അടുത്ത വര്‍ഷത്തെ ഓണം കൂടാന്‍ കടം വാങ്ങണ്ട, കാണവും വില്‍ക്കണ്ട. കാശ്, പണം, തുട്ട്, മണി,മണി.. കൈയില്‍വരും. ഇപ്പോള്‍, വാട്സാപ് നോക്കിയിരിക്കുന്ന നേരം മതി. ഒന്നു ശ്രമിക്കുന്നോ?
2025ലെ തിരുവോണം സെപ്റ്റംബർമാസം ഏഴാം തീയതി ഞായറാഴ്ചയാണ്. ഒരു മൂന്നാം തീയതിയാകുമ്പോഴേക്ക് കൃഷിവകുപ്പിന്റെ ഓണച്ചന്ത തുടങ്ങിയേക്കും. അതോടെ വിപണിയില്‍ ഏത്തക്കുലയ്ക്ക് മെച്ചപ്പെട്ട വിലയെത്തും. അപ്പോള്‍ വിപണിയില്‍ വില്‍ക്കാന്‍ നിങ്ങള്‍ക്കും കുറച്ച് ഏത്തക്കുലയുണ്ടെങ്കില്‍ ഓണത്തിന് ആറാടാം.
നൂറ് കണക്കിന് വാഴയൊന്നും വയ്ക്കേണ്ട. ഒരു പത്തെണ്ണംമതി. ഇപ്പോള്‍ വാഴ വച്ചാല്‍ ഓണത്തിനു പണം. നല്ല വെയിലും നീർവാർച്ചയും കിട്ടുന്ന ഇടം നോക്കി വയ്ക്കണമെന്നേയുള്ളൂ. കണ്ണടച്ചോണ്ട് മിനിമം ഒരു അയ്യായിരം രൂപ കൈയില്‍വരും. അതിനുള്ള ടെക്നോളജിയാണ് ഇത്തവണ കൃഷിഗുരു മൊഴിയാന്‍ പോകുന്നത്. കേട്ടോളീന്‍.
സാധാരണ വാഴ നടുന്നതെങ്ങനെയാണ്? തള്ളവാഴയുടെ ചുവട്ടിലുള്ള കന്നുകൾ പിരിച്ചുമാറ്റി, അപ്പുറത്ത് മറ്റൊരു കുഴിയെടുത്ത്, അന്നുതന്നെ, നേരിട്ട് നടുകയാണ് പതിവ്. പിന്നീട് പുതിയ ഇലകൾ വന്നതിനു ശേഷമായിരിക്കും വളപ്രയോഗവും മറ്റും. അതുകൊണ്ടാണ് വാഴക്കന്ന് പിരിച്ചു മാറ്റി ‘അന്നു (തന്നെ ) വയ്ക്കണം’ എന്ന് പറയുന്നത്.
എന്നാൽ, ഏത്തവാഴ (നേന്ത്രവാഴ) യുടെ കാര്യത്തില്‍ ഇങ്ങനല്ല. ഏത്തവാഴക്കന്നിനെ ‘കൊന്നുവയ്ക്കാ’നാണ് കാരണവന്മാര്‍തൊട്ടേയുള്ള കല്പന. അതായത്, വാഴക്കന്നിന്റെ വേരൊക്കെ നീക്കം ചെയ്ത്, തൊലി നൈസായി ചെത്തി, ചാണകപ്പാലിൽ (diluted fresh cowdung slurry) മുക്കി, വെയിലത്തുണക്കി നടണം. ഇതാണ് ‘കൊന്നുവയ്ക്കണം’ എന്ന് പറഞ്ഞതിന്റെ പൊരുൾ. കന്നിനെ കൊന്നുവയ്ക്കുന്നതു കൊണ്ട് കുറെ ഗുണങ്ങളുണ്ട്.
വാഴയ്ക്കുണ്ടാകുന്ന ഗുരുതരമായ അഞ്ച് ആരോഗ്യപ്രശ്നങ്ങളെങ്കിലും കന്ന് (sucker) വഴി വരുന്നവയാണ്.
- മാണവണ്ട് /മാണപ്പുഴു (Rhizome Weevil)
- കൊക്കാൻ രോഗം /മാഹാളി /പോള ചുവപ്പൻ രോഗം (Banana Bract Mosaic Virus)
- കുറുനാമ്പ് രോഗം(Bunchy Top disease )
- പനാമ വാട്ടം (Panama wilt )
- നിമാവിര ശല്യം (Nematodes ).
ഇതിൽ ആദ്യത്തേത് കീടവും രണ്ടും മൂന്നും വൈറസ് രോഗവും നാലാമത്തേത് കുമിൾ രോഗവുമാണ്. അഞ്ചാമത്തേത് വാഴയുടെ വേരിൽ നീളത്തിൽ കീറലുണ്ടാക്കി വേര് ചീഞ്ഞുപോകാൻ കാരണമാകുന്ന മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ഒരു വിരയാണ്.
