Menu Close

പക്ഷിപ്പനി: പക്ഷികളുടെ വിൽപ്പന വിലക്കി

ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നീരേക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. 
നീരേക്കടവിലെ സുഭാഷ് പ്ലാക്കത്തറ എന്ന വ്യക്തിയുടെ എണ്ണൂറോളം വരുന്ന ഒന്നരമാസം പ്രായമുള്ള കോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച കോഴികളെയും ഇതിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു വളർത്തു പക്ഷികളെയും അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി മറവു ചെയ്യും. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന്  ഒരു കിലോമീറ്റർ ചുറ്റളവ് അണുബാധ മേഖല ആയും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖല ആയും കണക്കാക്കും.
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മറ്റ് വാർഡുകളിലെയും നിരീക്ഷണമേഖലയിൽ പൂർണ്ണമായും ഉൾപ്പെട്ടുവരുന്ന വൈക്കം നഗരസഭയിലും ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയാഴം, തലയോലപ്പറമ്പ്, ടി വി പുരം എന്നീ ഗ്രാമപഞ്ചായത്തുകളിലും കടുത്തുരുത്തി, കല്ലറ, എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും 2024 ജൂൺ 25  മുതൽ ജൂൺ 29 വരെ നാല് ദിവസത്തേക്ക് പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും നിരോധിച്ചിട്ടുണ്ട്.