കേരളം ഒരു വര്‍ഷത്തിനകം പാലുത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കും. അതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കുമ്പഡാജെ പാത്തേരി ക്ഷീരോല്പാദക സഹകരണസംഘത്തിന്റ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ കേരളത്തിനാവശ്യമായ 90 ശതമാനം പാലും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു അടുത്ത ഒരു വര്‍ഷം കൊണ്ട് അഞ്ചുലക്ഷം ലിറ്റര്‍ പാല് കൂടി ഉല്പാദിപ്പിക്കാന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്. 2025 ഓടുകൂടി പാല് ഉത്പാദനത്തില്‍ സ്വയം സ്വയംപര്യാപ്തത പ്രഖ്യാപിക്കാന്‍ സാധിക്കും. ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.
കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ 1, 10 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പാത്തേരി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം. നിലവില്‍ 21 ഓളം ക്ഷീരകര്‍ഷകരില്‍ നിന്നായി ദിവസവും 250 ലിറ്ററോളം പാല് സംഭരിക്കുന്നുണ്ട്. ഇവരുടെ പ്രാദേശിക പാല് വില്‍പ്പന പൊതുവെ കുറവാണ്. ഈ സംഘത്തെ കൂടാതെ 2 ക്ഷീരസംഘങ്ങള്‍ കൂടി കുമ്പഡാജെ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് നാരായണന് പദ്ധതി വിശദീകരിച്ചു. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസൊളിഗെ, മില്‍മ കെ.സി.എം.എം.എഫ് ഡയറക്ടര്‍ പി.പി.നാരായണന്, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖദീജ, കാറഡുക്ക ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശാലിനി, കുമ്പഡാജെ ഡിസ്പെന്‍സറി വെറ്റിനറി സര്ജന് എന്‍.ശ്രീല, പി ആന്റ് ഐ മില്‍മ ജില്ലാ ഓഫീസ് മേധാവി പി.എം.ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് വികസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.എം.അബ്ദുല്‍ റസാഖ് സ്വാഗതവും സംഘം സെക്രട്ടറി അക്ഷയ കുമാര്‍ നന്ദിയും പറഞ്ഞു.