നമ്മൾ ദിവസവും കഴിയ്ക്കുന്ന ഭക്ഷണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കൂ… അതിൽ ഏറിയ പങ്കും സംസ്കരിക്കപ്പെട്ടവയാണ് (Processed). ഉദാഹരണമായി, രാവിലെ ചായയോ കാപ്പിയോ കുടിച്ചുകൊണ്ട് നമ്മൾ ഒരു ദിവസം തുടങ്ങുന്നു. അതിൽ ഉപയോഗിച്ച തേയില (വിവിധ തരം CTC, Orthodox, Green Tea തുടങ്ങിയവ), കാപ്പിപ്പൊടി (Chicory blend, ഫിൽറ്റർ കോഫി, instant coffee മുതലായവ), പഞ്ചസാര എന്നിവയെല്ലാം തന്നെ സംസ്കരിച്ചവയാണ്. എന്തിന്, മിൽമ പോലെയുള്ള ബ്രാന്‍ഡുചെയ്ത പാൽ പോലും സംസ്കരിച്ചവയാണ്. ഇനി പാൽപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതും സംസ്കരിച്ചതാണ്.
അടുത്തതായി പ്രഭാതഭക്ഷണമെടുക്കാം. ഉപ്പുമാവ് ആണെകിൽ അതിന്റെ പ്രധാന ഘടകമായ റവ, ചപ്പാത്തി ആണെങ്കിൽ അതിനുപയോഗിക്കുന്ന ആട്ട, ഇഡലിമാവ്, ദോശ മാവ്, പുട്ടുപൊടി, അപ്പംമാവ്, പാക്കറ്റിൽ വരുന്ന ചപ്പാത്തി, പൂരി… എല്ലാം തന്നെ സംസ്കരിച്ചവയാണ്.
ഇനി ഉച്ചഭക്ഷണത്തിന്റെ കാര്യമെടുത്താൽ അതിനുപയോഗിക്കുന്ന അരി, മുളകുപൊടി, മല്ലിപ്പൊടി, മസാലകൾ എന്നിവയെല്ലാം തന്നെ സംസ്കരിച്ചവയാണ്. ചുരുക്കിപ്പറഞ്ഞാൽ നാം പച്ചയ്ക്കുവാങ്ങുന്ന മലക്കറികള്‍, പഴങ്ങള്‍, കിഴങ്ങുവർഗ്ഗങ്ങള്‍, ചന്തയില്‍ക്കിട്ടുന്ന മീന്‍, അപ്പോള്‍ വെട്ടിത്തരുന്ന ഇറച്ചി, സാധാരണയായി വാങ്ങുന്ന മുട്ട, വീടുകളില്‍ വില്ക്കുന്ന പാല്‍ ഇങ്ങനെ കുറേ സാധനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഒട്ടുമുക്കാലും സംസ്കരിച്ച രൂപത്തിലാണ് നമ്മുടെ അടുക്കളകളിലെത്തുന്നത്.
എന്തിനുവേണ്ടിയാണ് ഭക്ഷണസാധനങ്ങൾ സംസ്കരിക്കുന്നത് അഥവാ രൂപമാറ്റം വരുത്തുന്നത്?
- ദീർഘകാലം സൂക്ഷിച്ചുവയ്ക്കാൻ
- വാഹനങ്ങളിൽ കേടുകൂടാതെ ദീർഘദൂരം കൊണ്ടുവരാന്‍
- കൂടുതൽ ആകർഷകമാക്കാൻ
- എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റിയ രൂപത്തിലാക്കാൻ
അങ്ങനെ പല കാരണങ്ങളുണ്ട്. യഥാർത്ഥത്തിൽ കർഷകൻ എന്നുപറയുന്ന പ്രാഥമികോത്പാദകന് ഇതിൽ എന്തെങ്കിലും പങ്ക് വഹിക്കാന്‍ കഴിയുന്നുണ്ടോ? 99%വും ഇല്ല എന്നാണുത്തരം. ഒരു അസംസ്കൃതവസ്തു ഉത്പാദകൻ എന്ന നിലയിൽത്തന്നെ കർഷകൻ നിൽക്കുന്നു. ഒരു കിലോ നെല്ല് ഉത്പാദിപ്പിച്ച കർഷകൻ, സർക്കാർ സംവിധാനം വഴിയാണെങ്കിൽ 28.20 രൂപ ഒരു കിലോയ്ക്ക്, സ്വകാര്യകച്ചവടക്കാർ വഴിയാണെങ്കിൽ അതിലും കുറഞ്ഞ വിലയ്ക്ക് തന്റെ ഉത്പന്നം കെട്ടിയേല്പിച്ച് സന്തുഷ്ടനായി കളമൊഴിയുന്നു.
