തോളൂർ ഗ്രാമപഞ്ചായത്ത് വനിതകൾക്ക് പോഷകത്തോട്ടം വാർഷിക പദ്ധതി 2024 – 25 പ്രകാരം തൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല വിതരണം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം മനീഷ പദ്ധതി വിശദീകരണം നടത്തി.
2000 രൂപ വില വരുന്ന പോഷക കിറ്റിന് ഗുണഭോക്തൃ വിഹിതമായ 500 രൂപ അടച്ച് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് വിതരണം ചെയ്തത്. റംബൂട്ടാൻ, കിലോ പേര, റെഡ് ജാക്ക്, കുടമ്പുളി, മാവ്,സപ്പോട്ട, തായ് പേര തുടങ്ങി 8 ഇനം ഗ്രാഫ്റ്റ് തൈകളാണ് പോഷകത്തോട്ടം കിറ്റിലുണ്ടായിരിക്കുക. ഇതിനായി പഞ്ചായത്ത് 190,000 രൂപ ഫണ്ട് വകയിരുത്തിയിരുന്നു. ജനപ്രതിനിധികളായ സരസമ്മ സുബ്രമണ്യൻ , ഷീന തോമസ്, കൃഷി അസിസ്റ്റന്റുമാരായ ആശ വിൽസൺ, ലിജി പ്രദീപ് ആശംസകൾ അറിയിച്ചു.