Menu Close

“നാച്യുറ-25 ‘ അഗ്രിഹോർട്ടി ടൂറിസംഫെസ്റ്റ് ആരംഭിച്ചു

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഗ്രികള്‍ച്ചര്‍ ഹോര്‍ട്ടി ടൂറിസംഫെസ്റ്റായ ‘നാച്യുറ 25’ ന് ഇന്ന് (ഫെബ്രുവരി ആറ്) തുടക്കമായി.
നെല്ലിയാമ്പതിയുടെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവവൈവിധ്യവും അഗ്രി ഹോര്‍ട്ടി ടൂറിസം സാധ്യതകളും രാജ്യത്തിനകത്തും പുറത്തേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റ് ഫെബ്രുവരി 10 വരെ നീണ്ടു നില്‍ക്കും. ഗ്രാമപഞ്ചായത്ത്, നെല്ലിയാമ്പതി എസ്റ്റേറ്റ്, റിസോര്‍ട്ടുകള്‍, വ്യാപാരി വ്യവസായികള്‍, ടാക്സി ഉടമകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

രാവിലെ ഒമ്പതു മണിക്ക് ഫാമില്‍ വെച്ച് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോള്‍ എന്നിവര്‍ മുഖ്യാതിഥികളാവും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ നീതു.പി. സി, ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഫാറൂഖ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചിത്തിരൻ പിള്ള, ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധു, കൃഷി അഡീഷണൽ ഡയരക്ടർ തോമസ് സാമുവൽ, പാലക്കാട് ജില്ലാ പ്രിസിപ്പൽ കൃഷി ഓഫീസർ സിന്ധു ദേവി, കൃഷി ഡെപ്യൂട്ടി ഡയരക്ടർമാരായ അറുമുഖ പ്രസാദ്, നെന്മാറ ഡി. എഫ്. ഒ. പ്രവീൺ മുതലായവർ സംബന്ധിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക അനുബന്ധ പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, ഫ്ലവര്‍ ഷോ, കാര്‍ഷിക ക്വിസ്സ് മത്സരം, കുതിര സവാരി, കലാ കായിക മത്സരങ്ങള്‍, ഭക്ഷ്യ മേള, കലാ പരിപാടികള്‍ തുടങ്ങിയവ നടക്കും. ഫാമിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയിടത്താണ് മേള നടക്കുക. ഈ ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രവേശനം.

ഓറഞ്ച്, മൂസമ്പി തുടങ്ങിയ വിവിധ ഇനം നാരക വര്‍ഗ്ഗ വിളകള്‍, പാഷന്‍ ഫ്രൂട്ട്, പേരക്ക,മാവ്, പ്ലാവ്, ഡ്രാഗണ്‍ ഫ്രൂട്ട്, സ്ട്രോബെറി, ലോങ്ങന്‍, ലിച്ചി ഉള്‍പ്പെടെയുള്ള വൈവിധ്യമര്‍ന്ന നാടന്‍ , മറുനാടന്‍ പഴവര്‍ഗ്ഗങ്ങള്‍, ക്യാരറ്റ്, ബ്രസ്സല്‍ സ്പ്രൗട്ട്, ബ്രോക്കോളി, ഗാര്‍ലിക്ക് ഉള്‍പ്പെടെയുള്ള ശീതകാല പച്ചക്കറികള്‍, ഓര്‍ക്കിഡ്, കാക്റ്റസ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന അലങ്കാര സസ്യങ്ങള്‍, കാപ്പി,ഔഷധ സസ്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ മുതലായവയുടെ കൃഷിരീതികള്‍, ബഡിങ്, ഗ്രാഫ്റ്റിങ്, പോര്‍ട്രെ തൈ ഉള്‍പ്പാദനം, മാതൃ സസ്യ തോട്ടങ്ങള്‍, വിയറ്റ്നാം മോഡല്‍ കുരുമുളക് കൃഷി, ഓപ്പണ്‍ പ്രി സിഷന്‍ ഫാമിങ്, പോളി ഹൗസിനുള്ളിലെ ഹൈടെക് കൃഷി,പഴം പച്ചക്കറി മൂല്യ വര്‍ദ്ധന സംസ്കരണം,നൂതന കാര്‍ഷിക യന്ത്രങ്ങള്‍, ഫാം ടൂറിസം സംവിധാനങ്ങള്‍ മുതലായവയുടെ മാതൃക അവതരണം ഫെസ്റ്റില്‍ ഉണ്ടായിരിക്കും. ട്രീ ഹട്ടുകള്‍, പുല്‍ തകിടികള്‍, ഇരിപ്പിടങ്ങള്‍, ആമ്പല്‍ കുളം, ഫ്ളവര്‍ ബെഡുകള്‍, ഫുഡ് സ്കേപ്പിങ്, ഓര്‍ക്കിഡെറിയം മുതലായവയും സന്ദര്‍ശകര്‍ക്കായി ഫെസ്റ്റില്‍ സജ്ജമാക്കുന്നുണ്ട്.

കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതികകളുള്‍പ്പെടെ കണ്ട് മനസിലാക്കാന്‍ ഫെസ്റ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിത്തുകള്‍ , തൈകള്‍, വളം,കാര്‍ഷിക യന്ത്രങ്ങള്‍, ട്രാക്ടര്‍ ഉള്‍പ്പെട്ട കൃഷി, ജലസേചനം അനുബന്ധ ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകള്‍ക്ക് പുറമെ ഔഷധസസ്യങ്ങള്‍ക്കായും പ്രത്യേക സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയിലെ ഹയര്‍സെക്കന്ററി-ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കുമായി കാര്‍ഷിക ക്വിസ് മത്സരങ്ങള്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. ‘നെല്ലിയാമ്പതി ഇന്ന്, ഇന്നലെ,നാളെ’, ഫാം ടൂറിസം സാധ്യതകള്‍, ഹൈടെക്ക് ഫാമിങ്, ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ്, ഹൈടെക് കൃഷി രീതികള്‍ സംബന്ധിച്ച സെമിനാറുകള്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റ്, കുതിരസവാരി, ഫാം സവാരി, ഫുഡ് ഫെസ്റ്റ്, വൈകുന്നേരങ്ങളില്‍ കലാ സാംസ്കാരിക പരിപാടികള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമാകും.