കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി യൂണിവേഴ്സിറ്റി ദത്തെടുത്ത ചുണ്ടേൽ ചെമ്പട്ടി ഊരിൽ നവീകരിച്ച കാലിത്തൊഴുത്ത് കൈമാറ്റവും റബ്ബർ മാറ്റ്, കാലിത്തീറ്റ വിതരണവും നടന്നു. ഇതിന്റെ ആദ്യഘട്ടമായി വൈത്തിരി പഞ്ചായത്തിലെ മോഹനാണ് നവീകരിച്ച് നിർമ്മിച്ച കാലിത്തൊഴുത്തും തറയിൽ വിരിയ്ക്കാനുള്ള റബ്ബർമാറ്റുകൾ, കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയും കൈമാറിയത്. കൽപ്പറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് റബ്ബർ മാറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്ജ് കാലിത്തീറ്റ വിതരണവും നടത്തി.