സ്കൂളുകളില്‍ ജൈവ പച്ചക്കറി കൃഷി ചെയ്തു വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ യുവതലമുറയെ പ്രാപ്തരാക്കാനും അറിവ് പകരാനും ഒരുങ്ങി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിലയുടെയും എം.കെ.എസ്.പിയുടെയും സഹകരണത്തോടെയാണ് സ്കൂളുകളില്‍ വിഷ രഹിത പച്ചക്കറി കൃഷി പദ്ധതി നടത്തുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി കൃഷി ചെയ്യാന്‍ ആവശ്യമായ മണ് ചെടിച്ചട്ടി, തൈ, വിത്ത്, വളങ്ങള്‍ തുടങ്ങിയവയുടെ വിതരണവും പരിശീലന പരിപാടിയും 2023 ഒക്ടോബർ 19, 20 ദിവസങ്ങളിലായി നടത്തും. ബ്ലോക്ക് പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 28 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും വെണ്ട, പച്ചമുളക്, തക്കാളി,, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ജൈവകൃഷിയിലുള്ള അവബോധം, തൈ നടീല്‍ പരിശീലനം, വിത്ത് മുളപ്പിക്കലിലുള്ള പരിശീലനം, ജൈവ- ജീവാണുവള സംയോഗം, വളം നിര്‍മാണം, കൃഷി പരിപാലനം തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. നെല്‍വിത്ത് പാകി മുളപ്പിക്കുന്നതിലും ട്രേയില്‍ വിത്തുകള്‍ പാകി തൈകള്‍ ഉത്പാദിപ്പിക്കുന്നതിലും പ്രത്യേക പരിശീലനം നല്‍കും.