ഇനി വ്യക്തികൾക്കും വായ്പസഹായം
കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തി പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) പരിഷ്കരിച്ചിരിക്കുന്നു. ഈ ദേശീയപദ്ധതിയിലുണ്ടായ തിരുത്ത് കേരളത്തിന് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടല്‍. കാർഷികമേഖലയിലെ അടിസ്ഥാന സൗകര്യമൊരുക്കാൻ ലഭിക്കുന്ന വായ്പ നേരത്തേ ഈ മേഖലയിൽ ഗ്രൂപ്പ് ഫാമിങ്ങിനു മാത്രമായിരുന്നു സഹായധനം അനുവദനീയം. ഇനി മുതൽ ഇത് വ്യക്തികൾക്കും ലഭിക്കും. കേരളത്തിൽ ഗ്രൂപ്പ്ഫാമിങ്ങിനെക്കാൾ വ്യക്തിഗതകൃഷിയാണ് കൂടുതലെന്നതിനാൽ സ്കീമിലെ ഭേദഗതി ഉപയോഗപ്പെടുത്തി പരമാവധി കർഷകരെ ഉൾപ്പെടുത്താനാണ് സംസ്ഥാന കൃഷിവകുപ്പിന്റെ ശ്രമം. അടുത്ത രണ്ടു സാമ്പത്തിക വർഷം കൂടി മാത്രമേ ഇതിലേക്ക് അപേക്ഷിക്കാനാവൂ.
വെർട്ടിക്കൽ ഫാമിങ്, ഹൈഡ്രോപോണിക്സ്, പോളിഹൗസ്, മഷ്റൂം ഫാമിങ്, എയ്റോപോണിക്സ് എന്നിവയ്ക്കു പശ്ചാത്തല സൗകര്യമൊരുക്കാനാണു കർഷകനു വ്യക്തിപരമായി വായസഹായം ലഭിക്കുക. പദ്ധതിയിൽ സെപ്റ്റംബറിൽ വരുത്തിയ ഭേദഗതിയാണു വ്യക്തികൾക്കും പ്രയോജനകരമാകുന്നത്. ഒരു യൂണിറ്റിനു പദ്ധതിത്തുകയുടെ 90 ശതമാനം അല്ലെങ്കിൽ പരമാവധി 2 കോടി രൂപയാണു പദ്ധതിയിൽ അംഗമായ ബാങ്കുകൾ വഴി വായ്പ ലഭിക്കുക. മൂന്നു ശതമാനം പലിശ സബ്സിഡി ലഭിക്കും. പദ്ധതിയുടെ നോഡൽ ഏജൻസി കേരളത്തിൽ കൃഷിവകുപ്പാണ്.
കാർഷികോൽപന്നങ്ങളുടെ പ്രാഥമിക സംസ്കരണ യൂണിറ്റുകൾ മാത്രമായിരുന്നു നേരത്തേ പദ്ധതിയിലുണ്ടായിരുന്നതെങ്കിൽ, ഇതിനൊപ്പം രണ്ടാഘട്ട സംസ്കരണം കൂടി ഉൾപ്പെടുത്തി ഉദാഹരണത്തിന്, പഴങ്ങൾ കഴുകിയെടുക്കൽ മുതൽ പാക്കിങ് വരെയുള്ള സംസ്കരണമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ഇനി ഇതിനൊപ്പം, ജ്യൂസും പൾപ്പുമുണ്ടാക്കുന്നതും പദ്ധതിയിൽ വരും. വാഴയ്ക്ക പൊടിയാക്കുന്ന സംസ്കരണ യൂണിറ്റിനു നേരത്തേ സഹായധനം ഇല്ലായിരുന്നെങ്കിൽ ഇനി അതു ലഭിക്കും.
2020 ജൂലൈയിൽ ആരംഭിച്ച പദ്ധതി വഴി വായ്പ സഹായം അനുവദിക്കുന്നതു 2025-26 ൽ അവസാനിക്കും. കർഷകഗ്രൂപ്പുകൾക്കും എംഎസ്എംഇകൾക്കും വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണിത്. പരമാവധിപേർക്കു പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ് വ്യക്തിഗത കർഷകനുകൂടി ലഭ്യമാക്കുന്നത്. പദ്ധതിത്തുകയുടെ 10 ശതമാനം അപേക്ഷകൻ മുടക്കണം. 90 ശതമാനം ബാങ്ക് നൽകും. 9 ശതമാനത്തിലധികം പലിശ ബാങ്ക് വാങ്ങാൻ പാടില്ല. ഈ പലിശയുടെ 3 ശതമാനം സബ്സിഡിയായി നാലു മാസത്തിലൊരിക്കൽ കർഷകന്റെ അക്കൗണ്ടിൽ എത്തും. ഇതിനുപുറമേ, മറ്റ് ഏതു കേന്ദ്ര, സംസ്ഥാന പദ്ധതികളുടെയും സബ്സിഡി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താനാകും. പദ്ധതിയെക്കുറിച്ചറിയാൻ കൃഷിഭവനുകളെ സമീപിക്കാം. നബാർഡിൻ്റെ കൺസൽറ്റൻസിയായ നാബ്കോൺസാണു പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്. ജില്ലകളിലുള്ള ഇവരുടെ പ്രതിനിധികൾക്കു കൃഷിഭവനുകളിൽ നിന്നു വിവരം കൈമാറും
എന്താണു പദ്ധതി?
