ക്ഷീരോത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരും മൃഗസംരക്ഷണ വകുപ്പും മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുമാറാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ തിരുമാറാടി ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എറണാകുളം ജില്ലാ സംഗമം 2024 -25 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിനടുത്തെത്തിയപ്പോഴാണ് കാലാവസ്ഥാവ്യതിയാനം പ്രതിസന്ധി സൃഷ്ടിച്ചത്. കടുത്ത ചൂടിനെത്തുടർന്ന് കന്നുകാലികൾക്ക് ചർമ്മമുഴ ഉൾപ്പടെയുള്ള രോഗങ്ങൾ ബാധിച്ചു. വയനാട് ദുരന്തത്തിൽ നിരവധി കന്നുകാലികളെ നഷ്ടമായി. അവിടെ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് പശുക്കളെ വാങ്ങി നൽകാനുള്ള സ്ഥിതിയിലേക്ക് നാമെത്തി. എം എസ് ഡി പി പദ്ധതി വഴി 20, 10, 5 വീതം പശുക്കളെ നൽകി വരുന്നു. ഒരേക്കറിൽ പുല്ല് വളർത്താൻ 16000 രൂപ സബ്സിഡി നൽകുന്ന പദ്ധതിയുണ്ട്. മരണപ്പെട്ട പശുക്കളുടെ ഉടമകൾക്ക് 37500 രൂപ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നു. കേരളത്തിലെ ക്ഷീരകർഷകർക്ക് ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം. സർക്കാരിൻ്റെയും ക്ഷീരകർഷകരുടെയും വിഹിതം ഉൾപ്പെടുത്തിയാകും ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക. കൂടാതെ കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ ക്ഷീരകർഷകർക്കായി സമഗ്രഇൻഷുറൻസ് പദ്ധതിക്ക് അനുമതി ലഭിക്കുന്നതിൻ്റെ അവസാനഘട്ടത്തിലാണ്. ഇതിനായി കേന്ദ്രം ഒരു കോടി രൂപ മാറ്റി വെച്ചു. 52 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നു വർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷ്വർ ചെയ്യാനുള്ള ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. കന്നുകുട്ടി പരിപാലനം, കിടാരിപ്പാർക്കുകൾ, പലിശരഹിത വായ്പ, വീട്ടുമുറ്റത്ത് സേവനം നൽകാനായി വെറ്ററിനറി ആംബുലൻസുകൾ എന്നീ പദ്ധതികളും സർക്കാർ നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്ഷീരകർഷക സെമിനാർ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സന്ധ്യാ മോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം ജോർജ് സ്വാഗതം ആശംസിച്ചു. ക്ഷീര മേഖലയിലെ സംരംഭകത്വ സാധ്യതകളും സാമ്പത്തിക സ്രോതസ്സുകളും’ എന്ന വിഷയത്തിൽ നോർത്ത് പറവൂർ ഓഫീസർ സി എസ് രതീഷ് ബാബു സെമിനാർ നയിച്ചു. കേരള ബാങ്കിൻറെ വിവിധ വായ്പ പദ്ധതികളെ കുറിച്ച് സീനിയർ മാനേജർ ടി. എസ്. സിന്ധു ക്ലാസ് എടുത്തു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. എറണാകുളം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ഭരണസമിതി അംഗം സിനു ജോർജ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മികച്ച ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും ക്ഷീര മേഖലയിൽ കൂടുതൽ പദ്ധതി വിഹിതം വെച്ചിട്ടുള്ള ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളെയും ആദരിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, മിൽമ എറണാകുളം യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള, പിറവം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങളായ ജോൺ തെരുവത്ത്, പി.എസ്. നജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എസ്. വിജയകുമാരി, അഡ്വ. ജിൻസൺ പോൾ, ലളിത, തിരുമാറാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ മുരളീധര കൈമൾ, ക്ഷീരസംഘം പ്രസിഡന്റുമാർ സെക്രട്ടറിമാർ, കർഷകർ , ക്ഷീര വികസന വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ശേഷം ക്ഷീരസംഘം ജീവനക്കാരുടെ ഡയറി ക്വിസ് വിവിധ കലാപരിപാടികൾ എന്നിവ നടത്തി. വിജയികളെ ആദരിച്ചു.