Menu Close

കാര്‍ഷിക നിര്‍ദ്ദേശം – തെങ്ങ്

നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ജലസേചനത്തിന് ഗണ്യമായ പങ്കുണ്ട്. ജലസേചനം കൊണ്ടുളള പ്രയോജനം നന തുടങ്ങി രണ്ടു കൊല്ലം മുതല്‍ പ്രകടമാകും. തൈ തെങ്ങുകള്‍ പെട്ടെന്ന് കായ്ഫലം തരുന്നതിനും, പൂങ്കുലകളില്‍ കൂടുതല്‍ പെണ്‍പൂക്കള്‍ ഉണ്ടാവുന്നതിനും, മച്ചിങ്ങ പൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും, നാളികേരത്തിന്‍റെ വലിപ്പം കൂട്ടുന്നതിനും ജലസേചനം കൊണ്ട് കഴിയും. ഒരിക്കല്‍ നന ആരംഭിച്ചാല്‍ ആ തോട്ടത്തില്‍ തുടര്‍ന്ന് എല്ലാവര്‍ഷവും നനയ്ക്കുവാന്‍ ശ്രദ്ധിക്കണം. നനയുളള തെങ്ങുകള്‍ക്ക് കുടുതല്‍ തവണകളായി വളംചേര്‍ക്കാം. ജലസേചന സൗകര്യം ഇല്ലാത്ത തെങ്ങിന്‍തോപ്പുകളില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തണം. തെങ്ങോലകള്‍ ഉപയോഗിച്ചോ, തൊണ്ട്മലര്‍ത്തി അടുക്കിയോ, ചപ്പുചവറുകള്‍ ഇട്ടോ ഈര്‍പ്പം സംരക്ഷിക്കാം. പുതുതായി നട്ട തെങ്ങിന്‍ തൈകള്‍ക്ക് തണല്‍ കൊടുക്കണം. തെങ്ങോല, വാഴത്തട എന്നിവ ഉപയോഗിച്ച് മണ്ണിരയുടെ സഹായത്താല്‍ നല്ല മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം. ഈ കമ്പോസ്റ്റ് നല്‍കുന്നത് വഴിതെങ്ങിന് നല്‍കുന്ന രാസവളങ്ങളുടെ ഗണ്യമായ ഒരു ഭാഗം കുറയ്ക്കാന്‍ സാധിക്കും. തോട്ടത്തില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് പുകയ്ക്കുന്നത് പല കീടങ്ങളെയും നശിപ്പിക്കാന്‍ ഉപകരിക്കും.