Menu Close

‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിന്‍ ഒരുങ്ങുന്നു

തെങ്ങിന്‍തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ”തെങ്ങിന് തടം മണ്ണിന് ജലം” ക്യാമ്പയിന്‍ ഒരുങ്ങുന്നു. മഴവെള്ളം ഒഴുകിപ്പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജലനിരപ്പ് ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കുമ്പളേരി, മാനന്തവാടി ബ്ലോക്കില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എടയൂര്‍കുന്ന്, കല്‍പ്പറ്റ ബ്ലോക്കില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ എന്നിവയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത വാര്‍ഡുകള്‍. തുലാവര്‍ഷത്തിലും വേനല്‍മഴയിലും ലഭിക്കുന്ന വെള്ളം സംരക്ഷിക്കുന്ന രീതിയിലാണ് ക്യാമ്പയിന്‍. തടമെടുക്കുന്നതിനോടൊപ്പം പുതയിടുന്നതിലൂടെ വേനല്‍ക്കാലത്തും മണ്ണിന്റെ ഈര്‍പ്പം നിലനില്‍ക്കുന്നു. കൂടാതെ മണ്ണൊലിപ്പ് തടയുന്നതുകൊണ്ട് മേല്‍മണ്ണ് ഒലിച്ചുപോകാതെ വരികയും മണ്ണിന്റെ ഫലഭൂയിഷ്ടത നിലനില്‍ക്കുകയും ചെയ്യും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, കൃഷിഭവന്‍, കര്‍ഷക സംഘടനകള്‍, യുവജനസംഘടനകള്‍, കാര്‍ഷിക കര്‍മസേന, റെസിഡന്‍സ് അസോസിയേഷനുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ തുടങ്ങിയവരുടെ സഹകരണത്തോടെ ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും.