Menu Close

വിത്ത് വിതയ്ക്കാൻ ഡ്രോൺ പരീക്ഷണം വിജയകരം

കുമ്പളങ്ങി പാടത്ത് ഡ്രോൺ വിജയകരമായി പരീക്ഷിച്ച് കേരള കാർഷിക സർവകലാശാല. പാടത്തെ ചെളിയും വെള്ളവും ഇനി വിത്ത് വിതയ്ക്കാൻ ഒരു തടസ്സമല്ല.  പൊക്കാളി പോലുള്ള പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നതിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പാടത്തെ ചെളിയും വെള്ളക്കെട്ടും. ലോക ബാങ്കിന്റെ ധനസഹായത്തോടെ കാർഷിക സർവകലാശാലയും, കൃഷിവകുപ്പും, പുതുതലമുറ സ്റ്റാർട്ടപ്പായ ഫ്യൂസിലേജ് ഇന്നോവേഷനും സംയുക്തമായാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ഏകദേശം 10 കിലോഗ്രാം വിത്ത് വിതയ്ക്കാൻ ശേഷിയുള്ള ഡ്രോൺ ആണ് ഉപയോഗിക്കുന്നത്. മുള പൊട്ടി തുടങ്ങിയ പാകത്തിലുള്ള വിത്തുകൽ ഒരു ഏക്കർ പാടത്ത് വിതയ്ക്കുന്നതിനായി ഏകദേശം 20 മുതൽ 25 മിനിറ്റ് സമയം മാത്രമാണ് ഡ്രോണിന് വേണ്ടി വരുന്നത്. ഇതുവഴി ഒരു ഏക്കറിൽ വിതക്കുമ്പോൾ സാധാരണയിൽ നിന്നും 10 കിലോഗ്രാം വരെ വിത്ത് ലാഭിക്കാനും കൂടുതൽ ഏകീകൃതമായ വളർച്ച ഉറപ്പുവരുത്തുവാനും ഇതിലൂടെ കഴിയും. ഡ്രോണിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ സമയം ലാഭമുള്ളതിനാൽ കൂടുതൽ ശേഷിയുള്ള ഡ്രോണിനായി പരീക്ഷണങ്ങൾ നടന്നുവരികയാണ്. സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ നെൽകൃഷി മേഖലയിലെ കർഷകരുടെ അധ്വാനഭാരം കുറയ്ക്കുന്നതിനുള്ള സർവകലാശാലയുടെ പ്രയത്നങ്ങളുടെ ഭാഗമായാണ് വിത്ത് വിതയ്ക്കുന്നതിനുള്ള ഡ്രോണുകൾ ഈ മേഖലയിൽ പരീക്ഷിക്കുന്നതെന്ന് കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ. കെ. പി സുധീർ വ്യക്തമാക്കി.