ഇന്ന് ജൂലൈ 4 അന്താരാഷ്ട്രതലത്തില്‍ ചക്കദിനമാണ്.
കേരളത്തിന്റെ സ്വന്തം പഴം ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയവിഭവമാണ്. എന്നിട്ടും അതിനെ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ ഇതുവരെ നമുക്ക് കഴിയാതെപോയതില്‍ അത്ഭുതം മാത്രമല്ല, വേദനയും തോന്നിയേ തീരൂ.
ഇംഗ്ലീഷില്‍ ചക്കയുടെ പേര് ജാക്ക് ഫ്രൂട്ടെ (jack fruit) ന്നാണല്ലോ. പോര്‍ട്ടുഗീസ് ഭാഷയിലെ ജാക്ക (jaca) എന്ന വാക്കില്‍നിന്നാണ് അതിന്റെ ഉത്ഭവം. പോര്‍ട്ടുഗീസുകാര്‍ക്ക് ഈ പേരെവിടുന്നുകിട്ടി? നമ്മുടെ സ്വന്തം ചക്കയില്‍നിന്ന്. കുരുമുളകും ഏലവും കറുവപ്പട്ടയും തിരഞ്ഞാണ് ആയിരക്കണക്കിനു മൈല്‍ കടല്‍ താണ്ടി നമ്മുടെ തീരമണഞ്ഞതെങ്കിലും അവ മാത്രമല്ല നമ്മുടെ ചക്കയും അവര്‍ക്കു പ്രിയങ്കരമാവുകയായിരുന്നു. പറങ്കികള്‍ വഴിയാണ് യൂറോപ്യന്‍ലോകം ചക്കയറിഞ്ഞത്. അന്നുമുതല്‍ ഹവായ് ദ്വീപുകള്‍ തൊട്ട് ഇപ്പോള്‍ കാനഡവരെ ചക്കക്കൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു. നമ്മള്‍ തുടങ്ങിയതേയുള്ളൂ. 201 8 ആകേണ്ടിവന്നു ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ പഴമായെങ്കിലും അംഗീകരിക്കപ്പെടാന്‍.
വന്‍തോതിലാണ് കേരളത്തില്‍ ചക്കയുടെ ഉല്‍പ്പാദനം. പ്രതിവര്‍ഷം ഏകദേശം 35 കോടിയിലേറെ ചക്കയാണത്രേ ഒരു പരിചരണവുമില്ലാതെ കേരളത്തിലുണ്ടാകുന്നത്. പക്ഷേ, അവയില്‍ വളരെക്കുറച്ചുമാത്രമേ ഉപയോഗപ്പെടുത്തുന്നള്ളൂ. ഈ സ്ഥിതി മാറേണ്ടതുണ്ട്. മാംസത്തിനു പകരക്കാരനെന്ന നിലയിലാണ് ലോകമെമ്പാടും ചക്കയെ കാണുന്നത്. ഒരു ചക്കയ്ക്ക് നൂറോ ഇരുന്നൂറോ രൂപയാണ് ഇവിടെങ്കില്‍ അറബുരാജ്യങ്ങളില്‍ അത് അയ്യായിരവും യൂറോപ്പില്‍ പതിനായിരവുമാണ് വില വരിക. കേരളത്തില്‍ ഒരു വര്‍ഷം പാഴാകുന്ന ചക്ക മാത്രം മതി നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് നിവരാന്‍. അതിന് ഇനിയും അമാന്തമരുത്.
ലോകത്തെ ഏറ്റവും വലിയ പഴമാണ് ചക്ക. ചക്ക പിടിക്കാത്ത നാടുകളില്‍ ആ ഒറ്റ കൗതുകം മതി വിപണിയെ ആകര്‍ഷണകേന്ദ്രമാകാന്‍. അതിനൊപ്പം പോഷകങ്ങളുടെ കവവറ കൂടിയാണ് ചക്ക. പ്രോട്ടീന്‍ സമ്പന്നമായ ചക്കയില്‍ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്.
ഇന്ത്യയില്‍ തമിഴ്നാട് മുതല്‍ ത്രിപുര വരെ ചക്കയുല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുണ്ടെങ്കിലും കേരളത്തിന്റെ ചക്കയ്ക്ക് ഭൗമികമായ ഒട്ടേറെ ഗുണങ്ങളുണ്ട്. ഒട്ടും കീടനാശിനിപ്രയോഗമില്ലാതെയാണ് നമ്മുടെ നാട്ടില്‍ ചക്ക വിളയുന്നത്. അതിനാല്‍ കേരളത്തിന്റെ ചക്കയുടെ ജൈവഗുണവും വിഷവിമുക്തതയും വിപണിയില്‍ നമുക്ക് മാന്യമായ സ്ഥാനമാണ് തരുന്നത്.
