ഇടുക്കി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഹരിതകേരളംമിഷന്‍ ജലബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നീരുറവ് നീര്‍ത്തടാധിഷ്ടിത പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് നിര്‍വഹിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതി, ജലസേചനം, കൃഷി, മണ്ണ് – ജല സംരക്ഷണം, മണ്ണ് പര്യവേക്ഷണം, ജല സേചനം, ഭൂഗര്‍ഭജലം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 7,9,14 വാര്‍ഡുകളിലെ മണിയാറന്‍കുടി നീര്‍ത്തടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പദ്ധതിയിലൂടെ കാടുകയറി മറഞ്ഞു പോയ മണിയാറന്‍കുടി തോട് മണ്ണൊലിപ്പ് തടഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷണ പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
നീരൊഴുക്ക് സുഗമമാക്കി നീര്ച്ചാല് വീണ്ടെടുക്കുന്നത് വഴി, ജലലഭ്യത ഉറപ്പ് വരുത്തുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനും കഴിയും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ നീര്‍ച്ചാലിന്റെ 2500 മീറ്റര്‍ ദൂരത്തില്‍ കയര്‍ ഭൂവസ്ത്രം വിരിക്കും. മൂന്ന് ഘട്ടമായി 7500 മീറ്റര്‍ ദൂരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു.
ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍കുമാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം കോഡിനേറ്റര്‍ ബിന്‍സ് സി തോമസ്, വൈക്കം കയര്‍ കോര്പ്പറേഷന് പ്രോഗ്രാം ഓഫീസര്‍മാരായ മുഹമ്മദ് സാബിര്‍, സ്മിത, ഇടുക്കി ബി. ഡി. ഓ സൈലേഷ് സാബു, ജോയിന്റ് ബി. ഡി. ഓ വിനു കുമാര്‍ എസ് പി, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.