Menu Close

കൃഷിയിടാധിഷ്ഠിത ആസൂത്രണ വികസനപദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പരമ്പരാഗതമായി നമ്മൾ പാലിച്ചു വന്നിരുന്ന ഒറ്റവിളക്കൃഷിയിൽനിന്നു വിഭിന്നമായി ലഭ്യമായ കൃഷിഭൂമിയെ ഒരു യൂണിറ്റായിക്കണ്ട് അതിൽ പരമാവധി ഘടകങ്ങള്‍ ഉൾപ്പെടുത്തി അവയിൽനിന്ന് ദീർഘകാലാടിസ്ഥാനത്തിൽ ലാഭമുണ്ടാക്കുന്ന സമീപനരീതി സംസ്ഥാനസര്‍ക്കാര്‍ ഈ വര്‍ഷവും നടപ്പാക്കുന്നു. 2024-2025 വര്‍ഷത്തെ കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ വികസനപദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാനാവുന്നതാണ്.
മണ്ണിനും കാലാവസ്ഥയ്ക്കും അനുസൃതമായി കേരളത്തിലെ ഭൂപ്രകൃതിക്ക് (അഗ്രോഇക്കോളജിക്കൽ സോൺ ) ഉതകുന്ന ഫാം പ്ലാൻ തയ്യാറാക്കിയുള്ള കൃഷിരീതിയാണ് ഫാംപ്ലാന്‍ വികസനസമീപനം. ഉല്പാദനോപാധികളുടെയും ഉല്പന്നങ്ങളുടെയും സമാഹരണം, സംഭരണം, മൂല്യവർധനവ്, വിപണനം തുടങ്ങി എല്ലാ മേഖലകളിലും കർഷകർക്ക് പ്രാവീണ്യം ലഭിക്കുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.
10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷിഭൂമി ഇത്തരം ഉല്പാദനപ്രക്രിയക്കായി മാറ്റിവെക്കാൻ സന്നദ്ധരായിട്ടുള്ള ചെറുകിട / നാമമാത്ര കർഷകർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഒരു പഞ്ചായത്തിൽനിന്ന് പരമാവധി 15 പേരെയാണ് തിരഞ്ഞെടുക്കുക.
അപേക്ഷകർ കൂടുന്നപക്ഷം അവരുടെ കാർഷികവൃത്തിയിലുള്ള പ്രവൃത്തിപരിചയം ശാസ്ത്രീയ കൃഷിരീതികളുടെ അവലംബം, യന്ത്രവൽകരണം, എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തുന്ന സ്ക്കോറിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. അപേക്ഷകർ കൃഷിക്കൂട്ടത്തിലെ അംഗങ്ങളായിരിക്കണം.
തിരഞ്ഞെടുത്ത ഓരോ ഗുണഭോക്താവിന്റെ കൃഷിയിടത്തിലും ബ്ലോക്കുതല കാർഷിക വിജ്ഞാനകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഫാംപ്ലാൻ തയ്യാറാക്കും. അതു നടപ്പാക്കുാവന്‍ കർഷകർക്ക് പരിശീലനം നൽകും. ഓരോ ഘട്ടങ്ങളിലും മൂല്യവർധനവിന് പ്രാമുഖ്യം നൽകി അഞ്ചുവർഷം കൊണ്ട് ഓരോ യൂണിറ്റും ലാഭത്തിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി വരുമാനദായകങ്ങളായ വിവിധയിനം കാർഷിക സംരംഭങ്ങള്‍ യൂണിറ്റുകൾക്കു ലഭ്യമാക്കുന്നതാണ്.
പുതിയ (2024-25 )നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാ‍ർ എന്നിവയുടെ പകര്‍പ്പോടൊപ്പം അപേക്ഷ അവരവരുടെ കൃഷിഭവനിലാണ് സമര്‍പ്പിക്കേണ്ടത്. നവമ്പര്‍ പതിനഞ്ചിനു മുമ്പ് അപേക്ഷിക്കേണ്ടതുണ്ട്. ഈ പദ്ധതിയുടെ ലഭ്യതയും അപേക്ഷിക്കേണ്ട അവസാനതീയതിയും അറിയാന്‍ നിങ്ങളുടെ കൃഷിഭവനില്‍ എത്രയും വേഗം ബന്ധപ്പെടുക.