Menu Close

കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്ന കൊലച്ചതി. ഈ കര്‍ഷകന്റെ കണ്ണീരുകണ്ടോ?

ഒരു കര്‍ഷകന്റെ മാസങ്ങളുടെ വിയര്‍പ്പവും പണവും രാത്രിയുടെ മറവില്‍വന്ന് നശിപ്പിക്കുന്ന സാമദ്രോഹികളെ എന്തുചെയ്യണം? നശിച്ച വിളകളെ നോക്കി കണ്ണീരൊഴുക്കുന്ന നിസ്സഹായനായ ഈ കര്‍ഷകനെകണ്ടാല്‍ ഹൃദയമുള്ള ആരും ഒപ്പം കരഞ്ഞുപോകും. അത്രയ്ക്കു പാതകമാണ് ഏതോ വിഷജന്തുക്കള്‍ ചെയ്ത്. ആലപ്പുഴ ജില്ലയിലെ കാവാലംകാരനായ ജോബി തന്റെ വേദന മുഴുവന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ന് ലോകത്തോടു പറഞ്ഞപ്പോള്‍ ചേര്‍ത്തുനിര്‍ത്താന്‍ നൂറുകണക്കിനു പേരെത്തി എന്നത് ഈ നാട്ടില്‍ നന്മയുണ്ട് എന്നതിനു തെളിവായി.
ജോബി നട്ടുവള‍‍ത്തി പൂവിട്ടുവന്ന അറുപത് മൂടോളം പയറുകളാണ് ഇന്നലെ രാത്രി ആരോ വാക്കത്തികൊണ്ട് അരിഞ്ഞത്. ഇന്ന് തുള്ളിനനയ്ക്കായി പാടത്തെത്തിയപ്പോഴാണ് ഈ പാതകം ജോബി കാണുന്നത്. സ്വന്തം കുഞ്ഞിനുണ്ടായ ദുരന്തം പോലെ ഇത് ജോബിയെ തള‍ത്തുകയായിരുന്നു.
കാവാലത്തെ കോള്‍പ്പാടത്തിലും കരയിലുമായി മൂന്നരയേക്കറോളം സ്ഥലത്ത് നെല്ലും പച്ചക്കറിയും മത്സ്യവും കോഴിയും മറ്റുമായി സംയോജിതകൃഷിഭൂമിയൊരുക്കി വളര്‍ന്നുവരുന്ന യുവാവിന്റെ അധ്വാനത്തെയാണ് ഇങ്ങനെ തകര്‍ത്തത്. വരുമാനമെന്നതിനേക്കാള്‍ ആവേശമാണ് തനിക്ക് കൃഷിയെന്നാണ് ജോബി പറയുന്നത്. അതാണ് കണ്ടിച്ചിട്ടിരിക്കുന്നത്. “മണ്ണിനെ സ്നേഹിക്കുന്ന ആരും ഇതു ചെയ്യില്ല” എന്ന് കണ്ണീരോടെ ജോബി വിലപിക്കുന്നു.
പ്രവാസിയായ ജോബി കൃഷിയോടുള്ള ഒടുങ്ങാത്ത അഭിനിവേശവും ഉള്ളില്‍ സൂക്ഷിച്ചാണ് വര്‍ഷങ്ങളോളം ഗള്‍ഫ് നാട്ടില്‍ കഴിഞ്ഞത്. അത് അടക്കാനാവാതെ വന്ന ഒരു നിമിഷം അവിടുത്തെ ജോലി വലിച്ചെറിഞ്ഞ് സ്വന്തം മണ്ണില്‍ തിരിച്ചെത്തി കൃഷി തുടങ്ങി. ജീവിതകാലം കൊണ്ടുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കുട്ടനാട്ടിലെ മണ്ണില്‍ നിക്ഷേപിച്ചാണ് ഈ യുവാവ് ഇന്നുനില്‍ക്കുന്നത്. പകലന്തിയോളം പണിസ്ഥലത്താണ്. വെറുതെ കൃഷി ചെയ്യുകയല്ല, നിരവധി പരീക്ഷണങ്ങളാണ് ജോബി കൃഷിയില്‍ നടത്തുന്നത്. കാവാലം കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ തന്റെ ആവേശത്തോടൊപ്പം നിന്ന് പ്രോത്സാഹിപ്പിക്കുന്നതായി ജോബി പറയുന്നു. ഇത്രനാള്‍ നീ എവിടെയായിരുന്നു എന്നാണ് അവ‍ർ ചോദിക്കാറുള്ളത്. പുതുതലമുറ കൃഷിയില്‍നിന്ന് അകലുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ എല്ലാം കൃഷിക്കുവേണ്ടി അര്‍പ്പിച്ച് മണ്ണിലേക്കിറങ്ങിയ ജോബിയെ ഒപ്പം നിര്‍ത്താനാണ് അവരുടെ ശ്രമം. പയറിലും നെല്ലിലും ജോബി നടത്തുന്ന പരീക്ഷണങ്ങളെ മാധ്യമങ്ങളിലൂടെ പുറംലോകത്തെയറിയിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ ചതി നടന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പാടവരമ്പത്തു നടത്തിയ പയര്‍ക്കൃഷിയാണ് ഏതോ മാനസികരോഗി ഇല്ലാതാക്കിയത്.
രാവിലെ അതിയായ വിഷാദത്തിലേക്കു വീണുപോയ ജോബിയെ നാട്ടുകാരും കൃഷിഭവന്‍ ഉദ്യോഗസ്ഥരും ധൈര്യം കൊടുത്താണ് സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവന്നത്. ഉച്ചയോടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തുവന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
എന്തായാലും, നാടിന്റെ ശത്രുക്കള്‍ക്ക് ഇന്നും രാത്രിയുടെ മറവില്‍മാത്രമേ അവരുടെ മാനസികവൈകല്യം പുറത്തെടുക്കാനാവൂ എന്നതാണ് ആശ്വാസം. അതേസമയം, ജോബിയൊടൊപ്പം ചേരാനും പിന്തുണ കൊടുക്കാനും നൂറുകണക്കിനുപേരാണ് സോഷ്യല്‍മീഡിയയിലും നേരിട്ടുമെത്തിയത്.