ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ. കൃഷിഭവൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലാണ് കൃഷിക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. നീറംപുഴ ഗവൺമെൻ്റ് സ്കൂൾ, സെന്റ്.ലിറ്റിൽ തെരേസാസ് സ്കൂൾ, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, സെൻ്റ് ആൻഡ്രൂസ് എന്നീ വിദ്യാലയങ്ങളിലാണ് മില്ലറ്റ് കൃഷിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
നീറംപുഴ ഗവൺമെൻ്റ് സ്കൂളിലാണ് ആദ്യമായി കൃഷിഭവന്റെ നേതൃത്വത്തിൽ ചെറുധാന്യ കൃഷി ആരംഭിച്ചത്. സ്കൂളിൽ ആരംഭിച്ച ചോളം കൃഷി വിളവെടുപ്പിന് ഒരുങ്ങിയിട്ടുണ്ട്. കൃഷിഭവനിൽ നിന്നും നൽകിയ ചോളത്തിന്റെ തൈകളാണ് വിദ്യാർത്ഥികൾ കൃഷി ചെയ്തത്. 200 ചോളം തൈകളാണ് കുട്ടി കർഷകർ സ്കൂൾ പരിസരത്തെ ഗ്രൗണ്ടിൽ നട്ടുപിടിപ്പിച്ചത്.
സെന്റ്.ലിറ്റിൽ തെരേസാസ് സ്കൂളിൽ കൃഷി ചെയ്യുന്നതിന് സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം കൃഷിക്കായി ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത്, കൃഷിഭവൻ, അഗ്രോ സർവീസ് സെന്ററിലെ തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെയാണ് സ്ഥലം കൃഷിക്കായി ഒരുക്കിയത്. ഉടൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൃഷി ആരംഭിക്കും. ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, സെൻ്റ് ആൻഡ്രൂസ് എന്നിവിടങ്ങളിലും സ്കൂൾ പരിസരത്ത് കൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ചെറുധാന്യ കൃഷിയെക്കുറിച്ചും പോഷക ഗുണങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നൽകിയ ശേഷമാണ് കർഷകരായി കുട്ടികളെ തയ്യാറാക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും കൃഷി ചെയ്യുന്നതിന്റെ പ്രാഥമിക രീതികളെ കുറിച്ച് വിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകിയിട്ടുണ്ട്.