നാളികേരകൃഷി പദ്ധതികളുമായി നാളികേര വികസന ബോര്‍ഡ്. ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ ലഭ്യമാക്കാനായി വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്കു ധനസഹായം. ചുരുങ്ങിയത് 4 ഹെക്ടര്‍ സ്ഥലത്ത് 3 വര്‍ഷത്തേക്ക് പരമാവധി 6 ലക്ഷം രൂപയാണ് സബ്സിഡി ലഭിക്കുക. ചെറുകിട നഴ്സറികള്‍ സ്ഥാപിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ സബ്സിഡി ലഭിക്കും. പ്രതിവര്‍ഷം 25,000 തെങ്ങിന് തൈകള്‍ ഉല്പാദിപ്പിക്കാന് ശേഷിയുള്ള നഴ്സറികള്‍ക്കു 50,000 രൂപ വരെയും സബ്സിഡിയുണ്ട്. പുതുക്കൃഷിക്കും സാമ്പത്തിക സഹായം നല്കുന്നു. തെങ്ങിനത്തെയും സ്ഥലത്തെയും അടിസ്ഥാനമാക്കി ഹെക്ടറിന് 6,500 രൂപ മുതല്‍ 15,000 രൂപവരെ 2 തുല്യ വാര്‍ഷിക ഗഡുക്കളായാണ് സബ്സിഡി. സ്വന്തമായി 0.1 ഹെക്ടറില്‍ (25 സെന്റ്) കുറയാതെയും 4 ഹെക്ടര്‍ (10 ഏക്കര്‍) വരെയും ഭൂമി കൈവശമുള്ളവര്‍ക്ക് സബ്സിഡിക്ക് അര്‍ഹതയുണ്ട്. എല്ലാ പദ്ധതികളുടെയും അപേക്ഷാഫോം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളോടൊപ്പം കൃഷി ഓഫിസറുടെ സാക്ഷ്യപത്രം സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കുന്നതിനു വിധേയമായി സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നാം വര്‍ഷ സബ്സിഡി ലഭിച്ച ശേഷം രണ്ടാം വര്‍ഷ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.coconutboard.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.