Menu Close

ഇനി വാഴക്കൃഷി ഇരട്ടി ലാഭം.

വാഴയില്‍നിന്ന് നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

വാഴയെന്നാല്‍ പഴുത്ത വാഴപ്പഴം എന്നല്ലാതെ മറ്റൊന്നുചിന്തിക്കാന്‍ ഈ അടുത്തകാലം വരെ നാം തയ്യാറായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. വാഴയില്‍നിന്ന് ഒട്ടേറെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഇന്ന് കേരളത്തില്‍ ഉണ്ടാക്കുന്നുണ്ട്. വാഴയില്‍നിന്നു ലഭിക്കുന്ന വിവിധതരം അസംസ്കൃതവസ്തുക്കളുടെ നിര്‍മ്മാണവും വിപണനവും വഴി വലിയ സാമ്പത്തികനേട്ടം നേടുവാന്‍കഴിയും എന്നാണ് കാണുന്നത്. കുലയെടുത്ത് വാഴയുടെ മറ്റുഭാഗങ്ങളെല്ലാം ഉപേക്ഷിക്കുന്ന ശീലമാണ് മലയാളിക്കുള്ളത്. അതിനാണ് മാറ്റം വന്നിരിക്കുന്നത്.

വാഴയുടെ ഏതെല്ലാം ഭാഗമാണ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നു ചോദിക്കരുത്. കാരണം ഒരുഭാഗം പോലും വെറുതേ കളയേണ്ടതില്ല എന്നതാണ് വസ്തുത. ഇതുവഴി വാഴക്കൃഷിയെ പതിന്മടങ്ങ് ലാഭത്തിലാക്കാന്‍ കഴിയും. ലോകത്തെവിടെയും കര്‍ഷകര്‍ രക്ഷപെടുന്നത് അവരുടെ ഉല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാണ്. ഒറ്റയ്ക്കോ കൂട്ടായോ മലയാളിക്കര്‍ഷകരും അതിനു ശ്രമിച്ചാലേ മികച്ച വരുമാനം ഉണ്ടാക്കാനാവൂ.

വാഴയില്‍ നിന്നുള്ള വിസ്മയം നിറഞ്ഞ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നീണ്ട പട്ടിക കേരള കാര്‍ഷികസര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കണ്ണാറ വാഴ ഗവേഷണകേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.

എന്തൊക്കെയാണ് വാഴയില്‍ നിന്നുള്ള ആ വൈവിധ്യമുള്ള ഉല്‍പ്പന്നങ്ങള്‍ എന്നു നമുക്ക് പരിചയപ്പെടാം.

പഴുത്ത വാഴപ്പഴം പരമാവധി ഒരാഴ്ചയാണ് ഭക്ഷണയോഗ്യമായിരിക്കുക. അതുകഴിഞ്ഞാല്‍ അഴുകിപ്പോകും. ഇതിന് പരിഹാരം വന്നാല്‍തന്നെ വാഴപ്പഴവിപണി രക്ഷപെട്ടു. പഴുത്ത വാഴപ്പഴത്തില്‍നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാണ് ആദ്യം പറയുന്നത്.

പഴം ഹല്‍വ

വളരെ രുചികരവും ഉണ്ടാക്കാന്‍ എളുപ്പവുമാണ് പഴം ഹല്‍‌വ. പഴം പള്‍പ്പും പഞ്ചസാരയും നെയ്യും ഉരുളിയില്‍ ഇളക്കിയാണ് ഹല്‍വ ഉണ്ടാക്കുന്നത്.

പഴം ടോഫി

ഹൃദ്യമായ മധുരമുള്ള പഴം ടോഫി ലളിതമായി ഉണ്ടാക്കുവാന്‍ കഴിയും. പഴത്തിന്റെ പള്‍പ്പ്, പഞ്ചസാര, സിട്രിക് ആസിഡ്, പാല്‍പ്പൊടി, ഗ്ലൂക്കോസ്, ഉപ്പ് എന്നില ഒരു ബ്ലെന്‍ഡറില്‍ നന്നായി അടിക്കുക. അതിനുശേഷം പരന്ന പാത്രത്തില്‍ കുറുക്കിയെടുത്ത് വെണ്ണ ചേര്‍ത്ത് ഇളക്കിയാല്‍ ടോഫി റെ‍ഡി.

ഫിഗ്

ഉണക്കിയ വാഴപ്പഴമാണ് ഫിഗ്. പാകത്തിന് പഴുത്ത പഴം കഴുകി വൃത്തിയാക്കി തൊലികളഞ്ഞ് മുഴുവനായോ ചെറിയ കഷണങ്ങളായോ ഉണക്കി എടുക്കുന്നതാണ് ഫിഗ്.

പഴം പ്ലംകേക്ക്

വരട്ടിയ പഴം, മുട്ട, നെയ്യ്, പാല്‍, വെണ്ണ, ഏലക്കാപ്പൊടി, എസന്‍സ്, കാരമല്‍ എന്നിവ ചേര്‍ത്ത് മാവ് രൂപത്തിലാക്കി ഓവനില്‍ ബേക്ക് ചെയ്തെടുത്താല്‍ രുചികരമായ പഴം പ്ലംകേക്ക് തയ്യാറായി.

പഴം ജാം

പഴത്തിന്റെ പള്‍പ്പും പഞ്ചസാരയും തുല്യഅളവില്‍ യോജിപ്പിച്ചശേഷം സാവാധാനം അടുപ്പില്‍വച്ച് കുറുക്കിയെടുക്കുന്നതാണ് ജാം. കറുവപ്പട്ടയും ഗ്രാമ്പൂവും ചെറുനാരങ്ങാനീരും ചേര്‍ത്ത് കൂടുതല്‍ രുചികരമാക്കാം.

പഴം ബാര്‍

ഒരു കിലോഗ്രാം കുഴമ്പാക്കിയ പഴത്തില്‍ 150 ഗ്രാം പഞ്ചസാര ചേര്‍ത്ത് എണ്ണമയമുള്ള പാത്രത്തില്‍ ഒഴിച്ച് പരത്തി ഉണക്കിയെടുക്കുന്നതാണ് പഴം ബാര്‍.

പായസം മിക്സ്

ഉരുളി ചൂടാക്കി നെയ്യ ഒഴിച്ച് പഴം കുഴമ്പാക്കിയത്, ശര്‍ക്കരപ്പാനി എന്നിവ ചേര്‍ത്തിളക്കി ഇതിലേക്ക് ഏലക്കാപ്പൊടി ചേര്‍ത്ത് ജലാംശം തീര്‍ത്ത ഇല്ലാത്ത രീതിയില്‍ കട്ടിയാക്കി എടുക്കുക.

വാഴപ്പഴം ലഡു

പഞ്ചസാരപ്പാവില്‍ കായപ്പൊടി ബുന്തിയും ചെറിയ കഷണങ്ങളാക്കിയ വാഴപ്പഴം ഫിഗ്, ഈന്തപ്പഴം, ബദാം, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് ഇളക്കി ഉരുട്ടി എടുക്കുന്നതാണ് വാഴപ്പഴം ലഡു.

വാഴപ്പഴം ജ്യൂസ്

പെക്ടിനേഴ്സ് എന്‍സൈമിന്റെ സഹായത്തോടെ പഴത്തില്‍നിന്ന് ജ്യൂസ് വേര്‍തിരിച്ച് എടുക്കാവുന്നതാണ്.

ജ്യൂസ് ആര്‍ ടി എസ്

15% വാഴപ്പഴം ജ്യൂസി്‍ 10% പഞ്ചസാരയും ബാക്കി തിളിപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് ഒരു ലിറ്റര്‍ പഴം ജ്യൂസ് ആര്‍ടിഎസ് തയ്യാറാക്കാം.

ജ്യൂസ് സോഡ

പഴംജ്യൂസില്‍ പഞ്ചസാര ചേര്‍ത്ത് പാനീയമാക്കി കാര്‍ബണേറ്റ് ചെയ്താണ് ജ്യൂസ് സോഡ തയ്യാറാക്കുന്നത്.

സ്ക്വാഷ്

സ്ക്വാഷില്‍ ചുരുങ്ങിയത് 25% ജ്യൂസും 40% പഞ്ചസാരയും അടങ്ങിയിരിക്കണം.

