ലോകത്തെവിടെയും, ഏതു മേഖലയിലും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ തയ്യാറായവരാണ് വിജയം വരിച്ചിട്ടുള്ളത്. അതൊരു സത്യമാണ്. കൃഷിയില്‍ മാത്രമായി അത് അങ്ങനെയല്ലാതെ വരില്ലല്ലോ. പക്ഷേ, നമ്മുടെ കര്‍ഷകര്‍ അതെത്രമാത്രം ഉള്‍ക്കൊണ്ടു എന്നതില്‍ സംശയമുണ്ട്.
കാര്‍ഷികമേഖലയില്‍ പുതിയ സാങ്കേതികവിദ്യകളുടെ പ്രയോഗമാണ് ഇന്ന് വലിയ വിജയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അവ പക്ഷേ, സ്വീകരിയ്ക്കണോ വേണ്ടയോ എന്നത് കർഷകരെ സംബന്ധിച്ചിടത്തോളം ഒരു ‘തിരഞ്ഞെടുപ്പ് (choice) ആണ്. ആര്‍ക്കും അതിന് അവരെ നിർബന്ധിക്കാനാവില്ല. കുതിരയെ തടാകത്തിന്റെ അടുത്തുവരെ എത്തിക്കാൻ കുതിരക്കാരന് കഴിയും. പക്ഷേ, വെള്ളം കുടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കുതിരയാണ്. അതുപോലെ, വിജ്ഞാനവ്യാപന പ്രവർത്തകർക്ക് കാര്യങ്ങൾ പറഞ്ഞും കാണിച്ചും കൊടുക്കാനാവും. പരിശീലനങ്ങൾ നൽകാനാവും. അത് അനുവർത്തിക്കണോ വേണ്ടയോ എന്നത് കർഷകരാണ് തീരുമാനിക്കേണ്ടത്.
‘കണ്ണുകൊണ്ട് കാണുന്നത് വിശ്വസിക്കുക’ (Seeing is believing) എന്നതാണ് കാർഷിക വിജ്ഞാന വ്യാപനത്തിന്റെ (Agricultural Extension ) തത്ത്വം തന്നെ. കാർഷികമേഖലയിൽ നിരവധിയായ കണ്ടുപിടുത്തങ്ങൾ ഗവേഷകർ നടത്തിയിട്ടുണ്ട്. പുതിയ ഇനങ്ങൾ, നടീൽ രീതികൾ, വളങ്ങൾ, വളപ്രയോഗരീതികൾ, മരുന്നുകൾ, വളർച്ചാ ത്വരകങ്ങൾ, യന്ത്രങ്ങൾ എന്നിങ്ങനെ എത്രയധികം മുന്നേറ്റങ്ങള്‍. പക്ഷേ, നമ്മുടെ നാട്ടില്‍ വളരെക്കുറച്ച് കർഷകർ മാത്രമാണ് ലഭ്യമായ ഈ സാങ്കേതിക വിദ്യകളെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിവരുന്നത്. അതിന്റെ മെച്ചങ്ങൾ അവർക്ക് കിട്ടുന്നുമുണ്ട്.
കേരളത്തിന്റെ നെല്ലറകളാണ് കുട്ടനാടും പാലക്കാടും. അതിന്റെ പിന്നിലായി തൃശ്ശൂർ -മലപ്പുറം ജില്ലകളിലെ കോൾപ്പാടങ്ങളും വരും. ഈ പ്രദേശങ്ങളിൽ എല്ലാം തന്നെ ശരാശരി ഉത്പാദനക്ഷമത ഹെക്റ്ററിന് ഏതാണ്ട് ആറ് ടണ്ണിനു മുകളിലാണ്. അത് മണ്ണിന്റെ ഗുണവും കാലാവസ്ഥയുടെ ആനുകൂല്യവും വിത്തിന്റെ ഗുണമേന്മയും അനുസരിച്ച് വ്യത്യാസപ്പെടും. ഇതിൽ കുട്ടനാട് നടക്കുന്നത് ഏതാണ്ട് പൂർണമായും വിത്ത് വിതയ്ക്കൽ (Wet sowing/ ചേറ്റുവിത )രീതിയാണ്. കോൾപ്പാടങ്ങളിലും ഇതുതന്നെ. ഒരേ സമയത്ത് വളരെ വലിയ ഒരു പ്രദേശത്ത് ഞാർനടാൻ ഇന്നത്തെകാലത്ത് ആളെക്കിട്ടില്ല. ആയതിനാൽ പലേടങ്ങളിലും ഇതരസംസ്ഥാനത്തൊഴിലാളികളാണ് നടീലും മറ്റും ചെയ്യുന്നത്. കോവിഡ് കാലത്ത് നടീലിനായി വിമാനത്തിൽ വരെ പണിക്കാരെ കൊണ്ടുവന്ന ചരിത്രമുണ്ട്, പൊന്നാനിയിലും മറ്റും.