കൊന്നുവച്ചതുകൊണ്ട് വൈറസ് ബാധ പോകുമെന്ന് ആരും കരുതേണ്ട. വരാനുള്ളത് ഓട്ടോറിക്ഷ പിടിച്ചാണെങ്കിലും വരും. രോഗമില്ലാത്ത തോട്ടങ്ങളിൽനിന്ന് കന്നെടുക്കുക മാത്രമേ പോംവഴിയുള്ളൂ. തുടർച്ചയായി വാഴക്കൃഷി മാത്രം ചെയ്തു കൊണ്ടിരിക്കുന്ന മണ്ണിൽ മാണവണ്ടും നിമാവിരശല്യവും കലശ്ശലായിരിക്കും. പോയ സീസണിലെ തടയുടെയും മാണത്തിന്റെയും അവശിഷ്ടങ്ങൾ ശരിയായി മറവ് ചെയ്തില്ലെങ്കിൽ കുറച്ച് വാഴകളുടെ ശൈശവ മരണങ്ങൾ (Juvenile Mortality ) കാണേണ്ടി വരും. അതുകൊണ്ടാണ് വിളപരിക്രമം (Crop rotation ) വേണം എന്ന് പറയുന്നത്. ആയതിനാൽ താഴെപ്പറയുന്ന രീതിയിൽ ഏത്തവാഴക്കന്നിനെ ‘കൊന്ന്’ വയ്ക്കുക. - കഴിയുമെങ്കിൽ ഒഴുകുന്ന വെള്ളത്തിൽ കുറച്ച് നേരം കന്നുകൾ മുക്കിയിട്ട് കന്നിൽ പറ്റിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യണം. അതിലൂടെ മാണവണ്ടിന്റെ മുട്ടയും നിമാവിരയുടെ കുഞ്ഞുങ്ങളും (Juveniles ) ഒരു പരിധി വരെ നീക്കം ചെയ്യപ്പെടും.
- ആപ്പിളിന്റെ തൊലി ചെത്തുന്നത് പോലെ, നൈസ് ആയി കന്നിന്റെ തൊലി ചെത്തിക്കളയുന്നതും നിമാവിരകളുടെ എണ്ണം കുറയ്ക്കും.
3.തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ 20 സെക്കന്റ് നേരം മുക്കി വാഴക്കന്നിനെ ‘കൊല്ലുന്നതും ‘ കീടബാധ കുറയ്ക്കും. - അതിനുശേഷം, കന്ന് ചാണകപ്പാലിൽ മുക്കി, നാലുദിവസം വെയിലത്തുണക്കി ‘കൊല്ലുന്നതും ‘ കീടബാധ കുറയ്ക്കും. മുളക്കരുത്ത് കൂട്ടും.
അങ്ങനെ, കന്ന് പരുവപ്പെടുന്നതിനിടയ്ക്ക് നമുക്ക് വേറൊരു പണി ചെയ്യാനുണ്ട്. വാഴ നടാനുള്ള കുഴി കുത്തണം. അരമീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികളാണ് വേണ്ടത്. കുഴിയെടുത്തശേഷം മേൽമണ്ണ് തിരികെ കുഴിയിലിട്ട്, കാൽകിലോ കുമ്മായം കൂടിച്ചേർത്ത് അറഞ്ചം പുറഞ്ചം ഇളക്കിയിടണം. പതിനഞ്ച് ദിവസം അങ്ങനെകിടക്കട്ടെ. അതിനു ശേഷം, ‘ചത്ത കന്നിനെ’ എടുത്ത് കുഴിയിൽ വച്ച് ചുറ്റും 10 കിലോ അഴുകിപ്പൊടിഞ്ഞ കാലിവളം, 100 ഗ്രാം എല്ലുപൊടി, കാൽ കിലോ പൊടിച്ച വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ചവിട്ടിയുറപ്പിച്ച്, കരിയിലകൾ ഇട്ട് മണ്ടഭാഗം പുറത്ത് കാണത്തക്ക വിധം നട്ടുവയ്ക്കുക.
ഇനി, കുറച്ച് വിശ്രമിക്കാം. എങ്കിലും ദിവസവും വാഴത്തോട്ടത്തിലൂടെ ഒന്നു സവാരി ചെയ്യാന്‍ സമയം മാറ്റിവയ്ക്കണം, കേട്ടോ. അത് നിങ്ങള്‍ക്കും വാഴക്കുഞ്ഞുങ്ങള്‍ക്കും സന്തോഷമായിരിക്കും. ഇലകൾ വരാൻ തുടങ്ങിയാൽ, നാലിലയ്ക്ക് ഒരു മേൽ വളം എന്ന രീതിയിൽ വളം ചേര്‍ക്കണം. അങ്ങനെ കുലയ്ക്കുന്നതിന് മുൻപ് അഞ്ചുതവണ വളമിടാം. കുലച്ച് കൂമ്പൊടിച്ചതിന് ശേഷം ഒരു വളവും കൂടി ചെയ്യുക.
ഓരോ മേൽവളപ്രയോഗത്തിനും രണ്ടാഴ്ച മുൻപ് 100 ഗ്രാം വീതം കുമ്മായം /ഡോളമൈറ്റ് വളമിടാൻ പോകുന്ന ഭാഗത്ത് വിതറിക്കൊടുക്കണം. ഇത് വളം യഥാവിധി വലിച്ചെടുക്കാൻ വാഴയെ സഹായിക്കും.
പതിവായി വാഴ നനയ്ക്കാന്‍ മറന്നുപോകരുത്.
ഇത്രയേ ഉള്ളൂ സര്‍, വാഴക്കൃഷി. അല്ലാതെ മല മറിക്കുന്ന പണിയൊന്നുമില്ല.
“ഓരോ വീട്ടിലും അടുത്ത ഓണത്തിന് പത്ത് എത്തക്കുല” എന്ന ശ്ലോഗൻ നമുക്ക് മുഴക്കാം. അടുത്ത ഓണത്തെ നമുക്ക് പാട്ടുപാടി വരവേല്‍ക്കാം.
കാശ്, പണം. തുട്ട്, മണി, മണി…
അപ്പോള്‍ കുഴി കുത്തുകയല്ലേ, കന്നിനെ കൊല്ലുകയല്ലേ? നവംബർ പകുതിയോടെ കന്നുകൾ കുഴിയിലേക്ക് പോരട്ടെ.
എല്ലാവര്‍ക്കും വാഴക്കൃഷി ആശംസകള്‍.