കും കായ്‌കളുടെ പ്രതലത്തിലേക്കും പടർന്നുപിടിക്കുന്നു. രൂക്ഷമായ സാഹചര്യത്തിൽ കീടങ്ങൾ പനയുടെ തടിയിൽ കൂടിയിരുന്ന് മരത്തിനെ മുഴുവനായി മൂടുന്ന തരത്തിൽ കാണപ്പെടുന്നു. ചെടിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നീരൂറ്റിക്കുടിക്കുന്നതിന്റെ ഫലമായി ഓലകളും കായ്കളും ഉണങ്ങിപ്പോകുന്നു. തീവ്രമായ ആക്രമണമുണ്ടാവുന്നതോടെ മരങ്ങൾ പൂർണമായി ഉണങ്ങിനശിക്കുന്നു. മിക്കപ്പോഴും ഈ ലക്ഷണങ്ങൾ രോഗാണു ബാധ മൂലമാണെന്നു തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാൽ സൂക്ഷ്മപരിശോധനയിൽ, ഈന്തുകളുടെ ഇലകൾ, ഇലഞെട്ട്, തണ്ട്, കായകളുടെ പ്രതലം എന്നിവ ശല്ക്കകീടങ്ങളാൽ പൊതിഞ്ഞതായി കാണാൻ കഴിയും.

നിയന്ത്രണ മാർഗ്ഗങ്ങൾ:

തീവ്രമായി കീടബാധയുള്ള ഈന്തുകളിൽ ശല്ക്കകീടങ്ങൾ മൂടിയിരിക്കുന്ന തണ്ടുകൾ, ഓലകൾ എന്നിവ മുറിച്ചുമാറ്റി കത്തിച്ചു കളയേണ്ടതാണ്. ശല്ക്കകീടങ്ങൾ വളരുന്നതിനോടൊപ്പം മെഴുകാവരണം രൂപപ്പെടുന്നതിനാൽ, മുട്ടവിരിഞ്ഞ് ആദ്യഘട്ട കുഞ്ഞുങ്ങൾ പുറത്തിറങ്ങുമ്പോഴാണ് ഇവയെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുക.

വേപ്പെണ്ണ എമൽഷൻ (2%) അല്ലെങ്കിൽ അസാഡിറാക്റ്റിൻ 0.5% (ലിറ്ററിന് 5 മില്ലി) അല്ലെങ്കിൽ അസാഡിറാക്റ്റിൻ 1% (ലിറ്ററിന് 3 മില്ലി) അല്ലെങ്കിൽ ഹോർട്ടികൾച്ചറൽ മിനറൽ ഓയിൽ (2.5%) എന്നിവ തളിച്ച് ഇവയെ നിയന്ത്രിക്കാം. പൂന്തോട്ടങ്ങളിലും നഴ്‌സറികളിലും ഈ കീടങ്ങൾ കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഇടയ്ക്കിടെ ഈന്തുപനകൾ പരിശോധിക്കാനും ആക്രമണത്തിൻ്റെ പ്രാരംഭഘട്ടത്തിൽ തന്നെ ആവശ്യമായ നിയന്ത്രണ

നടപടികൾ സ്വീകരിക്കാനും തൊഴിലാളികൾക്ക് നിർദ്ദേശം നൽകണം.

ഈന്തിന്റെ വിശേഷങ്ങള്‍

പ്രത്യേക പരിചരണമൊന്നുമില്ലാതെ വടക്കന്‍ കേരളത്തില്‍ പലയിടത്തും വളര്‍ന്നുനില്‍ക്കുന്നതായിക്കാണുന്ന ഒറ്റത്തടിമരമാണ് ഈന്തുകള്‍ (സൈക്കസ് സിർസിനാലിസ്). ദിനോസറിന്റെ കാലം മുതല്‍ നിലനില്ക്കുന്ന, പലതരം പ്രതികൂലാവസ്ഥകളെ അതിജീവിച്ച സസ്യവര്‍ഗമായാണ് ശാസ്ത്രജ്ഞര്‍ ഈ മരത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈന്തുകള്‍ ഇന്ന് വംശനാശഭീഷണിയിലാണ്. കുറേനാള്‍മുമ്പുവരെ ഗ്രാമീണജനതയുടെ പട്ടിണി മാറ്റിയിരുന്നതില്‍ ഈന്തിന് വലിയൊരുപങ്കുണ്ട്. രുചികരമായ പലവിധത്തിലുമുള്ള പലഹാരങ്ങളും മറ്റു വിഭവങ്ങളും ഈന്തുകൊണ്ടുണ്ടാക്കാം. പുട്ട്, പത്തിരി, ചപ്പാത്തി, ദോശ, ഈന്തിമ്പുടി, ഹലുവ തുടങ്ങിയ വിഭവങ്ങള്‍ ഈന്തിന്‍പൊടി ഉപയോഗിച്ച് തയ്യാറാക്കുന്നുണ്ട്. ഈന്തുപരിപ്പ് കടകളില്‍ വാങ്ങാന്‍കിട്ടും.