ശരിയായ പരിചരണം കൊണ്ട് മാത്രം നാളികേരോല്‌പാദനം വർദ്ധിപ്പിക്കാൻ സാധിക്കും. ജൈവവളങ്ങളും രാസവളങ്ങളും ശുപാർശയ്ക്കനുസരിച്ച് കൃത്യ സമയത്ത് ചേർക്കണം. തെങ്ങിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള മൂലകമാണ് പൊട്ടാഷ്, കട്ടി കൂടിയ കാമ്പ്, കൂടുതൽ കൊപ്ര, കൂടുതൽ മച്ചിങ്ങ പിടിത്തം, രോഗപ്രതിരോധശേഷി, വരൾച്ചയെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയ്ക്ക് പൊട്ടാഷ് ആവശ്യമാണ്. മഴ തുടരുന്നതു കൊണ്ട് വളം ഈ സമയത്ത് ചേർത്തു കൊടുക്കാം. എന്നിരുന്നാലും ശക്തമായി മഴ തുടരുന്ന സ്ഥലങ്ങളിൽ വളം ഒലിച്ചുപോകാൻ സാധ്യതയുള്ളതിനാൽ വളപ്രയോഗം മഴ കുറയുന്ന സമയത്ത് ചെയ്യുന്നതാണ് അഭികാമ്യം. സങ്കരയിനങ്ങൾക്കും ഉല്പാദനശേഷിയുള്ള മറ്റിനങ്ങൾക്കും 370 ഗ്രാം യൂറിയ, 530 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 670 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളം ആവശ്യമാണ്. ചെന്നീരൊലിപ്പ് തടയുന്നതിന് തെങ്ങിന് 5 കി.ഗ്രാം വീതം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്. രോഗം ബാധിച്ച തെങ്ങിൽ, കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി അവിടെ ബോർഡോ കുഴമ്പ് തേയ്ക്കണം. ട്രൈക്കോഡെർമ ഒരു കിലോഗ്രാം, 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയുമായി ചേർത്ത് തെങ്ങിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് രോഗ നിയന്ത്രണത്തിന് സഹായിക്കും.
നാളികേര വിളയ്ക്ക് മഴക്കാല പരിചരണ മാർഗങ്ങൾ
