വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ നെല്‍ച്ചെടിയുടെ തണ്ടുതുരന്ന് ഉള്ളിലെ കോശങ്ങള്‍ തിന്നുതീര്‍ക്കുകയും ചെയ്യും.. നെല്ലിന്റെ ചിനപ്പുപൊട്ടുന്ന ഘട്ടത്തില്‍ തണ്ടുതുരപ്പന്‍ ആക്രമിച്ചാല്‍ നാമ്പോല വാടിപ്പോവുകയും നടുനാമ്പുവാട്ടം ഉണ്ടാവുകയും ചെയ്യും. കതിരുവരുന്ന ഘട്ടത്തിലാണ് ആക്രമിക്കുന്നതെങ്കില്‍ കതിരിലെ നെന്മണികളെല്ലാം പതിരായി മാറി വെണ്‍കതിര്‍ ഉണ്ടാകുന്നു. നെല്ലിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി, ട്രൈക്കോഗ്രമ്മ ജാപോണിക്കത്തിന്റെ മുട്ടക്കാര്‍ഡുകള്‍ ഒരേക്കറിന് 2 CC എന്ന കണക്കില്‍ ഞാറുപറിച്ചുനട്ട് ഒരാഴ്ചക്കുശേഷം സ്ഥാപിക്കുക. (ട്രൈക്കോഗ്രമ്മ മുട്ടകാര്‍ഡ് ഏക്കറിന് 2 കാര്‍ഡ് 20 കഷണം, 5 സെന്റിന് 1 കഷണം). ശലഭത്തെ നെല്‍ച്ചെടിയില്‍ കണ്ടുതുടങ്ങിയാല്‍ കാര്‍ടാപ് ഹൈഡ്രോക്ലോറൈഡ് എന്ന തരിരൂപത്തിലുള്ള കീടനാശിനി ഒരേക്കറിന് 5 കി.ഗ്രാം എന്ന തോതില്‍ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോല്‍ ഒരേക്കറിന് 4 കി.ഗ്രാം എന്നതോതില്‍ അല്ലെങ്കില്‍ ഫിപ്രോനില്‍ 3 ഗ്രാം ഒരേക്കറിന് 6 കി.ഗ്രാം എന്ന തോതില്‍ ഇട്ടുകൊടുക്കുക.