ചങ്ങനാശ്ശേരി സെൻ്റ് ബർക്കമൻസ് കോളേജിലെ കൺസൾട്ടൻസി സെല്ലിൻ്റെ സഹായത്തോടെ തയ്യാറാക്കിയ കായൽരത്ന കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസിന് എസ് ബി കോളെജ് അധികൃതർ സമർപ്പിച്ചു. .കേരളത്തിൻ്റെ നെല്ലറയും, കർഷകരുടെയും കർഷക തൊഴിലാളികളുടെയും നാടുമായ കുട്ടനാട്ടിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ, മായം ചേരാത്ത, തവിടുള്ള കുത്തരി ഉത്പാദിപ്പിച്ച് വിപണനം നടത്തുവാൻ ജില്ലാഭരണകൂടം മുൻകൈ എടുത്ത് പദ്ധിതിയുമായി മുൻപോട്ട് പോവുകയാണ്. ഇതിനായി ഒരു സമഗ്ര പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനുള്ള ഉത്തരവാദിത്വം എസ്. ബി കോളേജിലെ കൺസൾട്ടൻസി സെല്ലിനെയാണ് ഏൽപിച്ചത്. പദ്ധതിയുടെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച് മൂന്ന് മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് ആണ് തയ്യാറാക്കി ജില്ലാ കള ക്ടർക്ക് സമർപ്പിച്ചിരിക്കുന്നത് എന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ അറിയിച്ചു. പദ്ധതി ആസൂത്രണം, ബ്രാൻഡിംഗ് , മാർക്കറ്റിംഗ് , സാമ്പത്തിക വശങ്ങൾ എന്നിവ അടക്കം പദ്ധതിയുടെ എല്ലാവിധ വിശദാംശങ്ങളും ഉൾക്കൊള്ളിച്ച് വിശദമായ ഒരു റിപ്പോർട്ടാണ് പ്രൊഫ. ഡോ മാത്യു ജോസഫിൻ്റെ നേതൃത്വത്തിലുള്ള കൺസൾട്ടൻസി സെൽ ഇപ്പൊൾ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് നൽകിയിരിക്കുന്നത്. പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആലോചിച്ചു വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.