ഒരേക്കർ സ്ഥലത്ത് വിതയ്ക്കാനായി 40 കിലോ വിത്താണ് കർഷകർ ഉപയോഗിക്കുന്നത്. നടാനായി ഏതാണ്ട് 32 കിലോയും. സർക്കാർ ഇത്രയും വിത്ത് ഏതാണ്ട് സൗജന്യമായിത്തന്നെ പലേടങ്ങളിലും നൽകുന്നുമുണ്ട്.
നെൽവിത്ത് വിതയ്ക്കാൻ എളുപ്പമാണ്. പെട്ടെന്ന് പണി കഴിയും. അനുഭവ സമ്പന്നരായ വിതക്കാർ 30 -45 മിനിറ്റ് കൊണ്ട് ഒരേക്കറിൽ വിത്തെറിയും. രൂപ ആയിരം വാങ്ങി മടങ്ങും. അതേ ഒരേക്കറിൽ ഞാർ നടണമെങ്കിൽ 12 -15 പേരെങ്കിലും വേണ്ടിവരും. ഇന്നത്തെനിലയില്‍ കൂലിയും ചായയും ഊണും അടക്കം പതിനായിരത്തിൽ കുറയാതെ ചെലവാകും. (നടീൽ യന്ത്രം ഉപയോഗിച്ചാൽ ചെലവ് പകുതിയായി കുറയ്ക്കാൻ കഴിയും എന്ന കാര്യം മറക്കുന്നില്ല). വിതയിലാണെങ്കില് കളകൾ വളരെ അധികമായിരിക്കും. പിന്നീട് കള പറിക്കാനായി ഒരേക്കറിൽ പത്ത് പേരെയെങ്കിലും നിർത്തേണ്ടി വരും.
വരിയും നിരയും ഒന്നുമില്ലാതെ നെല്‍ച്ചെടികൾ നിരന്നുനിൽക്കുമ്പോൾ അവയ്ക്കിടയിലെ വായുസഞ്ചാരം, സൂര്യപ്രകാശലഭ്യത എന്നിവ കുറയും. മുഞ്ഞ (Brown Plant Hopper) പോലുള്ള കീടങ്ങളും അവിച്ചിൽ (sheath blight ) പോലെയുള്ള രോഗങ്ങളും വന്ന് കണക്കിൽക്കവിഞ്ഞ രാസവസ്തുക്കൾ മണ്ണിൽ പ്രയോഗിക്കേണ്ട അവസ്ഥ വരും. ജലാശയങ്ങൾ മലിനമാകും. കർഷകന്റെയും തൊഴിലാളിയുടെയുമെല്ലാം ആരോഗ്യം ക്ഷയിക്കും.
കൂലിച്ചെലവ് കുറയ്ക്കാനും വിളവ് കൂട്ടാനും രോഗകീടങ്ങൾ കുറയ്ക്കാനുമായി ഗവേഷകർ പണ്ടേയ്ക്കുപണ്ടേ നിർദ്ദേശിച്ച സാങ്കേതിക വിദ്യയായിരുന്നു ഡ്രം സീഡര് സാങ്കേതികവിദ്യ (Drum Seeder Technology). സബ്സിഡി നിരക്കിൽ പാടശേഖരങ്ങൾക്ക് എല്ലാംതന്നെ ഡ്രം സീഡറുകൾ നൽകിയിട്ടുണ്ട്. എന്നാല്‍, അതെല്ലാം യന്ത്രപ്പുരകളിൽ വിശ്രമിക്കുകയാണ്. സർക്കാരിന്റെ പണം പാഴായി. ഇതോടൊപ്പം ചേർത്തുപയോഗിക്കാൻ, കളകളെ നിയന്ത്രിക്കാനുള്ള കോണോ വീഡര്‍ (Cono weeder) എന്ന ലഘു ഉപകരണവും ഉണ്ടായിരുന്നു. രണ്ടുവരി നെല്ലിന്റെ ഇടയിലൂടെ കൊണോ വീഡർ ഓടിക്കുമ്പോൾ അവിടെയുള്ള കളകൾ പറിഞ്ഞു മണ്ണിനടിയിലാകും. അങ്ങനെ കളനിയന്ത്രണം സാധ്യമാകും.
