വിഷു- റംസാനോടനുബന്ധിച്ച് വാഴക്കാട് പാടശേഖരത്തിൽ കാർഷിക കാർണിവൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സുസ്ഥിര തൃത്താലയുടെ ഭാഗമായി ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ മാസത്തിൽ നടത്തുന്ന കാർഷിക കാർണിവെലിൽ മത്സ്യ-പച്ചക്കറി ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ്, വിളവെടുത്ത ഉൽപ്പന്നങ്ങളുടെ വിപണനം, കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം, കർഷകരെ ആദരിക്കൽ, നാടൻ ഭക്ഷ്യോല്പന്നങ്ങളുടെ ഭക്ഷ്യശാലകൾ എന്നിവ ഉൾപ്പെടുത്തും. കൃഷി, മത്സ്യബന്ധനം, തൊഴിലുറപ്പ്, കുടുംബശ്രീ എന്നീ മേഖലകളെ സംയോജിപ്പിച്ച് ജനകീയ ഉത്സവമായി കാർഷിക കാർണിവെൽ മാറ്റുമെന്ന് മന്ത്രി അറിയിച്ചു.
നെല്ല് സംഭരണത്തിൽ മില്ലുകാർക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഏജൻ്റുമാരുടെ ചൂഷണത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ അവലോകന യോഗത്തിൽ മന്ത്രി കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊയ്ത്ത് യന്ത്രത്തിൻ്റെ വില ഏകീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഗ്രാമപഞ്ചായത്തുകളുടെയും ഇറിഗേഷൻ്റെയും കീഴിൽ വരുന്ന പമ്പ് ഹൗസുകൾ ഉപയോഗ്യമാക്കണമെന്നും നവീകരിച്ചതായി ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോർജ്,പ്രിൻസിപ്പൽ കൃഷി ഓഫീസർ പി സിന്ധു ദേവി , വിവിധ വകുപ്പ് മേധാവികൾ, തുടങ്ങിയവർ പങ്കെടുത്തു.
തൃത്താലയിലും കാർഷിക കാർണിവെൽ: മന്ത്രി എം ബി രാജേഷ്