കെട്ടിടം, ശീതീകരണസംഭരണികൾ, സംഭരണകേന്ദ്രങ്ങൾ, സംസ്കരണയൂണിറ്റുകൾ എന്നിവ നിർമിക്കാം. വായ്പ കാലാവധി 2 വർഷ മൊറട്ടോറിയം ഉൾപ്പെടെ 7 വർഷം. സ്വന്തം ഭൂമിയിൽ തുടങ്ങിയാൽ ആ ഭൂമിയുടെ രേഖകൾ നൽകണമെങ്കിലും സ്ഥലത്തിന്റെ മൂല്യം നോക്കിയല്ല വായ്പത്തുക തീരുമാനിക്കുക. രണ്ടുകോടി വരെ വായ്പയ്ക്ക് അധിക കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല. വാടകഭൂമിയിലാണു പദ്ധതി നടപ്പാക്കുന്നതെങ്കിൽ 10 വർഷത്തെ റജിസ്റ്റേഡ് കരാർ നിർബന്ധം.
സ്കീമിൽ അംഗമായ വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, എൻബിഎഫ്സി, എൻസി ഡിസി, കേരള ബാങ്ക് എന്നിവ വായ്പ നൽകും.
ഗുണഭോക്താക്കൾ ആരൊക്കെ?
വ്യക്തികളായ കർഷകരും കർഷകസംഘങ്ങൾ, കാർഷികസംരംഭകർ, സ്റ്റാർട്ടപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, കരിമ്പ്, കൊക്കോ, കാപ്പി, കശുവണ്ടി, മുരിങ്ങ, തേയില, റബർ, ഔഷധവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളകൾ പദ്ധതിയില്‍ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയറി, ഫിഷറീസ്, പൗൾട്രി തുടങ്ങിയ കാർഷികേതര സംരംഭങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല.
AIF വായ്പാ അപേക്ഷാ പ്രക്രിയ
- https://agriinfra.dar.gov.in/ എന്ന പോർട്ടലിലേക്ക് പോകുക
- അപേക്ഷകൻ Beneficiary ഓപ്ഷനിൽ രെജിസ്ട്രേഷൻ ക്ലിക്ക് ചെയ്തതിനുശേഷം OTP നൽകി രജിസ്റ്റർ ചെയ്യുക.
- അപക്ഷകൻ ID & Password ഉപയോഗിച്ച് DPR, മറ്റു വിവരങ്ങളും നൽകി submit ചെയ്യുക
- AIF ടീം അപേക്ഷ പരിശോധിച്ച് വിലയിരുത്തലിനായി ബാങ്ക് ശാഖയിലേക്ക് മാറ്റുന്നു.
- സമർപ്പിച്ച അപേക്ഷകൾ ബാങ്ക് പ്രതിനിധികൾ പരിശോധിക്കുന്നതാണ്
- ബാങ്ക് പരിശോധിച്ചതിനു ശേഷം ക്രെഡിറ്റ് ഗ്യാരണ്ടിയോടു കൂടി, CGTMSE-ൽ രജിസ്റ്റർ ചെയ്തത് & അനുവദിച്ചത്; ഷെഡ്യൂൾ പ്രകാരം വായ്പകൾ വിതരണം ചെയ്യുന്നതാണ്.
- ഓരോ ഘട്ടത്തിലും വായ്ക്കു വിവരങ്ങൾ അപേക്ഷകന് സന്ദേശമായി ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം – 91 6235277042
ഇടുക്കി, എറണാകളം – 91 7010994083
തൃശൂർ, പാലക്കാട്, മലപ്പുറം – 91 8075480273
വയനാട്, കോഴിക്കോട് – 91 8921785327
കണ്ണൂർ, കാസർകോഡ് – 91 8547565214