എന്നാൽ കൂടുതൽ ലാഭം ഉണ്ടാക്കുന്നതാരാണ്? ഈ അസംസ്കൃത കാർഷികോത്പന്നങ്ങൾ (Raw Agricultural Commodities) വാങ്ങി സംസ്കരിച്ച് വിപണനം ചെയ്യുന്നവർ. അവരെ ഭക്ഷ്യസംസ്കരണ സംരംഭകര്‍ (Food Processors) എന്നുവിളിക്കുന്നു. അതിൽ കോർപ്പറേറ്റ് കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ചെറുതും വലുതുമായ സ്വകാര്യസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ഉൾപ്പെടുന്നു.
എന്തുകൊണ്ട്, സംസ്കരണത്തിന്റെ ഈ ഘട്ടം കൂടി സംരംഭകന് പൂര്‍ത്തിയാക്കിക്കൂടാ? ഒരു കാർഷികോത്പന്നം മൂല്യവർധിതോത്പന്നം (Value Added Product ) ആക്കിമാറ്റാൻ നിലവിൽ കർഷകന് എന്താണു തടസ്സം? - അങ്ങനെ ഇതുവരെ കർഷകൻ ചിന്തിച്ചിട്ടില്ല
- അതിന് വലിയ സാങ്കേതികവിദ്യയും മൂലധനനിക്ഷേപവും വേണം എന്ന തെറ്റിദ്ധാരണ.
- അതിന്റെ വിപണനം എങ്ങനെ ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസമില്ലായ്മ.
- അങ്ങനെ ഒരു പ്രക്രിയ /സംരംഭത്തിൽ ഏർപ്പെടുമ്പോൾ എന്തൊക്കെ സർക്കാർ നടപടിക്രമങ്ങളും ലൈസൻസുകളും വേണം എന്ന അറിവിമില്ലായ്മ.
- സ്വന്തമായി മൂലധനം ഇല്ലാത്ത /കിട്ടാത്ത അവസ്ഥ.
- ബാങ്കുവായ്പ എങ്ങനെ കിട്ടും എന്ന് അറിയായ്ക.
- ബാങ്കുകളിൽ നൽകാനുള്ള DPR ഉണ്ടാക്കാൻ അറിയാത്ത അവസ്ഥ.
- ആവശ്യമായ യന്ത്രങ്ങളെക്കുറിച്ച് അറിവില്ലായ്മ.
- സംരംഭത്തിന് സഹായകമായ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മ.
- സംരംഭം പ്രോത്സാഹിപ്പിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരുടെ നിസംഗത, അലസത, നിരുത്തരവാദിത്വം.
ഇങ്ങനെ ഒരുപാട് കാരണങ്ങൾ ചൂണ്ടിക്കാട്ടാം. ഈ വെല്ലുവിളികൾക്കിടയിലും കാർഷികസംരംഭങ്ങൾ തുടങ്ങിവിജയിച്ച എത്രയോപേരെ നമുക്ക് കണ്ടെത്താൻ കഴിയും. അപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തിയതു കൊണ്ടോ, വ്യവസ്ഥിതിയെ പഴി പറഞ്ഞതുകൊണ്ടോ ഒന്നും ഒരു കാര്യവുമില്ല. വിജയിക്കാൻ തുനിഞ്ഞിറങ്ങിയവൻ വിജയിക്കുകതന്നെ ചെയ്യും.
ഇപ്പോൾ ഭക്ഷ്യസംസ്കരണസംരംഭങ്ങളെ സഹായിക്കാൻ സംസ്ഥാന -കേന്ദ്ര സർക്കാരുകൾ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട മൂന്നു പദ്ധതികളാണ് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF ), Prime Minister Formalization of Micro Enterprises (PMFME), Sub Mission on Agri Mechanization (SMAM ). ഇതിൽ ഒന്നും രണ്ടും വായ്പാബന്ധിത (Credit Linked ) മാണ്. ഒരേ പദ്ധതികൾക്ക്, ആവശ്യധിഷ്ഠിതമായി ഇവ സംയോജിപ്പിക്കുകയും ചെയ്യാം.
