Menu Close

കാർഷികമേഖലയുടെ പുരോഗതിക്ക് ജനങ്ങൾ ശരിയായ വിവരങ്ങൾ നൽകണം: ജില്ലാ കളക്ടർ

ഇടുക്കി ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്ക് ജനങ്ങൾ ശരിയായ വിവരങ്ങൾ എന്യൂമറേറ്റർമാർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു. പതിനൊന്നാമത് കാര്‍ഷികസെന്‍സസിന്റെ ജില്ലാതല ഏകോപനസമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാർ സെൻസസ് പ്രവർത്തനങ്ങൾക്കായി സമീപിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകണം. എന്നാൽ മാത്രമേ ശരിയായ പരിഹാരമാർഗങ്ങളും പദ്ധതികളും ജില്ലയിൽ ആസൂത്രണംചെയ്യാനാകൂ. നഷ്ടപരിഹാരമടക്കമുള്ള വിഷയങ്ങളിൽ പ്രസ്തുത വിവരങ്ങൾ പ്രധാനഘടകമാണ്.
ജില്ലയില്‍ തിരഞ്ഞടുത്തിട്ടുളള 177 വാര്‍ഡുകളില്‍ രണ്ടാംഘട്ടവും ഇവയിലെ 66 വാര്‍ഡുകളില്‍ മൂന്നാംഘട്ട സര്‍വ്വേയുമാണ് നടക്കുക. ഭൂവിനിയോഗം, കൃഷിരീതി, കൃഷിക്കുപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, ജലസേചനം നടക്കുന്ന പ്രദേശത്തിന്റെ വിസ്തൃതി, കാര്‍ഷികബാധ്യതകള്‍ തുടങ്ങിയ വിവരങ്ങളാണ് രണ്ടും മൂന്നും ഘട്ടത്തിലുള്ള സര്‍വ്വേയില്‍ ശേഖരിക്കുന്നത്. കാര്‍ഷികമേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുന്നതിനും പുതിയ നയങ്ങള്‍ രൂപികരിക്കുന്നതിനുമാണ് കാര്‍ഷിക സെന്‍സസ് ഡാറ്റാ ഉപയോഗിക്കുക. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാർ ജനങ്ങളിൽനിന്ന് നേരിട്ട് വിവരശേഖരിക്കും.