പക്ഷേ, ഇവിടെ ഒന്നും സംഭവിച്ചില്ല. പമ്പയിലൂടെയും മണിമലയാറിലൂടെയും അച്ചൻകോവിലാറിലൂടെയും ഒരുപാട് വെള്ളം ഒഴുകിപ്പോയി. വലിയ മോശമല്ലാത്ത വിളവ് കിട്ടിക്കൊണ്ടിരിക്കുന്നതിനാൽ കർഷകരിപ്പോഴും തങ്ങൾക്കുവരുന്ന നഷ്ടം മനസിലാക്കുന്നുണ്ടെന്നു തോന്നുന്നില്ല.
എന്നാല്‍, കുട്ടനാട്ടിലെ കാവാലം പഞ്ചായത്തിലെ 1500 ഏക്കർ, കൈനടി രാജാരാമപുരം കായൽ പാടശേഖരത്തിലെ കർഷകനായ സോജൻ ഇതിനിടയില്‍ ഒരു പരീക്ഷണത്തിന് തയ്യാറായി. സോജൻ ഗൗരവമായി ഡ്രം സീഡർ ഉപയോഗിക്കാൻ തീരുമാനിച്ചു.
കർഷകരില്‍ പൊതുവായിക്കാണുന്ന ഒരു സ്വഭാവമുണ്ട്. പ്രായം കുറഞ്ഞ കർഷകരെ അംഗീകരിക്കാന്‍ മടിയാണ്. വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാൻ തുനിയുന്നവരെ പരിഹസിക്കാനും ഇഷ്ടമാണ്. ഈ ശീലക്കേടുകളൊക്കെ സോജനും നേരിടേണ്ടി വന്നു. പക്ഷേ, അദ്ദേഹം പരിഹാസത്തില്‍ തളര്‍ന്നില്ല. ഡ്രംസീഡര്‍ ലാഭം തരുമെന്ന് ഈ മണ്ണില്‍ തെളിയിച്ചു.
എന്തൊക്കെയാണ് ഡ്രം സീഡർ കൊണ്ടുള്ള ഗുണങ്ങൾ? നമുക്കു നോക്കാം.
- ഒരേക്കറിനു പന്ത്രണ്ട് കിലോ വിത്ത് മതിയാകും.
- വെള്ളത്തിൽ കുതിർത്ത് മുള പൊട്ടാൻ തുടങ്ങുന്ന പരുവത്തിലാണ് വിതയ്ക്കേണ്ടത്.
- നാല് അല്ലെങ്കിൽ എട്ട് ഡ്രമ്മുകളുള്ള സീഡർ വിപണിയിൽ ലഭ്യമാണ്. അതുപയോഗിച്ച് ഒരു നിരപ്പിൽ 8 മുതൽ പതിനാറ് വരികളിൽ വിത്ത് വിതച്ചു പോകാം.
- ഒരേ അകലത്തിൽ (15-20 cm ) വിത്തുകൾ താഴേക്ക് വീഴാൻ ഡ്രമ്മിൽ ദ്വാരങ്ങൾ ഉണ്ട്.
- കൃത്യമായ അകലത്തിൽ വിത്തുകൾ വീണ് ഞാറ് മുളയ്ക്കുമ്പോൾ കളകൾ നിയന്ത്രിക്കാൻ കളനാശിനികളോ കോണോവീഡര്‍ യന്ത്രമോ ഉപയോഗിച്ച് കളകളെ നിയന്ത്രിക്കാം.
- ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ വിതയ്ക്കാൻ കഴിയും. മണിക്കൂർ അനുസരിച്ച് കൂലി കൊടുത്താൽ മതി.
- പാടത്തു വെള്ളം കുറവാണെങ്കിലും വിതയ്ക്കാം. (പക്ഷേ, നടണമെങ്കിൽ വെള്ളം നന്നായി വേണം.)
- വിത്തിന്റെ ചെലവ് നന്നായി കുറയ്ക്കാം
- 7-10 ദിവസം മുൻപേ കൊയ്യാം
- 25-28% അധികം വിളവ് കിട്ടും. നെല്ല് പെട്ടെന്ന് മണ്ണിൽ നങ്കൂരമിടുന്നതിനാൽ നേരത്തെ തന്നെ മാലപ്പടക്കം പൊട്ടുന്ന പോലെ ചിനപ്പുകൾ പൊട്ടും. കൂടുതൽ കതിരുകളുണ്ടാകും.
