Menu Close

ചെറുവയൽ രാമന് കാർഷിക സർവ്വകലാശാലയുടെ ‘പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്’ പദവി

പ്രമുഖ നെൽക്കർഷകനും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനുമായ പത്മശ്രീ ചെറുവയൽ രാമന് കാർഷികസർവ്വകലാശാലയുടെ ‘പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്’ പദവി നൽകും. കാർഷികസർവ്വകലാശാലയുടെ സ്ഥാപിതദിനാഘോഷം ഉദഘാടനം ചെയ്യവേ കൃഷിമന്ത്രിയും സർവ്വകലാശാല പ്രോ ചാൻസലറുമായ പി പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. അമ്പലവയൽ കാർഷികഗവേഷണ കേന്ദത്തിലും സർവ്വകലാശാലയുടെ മറ്റു ഗവേഷണകേന്ദ്രങ്ങളിലും സ്വന്തം കൃഷിയിടത്തിലും ചെറുവയൽ രാമൻ തന്റെ അനുഭവജ്ഞാനം കർഷകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി പങ്കുവെക്കും. അദ്ദേഹത്തിനുള്ള ആനുകൂല്യങ്ങളും മറ്റും സർവ്വകലാശാലയുടെ ചട്ടങ്ങളനുസരിച്ചു തീരുമാനിക്കുമെന്നും ഒരു വർഷത്തേക്കായിരിക്കും ഈ പദവിയെന്നും മന്ത്രി പറഞ്ഞു.

കൃത്രിമവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ, മണ്ണിന്റെ ജീവൻ നഷ്ടപ്പെടുത്താതെ, സ്വാഭാവികരീതിയിൽ പരമ്പരാഗത നെൽവിത്തുകളിൽ അവശേഷിക്കുന്നവയെ കണ്ടെത്തി സംരക്ഷിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകനാണ് ചെറുവയൽ രാമൻ. അദ്ദേഹം ചില ബുദ്ധിമുട്ടുകൾ നേരിടുന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. കാർഷിക സർവ്വകലാശാലയുടെ ജനറൽ കൗൺസിൽ അംഗമായും ചെറുവയൽ രാമൻ പ്രവർത്തിച്ചിട്ടുണ്ട്.