Menu Close

സംസ്ഥാനകാർഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; പുതിയ നാല് അവാര്‍ഡുകള്‍കൂടി

2023-ലെ സംസ്ഥാനതല കർഷകാവാർഡുകൾക്ക് കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിലുള്ളതിനു പുറമെ പുതിയതായി നാലെണ്ണംകൂടി ഉൾപ്പെടുത്തി 41 അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
കാർഷികമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അച്യുതമേനോൻ സ്മാരക അവാർഡ്, മികച്ച ഗവേഷണത്തിന് നൽകുന്ന എം.എസ്.സ്വാമിനാഥൻ അവാർഡ്, അതാതു വർഷങ്ങളിൽ കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതി (2023 മില്ലറ്റ് പദ്ധതി) മികവോടെ നടപ്പാക്കിയ കൃഷിഭവന് നൽകുന്ന അവാർഡ്, കാർഷികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് നൽകുന്ന അവാർഡ് എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന അവാർഡുകൾ.
ഓരോ വിഭാഗത്തിലും മത്സരിക്കുന്നവർ നിശ്ചിതഫോറത്തിൽ ഈ മാസം 25-നുമുമ്പ് കൃഷിഭവനുകളിൽ അപേക്ഷ നൽകണം. കേരളത്തിൽ സ്ഥിരതാമസക്കാരായ പൗരന്മാരാണ് അവാർഡിന് നോമിനേഷൻ സമർപ്പിക്കുന്നതിന് യോഗ്യരായിട്ടുള്ളത്. കഴിഞ്ഞ മൂന്നുവർഷങ്ങളിലെ അവാർഡുജേതാക്കളെ നടപ്പുവർഷത്തെ അവാർഡിന് പരിഗണിക്കുന്നതല്ല. അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിക്കേണ്ട അവസാനതീയതി 2024 ജൂലായ് 25 വൈകിട്ട് അഞ്ചുമണി.
കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. ക്ഷോണിസംരക്ഷണ അവാര്‍ഡിനുള്ള അപേക്ഷകള്‍ അതായത് ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ക്കും കര്‍ഷകഭാരതി അവാര്‍ഡിനുള്ള അപേക്ഷകള്‍ 27.07.2024 നുമുമ്പ് ലഭിക്കത്തക്കവിധം പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കുമാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ keralaagriculture.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.