കൃഷി ഭൂമി കർഷകന്റെതായി നിലനിൽക്കേണ്ടത് ഭക്ഷ്യസുരക്ഷക്ക് അനിവാര്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേരള കാര്‍ഷികസര്‍വകലാശാലയുടെ 54 മത് സ്ഥാപിത ദിനാഘോഷം വെള്ളാനിക്കര കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ലക്ഷ്യം നിറവേറ്റാന്‍ കൃഷിയോഗ്യമായ ഭൂമി കർഷകർക്ക് കൃഷിക്കായി ലഭ്യമാക്കുന്നതിന് ഒരു നിയമം ഈ നിയമസഭ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉയരുന്ന ജനസംഖ്യക്കനുസരിച്ച് ജനങ്ങൾക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കേണ്ടത് പ്രധാന വെല്ലുവിളിയാണെന്നും ലോകം നേരിടുന്ന ഉയർന്ന ഭക്ഷണാവശ്യകത, കൃഷിഭൂമിയുടെ കുറവ്, ഹരിതഗൃഹവാതകങ്ങളുടെ ഭവിഷ്യത്തുകൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിന്നുള്ള ഗവേഷണത്തിന് സർവ്വകലാശാല തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രതിവർഷം 1500 കോടിയിലധികംവരുന്ന വിളവെടുപ്പാനന്തര നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രാഥമികകൃഷിയോടൊപ്പം ദ്വിദീയകൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി. ഈ ലക്ഷ്യം മുൻ നിർത്തിയാണ് ‘ഒരു കൃഷി ഭവനിൽനിന്ന് ഒരു മൂല്യവർദ്ധിതോൽപന്നം എന്ന പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് ഐഎഎസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാർഷികവിദ്യാഭ്യാസം കൂടുതൽ വിദ്യാർഥികളിലേക്കു എത്തേണ്ടതുണ്ടെന്നും വിദ്യാഭ്യാസ ഗവേഷണ ആവശ്യങ്ങൾക്കായി ബാഹ്യസഹായസ്രോതസുകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു.