തൃശൂര്‍, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം സി സി മുകുന്ദൻ എംഎൽഎ വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ചേർപ്പ് ജൂബിലി തേവർ പടവിലെ 950 ഏക്കർ പാടത്താണ് ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടന്നത്. ചേർപ്പ് ഗ്രാമപഞ്ചായത്തിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. നാലുമാസം കൊണ്ട് വിളവെടുക്കാവുന്ന ഉയർന്ന രോഗപ്രതിരോധശേഷിയുള്ള ജ്യോതി നെൽവിത്താണ് ചേർപ്പ് കൃഷിഭവൻ കർഷകർക്ക് ലഭ്യമാക്കിയത്. കേരള സീഡ് കോർപ്പറേഷൻ വഴി സൗജന്യമായി വിത്തും, ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുമ്മായവും, ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നിലം ഉഴുന്നതിനു കൂലിയും കൃഷിഭവന്റെ നേതൃത്വത്തിൽ നൽകി.
കൊയ്ത്തുത്സവത്തിൽ പടവ് പ്രസിഡൻ്റ് അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൾ കർഷക സംഘം സെക്രട്ടറി കെ കെ കൊച്ചുമുഹമ്മദ് , ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി എൻ ഗോവിന്ദൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എൻ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സുനിത ജിനു, ചേർപ്പ് കൃഷി ഓഫീസർ നിവേദിത എന്നിവർ സംസാരിച്ചു.
ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം
