കർഷകർ, കാർഷികസംരംഭകർ, കാർഷികസ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായസംഘങ്ങൾ, ഇതര സഹകരണസംഘങ്ങൾ എന്നിവർക്ക് കുറഞ്ഞ പലിശനിരക്കിൽ രണ്ടുകോടി രൂപ വരെ കേരള ബാങ്കിൽ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ നൽകും. കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനുള്ള അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്നുള്ള മൂന്നുശതമാനം പലിശ ഇളവോടെ, ആറുശതമാനം പലിശയ്ക്കാണ് വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കുമാത്രം അനുവദിച്ചിരുന്ന എ.ഐ.എഫ്. വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണസംഘങ്ങൾക്കും ഇപ്പോള്‍ നൽകുന്നത്.
ഒരു യൂണിറ്റിന് പദ്ധതിത്തുകയുടെ 90 ശതമാനം അല്ലെങ്കിൽ രണ്ടുകോടിരൂപവരെ അനുവദിക്കും. കാർഷിക മൂല്യവർധിതോത്പന്നങ്ങളുടെ നിർമാണത്തിനു വായ്പ പ്രയോജനപ്പെടുത്താം.
കർഷകർക്കു ഹ്രസ്വകാല, ദീർഘകാല കാർഷികവായ്പകളും കുറഞ്ഞ പലിശനിരക്കിൽ അനുവദിക്കും. ക്ഷീരകർഷകർക്ക് രണ്ടുലക്ഷം രൂപവരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധനവായ്പയും ദീർഘകാലവായ്പയും കുറഞ്ഞ പലിശനിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭിക്കും. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യവില്പന വാഹനത്തിനും വായ്പയുണ്ട്.
2025-26-ൽ ബാങ്കിൻ്റെ മൊത്തം വായ്പയുടെ മൂന്നിലൊന്ന് കാർഷികമേഖലയ്ക്ക് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷം കാർഷികമേഖലയിൽ മാത്രം 99,200 പുതിയ വായ്പകളാണ് ബാങ്ക് നൽകിയത്.
അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി ഉപയോഗിച്ച് പ്രാഥമിക കാർഷികവായ്പാ സംഘങ്ങൾക്ക് രാജ്യത്ത് കൂടുതൽ വായ്പവിതരണം ചെയ്തത് കേരള ബാങ്കിലൂടെയാണ്.