സിറപ്പ്

സിറപ്പ് തയ്യാറാക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് 65% ആയി ഉയര്‍ത്തണം. സിറപ്പില്‍ 25% ജ്യൂസ് അടങ്ങിയിരിക്കുന്നു. സിറപ്പ നിര്‍മ്മാണരീതി സ്ക്വാഷിന്റേതു പോലെ തന്നെയാണ്.

വാഴപ്പഴം തേന്‍

വാഴപ്പഴം ജ്യൂസില്‍ പഞ്ചസാരയും ഗ്ലൂക്കോസും സിട്രിക് ആസിഡും ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചശേഷം തേന്‍ പരുവമാകുന്നതുവരെ തിളപ്പിക്കുക.

വാഴപ്പഴം വൈന്‍

വാഴപ്പഴങ്ങള്‍ ചെറുതായി നുറുക്കി അതില്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് യീസ്റ്റിന്റെ സഹായത്തോടെ പുളിപ്പിച്ചെടുത്താണ് വൈന്‍ തയ്യാറാക്കുന്നത്.

വാഴപ്പഴം വിനാഗിരി

വൈന്‍ തയ്യാറാക്കിയശേഷം അതില്‍ മദര്‍ വിനീഗര്‍ ചേര്‍ത്ത് വിനാഗിരി (ചൊറുക്ക) ഉണ്ടാക്കാം.

പച്ചക്കായ വിഭവങ്ങള്‍

കായ ഉപ്പേരി

പച്ചക്കായ കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കാം.

മസാല ചിപ്സ്

നീളത്തില്‍ അരിഞ്ഞ കായ വറുത്തെടുത്ത് എണ്ണ വലിഞ്ഞതിനുശേഷം മസാല ചേര്‍ത്ത് സ്വാദിഷ്ഠമായ മാസല ചിപ്സ് തയ്യാറാക്കാം. പൊപൗലു, ഗ്രാന്റ് നൈന്‍ എന്നീ ഇനം വാഴക്കാകളാണ് ഈ ചിപ്സിനു നല്ലത്.

ശര്‍ക്കര വരട്ടി

കനംകൂട്ടി വറുത്തെടുത്ത കായ ഉപ്പേരിയിലേക്ക് ശര്‍ക്കര ലായനിയും പൊടിച്ച ഏലക്ക, ചുക്ക്, പഞ്ചസാര ഇവയും ചേര്‍ത്ത് പുരട്ടിയാണ് ശര്‍ക്കരവരട്ടി തയ്യാറാക്കുന്നത്.

പച്ചക്കായപ്പൊടി

മൂപ്പെത്തിയ കായ തൊലി നീക്കം ചെയ്തശേഷം അരിഞ്ഞ് വെയിലിന്റെയോ ഡ്രയറിന്റെയോ സഹായത്തോടെ ഉണക്കിപ്പൊടിച്ച് കായപ്പൊടി തയ്യാറാക്കാം. കായപ്പൊടി പ്രത്യേകിച്ച് ‘കുന്നന്‍കായപ്പൊടി’ ശിശുആഹാരമായി ഉപയോഗിക്കുന്നു. പൊട്ടാസ്യം, കാല്‍സ്യം എന്നീ മൂലകങ്ങള്‍ ഉയര്‍ന്ന അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കായപ്പൊടി മുതിര്‍ന്നവര്‍ക്കും ഒരു ഉത്തമആഹാരമായി ഉപയോഗപ്പെടുത്താം.

വാഴക്ക ഹെല്‍‌ത്ത് മിക്സ്

കായപ്പൊടി, ചെറുപയര്‍പൊടി, കൂവരക്, ബാര്‍ലി, പഞ്ചസാരം, ഉപ്പ്, ഏലക്കപ്പൊടി, പാല്‍പ്പൊടി, കശുവണ്ടിപ്പരിപ്പ്, ബദാം, ഗോതമ്പ് മുളപ്പിച്ചത്, ഓട്സ് എന്നിവ നന്നായി മിക്സ് ചെയ്ത് ഹെല്‍ത്ത് മിക്സ് തയ്യാറാക്കാം.