പ്രോസസ്സിംഗിനെ നമുക്ക് രണ്ടായി തിരിക്കാം - പ്രാഥമിക സംസ്കരണം (Primary Processing )
- ദ്വിതീയ സംസ്കരണം (Secondary Processing )
ഉദാഹരണമായി നെല്ലുസംഭരിച്ച്, ഗ്രേഡുചെയ്ത്, പാറ്റിപ്പെറുക്കി, പുഴുങ്ങിയോ പുഴുങ്ങാതെയോ കുത്തി അരിയാക്കിയാൽ അതിനെ പ്രാഥമിക സംസ്കരണം എന്ന് പറയാം. എന്നാൽ അരിയെ വീണ്ടും പൊടിയോ പൊരിയോ അവുലോസുപൊടിയോ ആക്കി മാറ്റുന്നതിനെ ദ്വിതീയ സംസ്കരണം എന്ന് വിളിക്കാം.
ലോകപ്രശസ്ത എഴുത്തുകാരനും പ്രചോദകനുമായ ഡെയിൽ കാർനെഗി (Dale Carnegie) യുടെ ഏറെവിറ്റുപോയ ‘ആധിപിടിക്കുന്നത് അവസാനിപ്പിച്ച് എങ്ങനെ ജീവിതം ആരംഭിക്കാം’ (How to stop worrying and start living) എന്ന ജനപ്രിയ പുസ്തകത്തില്‍ അദ്ദേഹം പറയുന്ന ഒരു തത്ത്വമുണ്ട്- “നിങ്ങള്‍ക്കു നാരങ്ങയുണ്ടെങ്കില്‍ നാരങ്ങാവെള്ളമാണ് വില്‍ക്കേണ്ടത്” (If you have lemon, make lemonade). കർഷകൻ എന്തു സംസ്കരിക്കണം എന്നുചോദിച്ചാൽ തന്റെ കയ്യിൽ എന്താണോ ഉള്ളത് അല്ലെങ്കിൽ താൻ എന്താണോ കൂടുതലായി ഉത്പാദിപ്പിക്കുന്നത് അത് സംസ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. അതുമല്ലെങ്കിൽ, തന്റെ പ്രദേശത്ത് കൂടുതലായി ലഭ്യമായ കാർഷിക അസംസ്കൃതവസ്തു ഏതാണോ അതിനെ അധിഷ്ഠിതമാക്കിയുള്ള ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. അത് ആളുകൾക്ക് വളരെ ആവശ്യമായ ഒരുത്പന്നം ആയിരിക്കുകയും വേണം. അതിന്റെ നിലവിലുള്ള വിപണിലഭ്യത, അതിന്റെ പ്രമുഖ നിർമ്മാതാക്കൾ, അവർ എന്തു വിലയ്ക്കാണ് അത് വിൽക്കുന്നത്, എത്ര അളവിൽ ഓരോ കടകളിലും വിൽക്കുന്നു എന്നൊക്കെ പഠിക്കണം. എന്നിട്ട്, നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഉത്പന്നം ഏത് തരത്തിൽലാണ് ഇവയോട് കിടപിടിക്കുക എന്നു ചിന്തിക്കണം. വില, ഗുണം, രുചി, ആകർഷണീയത തുടങ്ങിയ കാര്യങ്ങളിൽ, നിലവിലുള്ള ഉത്പന്നങ്ങളോട് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ഉത്പന്നം വിപണിയിൽ വാഴില്ല എന്നും മനസ്സിലാക്കണം.
അപ്പോൾ, എന്തുത്പാദിപ്പിക്കണം എന്ന തീരുമാനം സംരംഭകന്റേതാണ്. അത് നെല്ല്, വാഴപ്പഴം, പച്ചക്കറികൾ, പഴങ്ങൾ, പാൽ, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങൾ, നാളീകേരം, കൂൺ, തേൻ, പൂക്കൾ, ഔഷധസസ്യങ്ങൾ എന്നിങ്ങനെ എന്തിലും അധിഷ്ഠിതമാകാം.
