സ്വകാര്യഭൂമിയിൽ പച്ചത്തുരുത്ത് ഒരുക്കാൻ കർമ്മപദ്ധതിയുമായി ഹരിതകേരളം മിഷൻ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള തരിശുഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുൾപ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. ഇത് നിർമിക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകൾ ഹരിതകേരളം മിഷൻ ലഭ്യമാക്കും. 2025 മാർച്ച് പത്തിനകം പേര് രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ നട്ടുവളർത്തുന്ന വൃക്ഷങ്ങൾ അഞ്ച് വർഷം വരെയെങ്കിലും മുറിച്ചു മാറ്റാൻ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോൺ- 8129218246
പച്ചത്തുരുത്ത് എന്നാലെന്താണ്?
തദ്ദേശീയമായ വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും ഉള്‍ക്കൊള്ളിച്ച് വനത്തിന്റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുക എന്ന ആശയമാണ് പച്ചത്തുരുത്ത്. മനുഷ്യനിര്‍മിതമായ ചെറുവനങ്ങളാണിവ. ഉപയോഗശൂന്യമായിക്കിടക്കുന്ന അര സെന്റ് ഭൂമിയില്‍ മുതല്‍ പച്ചതുരുത്ത് ഒരുക്കാം. ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഔഷധസസ്യങ്ങളും ഉള്‍പ്പടെ അതാത് പ്രദേശങ്ങള്‍ക്കനുയോജ്യമായ സസ്യങ്ങളാണ് വളര്‍ത്തേണ്ടത്. വലിയ വൃക്ഷങ്ങള്‍ മുതല്‍ അടിക്കാടുകള്‍ വരെ പച്ചതുരുത്തിന്റെ ഭാഗമാക്കാം. അധിനിവേശ സസ്യങ്ങളും ഗ്രാഫ്റ്റ് ചെയ്ത ചെടികളും ഒഴിവാക്കണം. പുഴകള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍ തുടങ്ങി ജലസ്രോതസ്സുകളുടെ കര, കണ്ടല്‍വനങ്ങള്‍ വളരാന്‍ പറ്റിയ പ്രദേശങ്ങള്‍, കുന്നിന്‍ ചരിവുകള്‍, പാറപ്രദേശങ്ങള്‍ എന്നിവയെല്ലാം പച്ചത്തുരുത്തുകള്‍ക്ക് അനുയോജ്യമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധസംഘടനകളുടെയോ പൊതുസ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തിയാണ് കേരളത്തില്‍ പൊതുവേ പച്ചത്തുരുത്ത് നടപ്പാക്കിവരുന്നത്. ഇപ്പോള്‍ ഹരിതകേരളം മിഷൻ സ്വകാര്യവ്യക്തികളുടെ ഭൂമികളിലും പച്ചത്തുരുത്ത് ഒരുക്കുന്നു.
എന്താണ് പച്ചത്തുരുത്തിന്റെ പ്രാധാന്യം.
പച്ചത്തുരുത്ത് കൊണ്ടുള്ള മുഖ്യപ്രയോജനം അവ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നു എന്നതാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും അന്തരീക്ഷത്തില്‍ വ്യാപിക്കാതെ ഒരു പരിധിവരെ പച്ചത്തുരുത്തിലെ സസ്യജാലം തടയും. വിഷവായുവിനെ ശുദ്ധമാക്കാനും ഈ വനങ്ങള്‍ക്കു കഴിയും. ഫലങ്ങളുടേയും ഔഷധങ്ങളുടേയും നല്ല സ്രോതസ്സായി പച്ചത്തുരുത്തുകളെ ഉപയോഗിക്കാം. സസ്യങ്ങളുടെ വേരുകളും ജൈവാംശമുള്ള മണ്ണും മണ്ണൊലിപ്പിന്റെ സാധ്യത കുറയ്ക്കുന്നു. ജലത്തിന്റെ ഒഴുക്കിനെ നിയന്ത്രിച്ച് പരമാവധി ജലം മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതുമൂലം ഭൂഗര്‍ഭജലം വര്‍ദ്ധിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ വേഗത കുറച്ച് അതുമൂലമുണ്ടായേക്കാവുന്ന വിപത്തുകളെ ഒരുപരിധിവരെ ഇല്ലാതാക്കാനും പച്ചത്തുരുത്തുകള്‍ക്കു കഴിയും.
സ്വകാര്യഭൂമിയിലും പച്ചത്തുരുത്ത് ഒരുക്കാം