വാഴക്കാ കൂക്കീസ്

കായപ്പൊടി, കൊക്കോപ്പൊടി/ കാപ്പിപ്പൊടി, പാല്‍പ്പൊടി, ബേക്കിങ് സോഡ, വെണ്ണ, പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്തതിലേക്ക് പാലും ഉപ്പും എസന്‍സും ചേര്‍ത്ത് മിശ്രിതം കുഴമ്പ് പരുവത്തിലാക്കി ഉരുട്ടിയെടുക്കുക. ഇതു പരത്തി അച്ചുകളുടെ സഹായത്തോടെ അടയാളങ്ങളിട്ട് ഓവനില്‍ ബേക്ക് ചെയ്താല്‍ സ്വാദിഷ്ഠമായ വാഴക്ക കുക്കീസ് ലഭിക്കും.

വാഴക്കാപ്പൊടി മൈസൂര്‍പാവ്

പ‍്ചസാര, പാല്‍ ചേര്‍ത്ത് ലയിപ്പിക്കുക. അതില്‍ വാഴക്കാപ്പൊടി ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി നെയ്യ് ചേര്‍ത്ത്് കുഴമ്പ് പരുവമാകുമ്പോള്‍ നെയ്യ്മയമുള്ള പാത്രത്തിലേക്ക് കട്ടിയില്‍ പരത്തി ചൂട് വിടുമ്പോള്‍ കഷണങ്ങളാക്കുക.

വാഴപ്പിണ്ടി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

മധുരമുള്ള വാഴപ്പിണ്ടി ഇഞ്ചി ജ്യീസ്

ഉണ്ണിപ്പിണ്ടി ചതച്ച് ജ്യൂസ് വേര്‍തിരിച്ചെടുക്കുക. മട്ട് ഊറിയതിനുശേഷം മധുരം വര്‍ദ്ധിപ്പിച്ച് ഇഞ്ചനീര്‍ ചേര്‍ത്ത് മധുരമുള്ള വാഴപ്പിണ്ടി ഇഞ്ചി ജ്യൂസ് തയ്യാറാക്കാം.

ഉണ്ണിപ്പിണ്ടി അച്ചാര്‍

ഉണ്ണിപ്പിണ്ടി വട്ടത്തില്‍ അരിഞ്ഞ് നാര് നീക്കി ചെറിയ കഷണങ്ങളായി ചൂടുള്ള ഉപ്പുവെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കിയിട്ട് ഊറ്റിയെടുക്കാം. ഇവ എണ്ണയില്‍ അല്പം ഉപ്പ് ചേര്‍ത്ത് വഴറ്റി അച്ചാറിടാം.

വാഴപ്പൂവ് (കൂമ്പ്) ഉല്‍പ്പന്നം

വാഴക്കുടപ്പനിലെ പുറംതോടുകള്‍ നീക്കം ചെയ്ത് പൂക്കളും അതിനോടുചേര്‍ന്ന വെള്ളഭാഗവും എടുക്കുക. എന്നിട്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചൂടുള്ള ഉപ്പുവെള്ളത്തില്‍ ഒരു മണിക്കൂര്‍‌ മുക്കിയിടുക. ഊറ്റിയെടുത്ത് എണ്ണയില്‍ വഴറ്റി അച്ചാറിടുക.

വാഴക്കല്ല (വാഴമാങ്ങ) (മാണം) ഉല്‍പ്പന്നങ്ങള്‍

വാഴമാണം അച്ചാര്‍

വാഴക്കല്ല (വാഴമാണം) പുറംതോടും നാരുമെല്ലാം ചെത്തിമാറ്റി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചൂടുള്ള ഉപ്പുവെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കിയിടുക. ഊറ്റിയെടുത്ത് എണ്ണയില്‍ വഴറ്റി അച്ചാറിടുക.

വാഴക്കല്ല ക്വാന്‍ഡി

മധുരം വര്‍ദ്ധിപ്പിച്ച വാഴക്കല്ലക്കഷണങ്ങള്‍ സാവദാനം ഉണക്കിയെടുക്കുന്നതാണ് വാഴക്കല്ല ക്വാന്‍ഡി.