സംരംഭകത്വം ഞെക്കിപഴുപ്പിച്ചു എടുക്കാവുന്ന ഒന്നല്ല, പലപ്പോഴും. അത് ജനിതകമാണ്. രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ജൂതന്മാർ, പാർസികൾ, മാർവാഡികൾ എന്നിങ്ങനെ ചില സമുദായങ്ങളോ വംശങ്ങളോ എടുത്താൽ അവരിൽ സംരംഭകത്വം അന്തർലീനമാണ് എന്നുകാണാം. അവരാരും തന്നെ ആകർഷകമല്ലാത്ത സർക്കാർ ജോലികൾക്ക് പോകാറില്ല. ചെറിയ പ്രായം മുതൽ തന്നെ കുടുംബപരമായ ചെറുബിസിനസ്കളിൽ ഏർപ്പെടും. വളരുമ്പോൾ സ്വന്തമായി സംരംഭം ആരംഭിക്കും.
അമേരിക്കയിലെ ഫ്ലോറിഡയിൽ റാറ്റില്‍ ഫ്ലോറിഡ (Rattle Florida) എന്ന ഒരു സ്ഥലമുണ്ട്. പണ്ടൊരിക്കൽ ഒരു വ്യവസായി വിശ്രമജീവിതം നയിക്കാൻ ഒരു ഇടനിലക്കാരൻ വഴി അവിടെ ഫാം ലാൻഡ് വാങ്ങി. സ്ഥലം കാണാതെ, ഇടനിലക്കാരനെ വിശ്വസിച്ചാണ് വാങ്ങൽ നടത്തിയത്. ആദ്യമായി സ്ഥലം കാണാൻ പോയ വ്യവസായി, സ്ഥലം കണ്ട് ഞെട്ടിപ്പോയി. വലിയ ഉരുളൻപാറകൾ നിറഞ്ഞ സ്ഥലം. ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നുപോകുമ്പോൾ പലയിടങ്ങളിൽനിന്നും കിലുകിലാശബ്ദം കേൾക്കാൻ തുടങ്ങി. കാരണം അന്വേഷിച്ചപ്പോൾ അവിടുത്തെ പാറകളുടെ ഇടയിൽ മുഴുവൻ കിലുക്കിപ്പാമ്പു (Rattle Snake) കൂടാണ് എന്നു മനസ്സിലായി. (അവയുടെ വാലിലുള്ള ശല്കസമാനമായ അവയവം തറയിൽ തട്ടുമ്പോഴാണ് കിലുകിലാ ശബ്ദം കേൾക്കുന്നത്. അങ്ങനെയാണ് അവയ്ക്ക് ആ പേര് വന്നത്. ) അവിടെ കൃഷി ഏതാണ്ട് അസാധ്യമെന്ന് മനസിലാക്കിയ വ്യവസായി, Dale Carnegi യുടെ “If you have lemon, make lemonade “തത്വം ഓർമ്മിച്ചു. പിന്നെ ഒട്ടും വൈകിയില്ല. അതിനെ ഒരു പാമ്പ് പാര്‍ക്ക് ആക്കിമാറ്റി. അവിടെ കുട്ടികൾക്കായി കളിസ്ഥലവും കളിക്കോപ്പുകളും നിർമ്മിച്ചു. കിലുക്കിപ്പാമ്പിനെ പിടിക്കാനും അതിനെ ഉപയോഗിച്ച് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാനും തുടങ്ങി. അതിന്റെ തോൽ ഉപയോഗിച്ച് ബാഗുകളും മറ്റും ഉണ്ടാക്കാൻ തുടങ്ങി. ചുരുക്കത്തിൽ ആ സ്ഥലം ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ഈ സ്ഥാപനത്തിന്റെ പേരിൽ അവിടം Rattle Florida എന്നറിയപ്പെടാനും തുടങ്ങി എന്ന ഒരു കഥയുണ്ട്.
അപ്പോള്‍ ചുരുക്കുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് ഈ കഥ കേട്ട് മതിയാക്കാം. അല്ലെങ്കില്‍ ഒരു സംരംഭത്തിനായി ഇറങ്ങിപ്പുറപ്പെടാം. ശുഭദിനം.