സംസ്ഥാന കയര്‍ വികസന വകുപ്പിന്റെയും പൊന്നാനി കയര്‍ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്കായി കയര്‍ ഭൂവസ്ത്ര വിതാനം അടിസ്ഥാനമാക്കി ജില്ലാതല ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ അധ്യക്ഷയായി. എല്‍. എസ്. ജി.ടി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്.) പ്രീതി മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. ജലക്ഷാമം പരിഹരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും നീര്‍ച്ചാലുകളെ സംരക്ഷിക്കുന്നതിനും കയര്‍ ഭൂവസ്ത്ര വിതാനം മികച്ച മാതൃകയാണെന്നും ഇത്തരത്തിലുള്ള നൂതന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ച് നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. നീര്‍ച്ചാലുകളുടെയും കുളങ്ങളുടെയും റോഡുകളുടെയും പാര്‍ശ്വഭിത്തി ബലപ്പെടുത്തുന്നതിന് പ്രകൃതിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന അസംസ്‌കൃത വസ്തുക്കളെ കൂടുതലായും ആശ്രയിക്കാതെ സുസ്ഥിരവികസനത്തിലൂന്നിയ ഹരിത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കയര്‍ ഭൂവസ്ത്രമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച തദ്ദേശ സ്ഥാപനങ്ങളെയും തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച തദ്ദേശ സ്ഥാപനങ്ങളെയും ആദരിച്ചു. ചുങ്കത്തറ പഞ്ചായത്തിനെ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച പഞ്ചായത്തായി തിരഞ്ഞെടുത്തു. ചാലിയാര്‍, നന്നംമുക്ക് എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലമ്പൂര്‍ ബ്ലോക്ക് ഒന്നാമതെത്തി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. മുതുവല്ലൂര്‍, പെരുമ്പടപ്പ് പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച ബ്ലോക്ക് പഞ്ചായത്തായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് മെമന്റോ നല്‍കി ആദരിച്ചു.തുടര്‍ന്ന് കയര്‍ഭൂവസ്ത്രം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം എന്‍ സി ആര്‍ എം ഐ യിലെ ശാസ്ത്രജ്ഞന്‍ ഡോ. സിബി. ജോയ് , ‘കയര്‍ ഭൂവസ്ത്രവിതാനം സാധ്യതകള്‍, സാങ്കേതിക വശങ്ങള്‍’ എന്ന വിഷയത്തില്‍ ആലപ്പുഴ ഫോര്‍മാറ്റിക്‌സ് ഇന്ത്യ ലിമിറ്റഡിലെ ടെക്‌നിക്കല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ ആര്‍. അശ്വിന്‍ എന്നിവര്‍ ക്ലാസുകളെടുത്തു.ജില്ലയിലെ നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അധ്യക്ഷന്‍മാര്‍, ബി.ഡി.ഒ., ജെ.ബി.ഡി.ഒ., സെക്രട്ടറിമാര്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.അബ്ദുറഹ്‌മാന്‍ കാരാട്ട് , ഗ്രാമപഞ്ചായത്ത് പ്രസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം മാസ്റ്റര്‍, സബീര്‍.പി.എസ്.എ, മലപ്പുറം 16-ാം വാര്‍ഡ് കൗണ്‍സിലര്‍ വികെ മുരളി, ഫോര്‍മാറ്റിക്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പ്രതീഷ് ജി പണിക്കര്‍, കയര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസര്‍ ആര്‍. ആര്‍ സുനില്‍കുമാര്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ വി.ജെ സജി സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ഇന്‍ചാര്‍ജ്) സി.പ്രീത തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
കയര്‍ ഭൂവസ്ത്ര വിതാനത്തെപ്പറ്റി സെമിനാര്‍
