Menu Close

ആത്മവിശ്വാസത്തോടെ മുന്നേറാം.കാര്‍ഷികവരുമാനത്തില്‍ കേരളം കുതിക്കുന്നു. ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്

കേരളത്തിലെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന വാ‍‍‍ർത്ത. ദേശീയ കാര്‍ഷിക ഏജന്‍സിയായ നബാര്‍ഡ് നടത്തിയ സര്‍വ്വേയില്‍ കേരളം കാര്‍ഷികവരുമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതായി കണ്ടെത്തല്‍.
കാര്‍ഷികവരുമാനം ഏറ്റവും കൂടിയ ആദ്യത്തെ മൂന്നു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നാണ് സര്‍വ്വേ വിലയിരുത്തല്‍. ഒന്നാം സ്ഥാനം പഞ്ചാബും രണ്ടാം സ്ഥാനം ഹരിയാനയും നിലനിര്‍ത്തിയെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ മൂന്നാമതായി കേരളമെത്തി. വന്‍കിട കാര്‍ഷികോല്പാദനം കാലങ്ങളായി നടക്കുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. അതിനൊപ്പം ഭൂമിലഭ്യത കുറഞ്ഞ, കാര്‍ഷികവൃത്തിയില്‍നിന്ന് അകന്നുകഴിഞ്ഞിരുന്ന കേരളവും എത്തി എന്നത് ശ്രദ്ധേയമാണ്.
പഞ്ചാബിലെ കര്‍ഷകരുടെ ശരാശരി മാസവരുമാനം 31,433 രൂപയായിരിക്കുമ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടേത് 25,655 രൂപയാണ്. അതേസമയം, കേരളത്തിലെ കര്‍ഷകരുടെ ശരാശരി മാസവരുമാനം 22,757 രൂപയാണ്. രാജ്യത്ത് ഏറ്റവും താഴ്ന്ന കാര്‍ഷികവരുമാനമുള്ളത് ബീഹാര്‍ (9252), ഒഡിഷ (9290), ഝാര്‍ഖണ്ഡ് (9787), ത്രിപുര (9643) എന്നിവിടങ്ങളിലാണ്.
നബാഡിന്റെ നേതൃത്വത്തില്‍ നടന്ന അഖിലേന്ത്യാ ഗ്രാമീണതല സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സര്‍വ്വേ 2021-22 (All India Rural Financial Inclusion Survey (NAFIS) 2021-22) റിപ്പോര്‍ട്ട് കഴിഞ്ഞമാസം അവസാനമാണ് പുറത്തുവന്നത്. വ്യക്തികള്‍ക്ക് സാമ്പത്തികസേവനങ്ങൾ ആര്‍ജ്ജിക്കുവാനുള്ള അവസരങ്ങള്‍ എത്രത്തോളമുണ്ട്, അവയുടെ ലഭ്യതയും തുല്യതയും എത്രത്തോളം എന്നതാണ് സാമ്പത്തിക ഉൾപ്പെടുത്തൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.