- ചെടികൾ തമ്മിൽ നല്ല അകലമുള്ളതിനാൽ മുഞ്ഞ, അവിച്ചിൽ രോഗങ്ങൾ ഉണ്ടാകില്ല. ആയതിനാൽ അനാവശ്യരാസവസ്തു പ്രയോഗം വേണ്ടി വരില്ല.
ചെലവ് കുറവ്, ഗുണം മെച്ചം, വിളവ് കേമം.
സോജന്റെ വിളവും ഉത്സാഹവും കണ്ട് അതേ പാടശേഖരത്തിലെ യുവകർഷകനായ ജോബിയും ഡ്രംസീഡർ ഉപയോഗിക്കാൻ മുന്നോട്ട് വന്നു. സോജനെപ്പോലെതന്നെ നൂറ് മേനി കൊയ്തു. സങ്കടമെന്തെന്നാല്‍, ഇത്രയുമായിട്ടും പൊതുവേ, അവിടുള്ള മറ്റുള്ളവർക്ക് ഇനിയും നേരം വെളുത്തതായി തോന്നുന്നില്ല. എന്നിരുന്നാലും പലരും ധൈര്യപൂര്‍വ്വം മാറ്റത്തിലേക്കു കാലെടുത്തുവയ്ക്കുന്നുണ്ട്. ഈ വിജയം കണ്ടറിഞ്ഞ, തൃശൂർ അടാട്ടു പഞ്ചായത്തിലെ രാജേന്ദ്രപ്രസാദ് എന്ന കർഷകൻ സോജന്റെയും ജോബിയുടെയും മേൽനോട്ടത്തിൽ ഇപ്പോൾ ഇരുപതേക്കറിൽ ഡ്രം സീഡർ ഉപയോഗിച്ച് വിത്ത് വിത നടത്തുകയാണ്.
ഉറപ്പിച്ചുപറയാം, ഡ്രം സീഡര് കുട്ടനാടിന്റെയും കോള്പാടങ്ങളുടെയും തലവരമാറ്റും. ഇതുപയോഗിക്കാൻ അവിടങ്ങളിലെ കർഷകരെ പ്രോത്സാഹിപ്പിക്കാന്‍ കൃഷിവകുപ്പ് മുന്നിട്ടിറങ്ങണം. കുറഞ്ഞ ചെലവും കൂടുതല്‍ വിളവും മാത്രമല്ല ഇതിന്റെ മെച്ചങ്ങള്‍. അനാവശ്യമായ മരുന്നുതളികൾ ഒഴിവാക്കാൻ ഈ രീതി സഹായിക്കും. ആയതിനാല്‍ ഡ്രം സീഡറിനെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്.
കാർഷികസബ്സിഡികൾ ഉത്പാദനത്തിന് ആനുപാതികമാക്കിയാൽ ഇത്തരം സാങ്കേതികവിദ്യകൾ അനുവർത്തിക്കാൻ കൂടുതൽ കർഷകർ മുന്നോട്ടുവന്നേക്കും. പക്ഷെ നമ്മൾ ഇപ്പോഴും വിസ്തൃതി നോക്കിയാണ് ആനുകൂല്യം കൊടുക്കുന്നത്. കൃഷി നശിച്ചാലും വിളവെടുക്കാതെ ഉപേക്ഷിച്ചാലും കളപറിയ്ക്കാതെ കാടുകയറിപ്പോയാലും സബ്സിഡി കിട്ടും. കൂടിയ വിളവിന് കൂടിയ സബ്സിഡി എന്നുവരുമോ അന്ന് ഇത്തരം സാങ്കേതികവിദ്യകൾക്ക് കർഷകരിൽനിന്ന് ഡിമാൻഡ് ഉണ്ടാകും.
അതെന്തുമാകട്ടെ, ഇവിടെ ഹീറോസ് സോജനും ജോബിയുമാണ്. അവരെ ഏറെ അഭിമാനത്തോടെ അഭിനന്ദിക്കുന്നു. അവരുടെ പിന്നിൽ പ്രോത്സാഹനവുമായി നിന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. തടിക്കു കനമുള്ളവനല്ല ഇടിയില്‍ ജയിക്കുന്നത്, ഇടിക്കു കനമുള്ളവനാണ്. അത് ഈ ചെറുപ്പക്കാര്‍ തെളിയിച്ചു. ഇനിയെങ്കിലും നമുക്ക് മാറിക്കൂടേ?