ഇന്ത്യയ്ക്കു പുറത്ത് ചക്ക സുലഭമായുള്ളത് തായ്ലന്‍ഡിലും ഫിലിപ്പൈന്‍സിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമാണ്. ഇതില്‍ തായ്ലാന്‍ഡാണ് ചക്കയില്‍നിന്ന് ഏറ്റവുമധികം ഡോളര്‍ കൊയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലും സംസ്ഥാനഫലമാകുമ്പോള്‍ ബംഗ്ലാദേശിന്റെ ദേശീയഫലമാണ് ചക്ക.
നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട ധാരാളം ഘടകങ്ങൾ ചക്കയിലുണ്ട്. ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതുകൂടാതെ പ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിൻ എയും വിറ്റാമിൻ സിയുമുണ്ട്. പൊട്ടാസ്യം, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം മുതലായ മിനറലുകളും ചക്ക വഹിക്കുന്നു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ ചെറുക്കാന്‍ കഴിവുള്ള ധാരാളം ആന്റി ഓക്സിഡൻറുകളും ചക്കയിലുണ്ട്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ നാരുകൾ ധാരാളമായുണ്ട്.
വീട്ടുമുറ്റത്തു തുടങ്ങി ഏതു തോട്ടത്തിലും പ്ലാവിന് സ്ഥാനമുണ്ട്. അല്ലാതെ പ്രത്യേകമായൊരു സ്ഥാനം കൂടി വേണ്ട. എന്തിന്റെകൂടെയും ഇടവിളയായി പ്ലാവ് നടാനാകും. ഒരേക്കര്‍ സ്ഥലത്ത് 8 മീറ്റര്‍ ഇടയകലം നല്‍കി ഏകദേശം അറുപതോളം പ്‌ളാവിന്‍തൈകള്‍ നടാനാകും. വരിക്കയും കൂഴയുമാണ് നമ്മുടെ പ്രധാനയിനങ്ങള്‍. ഒരു ചക്കയ്ക്ക് ശരാശരി 15 കിലോ ഭാരമുണ്ടാകും.
ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കച്ചവിണി, ചക്കക്കുരു തുടങ്ങി എന്തും സ്വാദിഷ്ടമായ വിഭവങ്ങളായിമാറും. അതുപോലെതന്നെ ചക്കയുടെ എല്ലാ ഘട്ടങ്ങളും. മൂപ്പെത്താത്ത ഇടിച്ചക്ക, വിളഞ്ഞ ചക്ക, ചക്കപ്പഴം എന്നിവയെല്ലാം രുചികൊണ്ടും പോഷകഗുണം കൊണ്ടും കേമമാണ്. ചക്കക്കുരു പ്രോട്ടീൻ, മിനറലുകൾ എന്നിവയാൽ സമൃദ്ധമാണ്. അരക്കുപോലും പശയായും ഇന്ധനമായും ഉപയോഗിക്കപ്പെടുന്നുണ്ട്. 120 ലേറെ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കാന്‍ കഴിയും.
ടൂറിസത്തിനൊപ്പം ലോകമാസകലം കേരളത്തിനു കൊണ്ടുനടന്നു വില്‍ക്കാനുള്ള വിപണനമൂല്യമുണ്ട് കേരളത്തിന്റെ ചക്കയ്ക്ക്. അതുപയോഗപ്പെടുത്തുന്ന കാലം അധികം താമസിയാതെ വരുമെന്നു പ്രതീക്ഷിക്കാം. ഒപ്പം, നമുക്കോരോ മലയാളിക്കും പ്ലാവ് നട്ട് ആ വലിയ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ കഴിയും. ചക്ക അടത്താനുള്ള പാടും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുമാണ് ചക്കയില്‍നിന്നു മലയാളിയെ അകറ്റിയതെന്നു പറയാറുണ്ട്. ഇതുരണ്ടും പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ട് പരിഹിരക്കാവുന്ന വിഷയമാണ്. പുതിയ സംരംഭകര്‍ ചക്കയില്‍നിന്നുള്ള മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളുടെ ലോകവിപണി മനസ്സിലാക്കാനും അതു പ്രയോജനപ്പെടുത്താനും ശ്രമിക്കണം. വെജിറ്റബിള്‍ മട്ടണ്‍ എന്ന പേരിലാണ് വന്‍നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നമ്മുടെ ഇടിച്ചക്ക സ്ഥാനം പിടിക്കുന്നത്. സ്വീറ്റ് ജാക്ക് ഫ്രൂട്ട് എന്നാണ് വരിക്കച്ചക്കയെ അവര്‍ വരവേല്‍ക്കുക. ലോകവിപണി പിടിക്കാനുള്ള വിഭവം റെഡിയാണ്. കരുത്തുള്ള മനസ്സുണ്ടോ എന്നതുമാത്രമാണ് പ്രശ്നം.