ചൂടും വരള്‍ച്ചയും നാളുതോറും കൂടിവരുന്ന സ്ഥിതിയാണ്. ഇതിനിടയില്‍ എങ്ങനെ കൃഷിചെയ്യും എന്നു സങ്കടപ്പെടരുത്. വേനലിലും കൃഷിയാകാം. കുറച്ച് ജാഗ്രത മാത്രം മതി. അനാവശ്യമായ വെള്ളത്തിന്റെ ഉപയോഗം കുറച്ചും തണലുണ്ടാക്കിയും നമുക്ക് ഉണക്കുകാലത്തും നല്ല വിളവുണ്ടാക്കാം. അതെങ്ങനെയെന്നാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നത്.
പൊതുവായി ശ്രദ്ധിക്കേണ്ടവ
പകൽ 12 മുതൽ 3 വരെയുള്ള സമയത്ത് കൃഷിപ്പണിയിലേര്‍പ്പെടുന്നത് പരമാവധി ഒഴിവാക്കണം.
നല്ല വെയിലുള്ള സമയത്ത് രാസകീടനാശിനികൾ ഒരു കാരണവശാലും പ്രയോഗിക്കരുത്.
ഉണക്കുസമയം നനയില്ലാത്ത സമയത്ത് രാസവളം, കോഴിവളം തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.
വെള്ളത്തിന്റെ ഉപയോഗം
തിരിനന (Wick Irrigation)
വീട്ടുവളപ്പിലും കുറച്ചുഭൂമിയിലും കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമായ രീതിയാണിത്. വെള്ളത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കാം. നല്ല വിളവും നേടാം. ട്ടുപ്പാവിലെ കൃഷിക്കും അടുക്കളതോട്ടത്തിനും ഈ രീതി വളരെ ഗുണകരമാണ്.
വെള്ളം നിറച്ച ഒരു പൈപ്പിനുമുകളില്‍ ഗ്രോബാഗ് വയ്ക്കുന്നു. ഒരു തിരിയെടുത്ത് അതിന്റെ ഒരു ഭാഗം പൈപ്പിലെ വെള്ളത്തിലും ബാക്കിഭാഗം ഗ്രോബാഗിന്റ ചുവട്ടില്‍ക്കൂടി നടീല്‍മിശ്രിതത്തിനകത്തേക്കും കടത്തിവയ്ക്കുന്നു. ഇനി ചെടി നട്ടാല്‍ ആവശ്യാനുസരണം വെള്ളം തിരി വഴി താഴെയുള്ള പൈപ്പില്‍നിന്ന് നടീല്‍മിശ്രിതം വലിച്ചെടുക്കും. പൈപ്പിലെ വെള്ളം കുറയുന്നതിനനുസരിച്ച് ഒഴിച്ചുകൊടുക്കണം.
തുള്ളിനന (Drip Irrigation)
ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിർണ്ണയിച്ച്, അത്രയും വെള്ളം മാത്രം തുള്ളിയായി, കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന രീതിയാണ് തുള്ളിനന. കണികാജലസേചനം എന്നും ഇതിനെ വിളിക്കാറുണ്ട്. വെള്ളത്തില്‍ക്കലര്‍ത്തി വളവും ഇങ്ങനെ നല്‍കാനാകും. ഇതുചെയ്താല്‍ വെള്ളംനനയുമായ ബന്ധപ്പെട്ട ജോലി ഒഴിവാക്കാം. അമിതമായ ജലയുപയോഗം ഒഴിവാക്കാം. മികച്ച വിളവും കിട്ടും. കളകളുടെ വളര്‍ച്ച നല്ല പരിധിവരെ കുറയ്ക്കാം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ വേറെയുമുണ്ട്.
ജൈവപുതപ്പ്
മണ്ണിനു കുളിരുപകരനുള്ള നല്ല ഉപാധിയാണ് ജൈവപ്പുതപ്പ്. മണ്ണിലെ ജലാംശം ആവിയായിപ്പോകുന്നത് തൊണ്ണൂറു ശതമാനത്തോളം കുറയ്ക്കാന്‍ ജൈവപ്പുതപ്പ് കൊണ്ട് കഴിയും. കളകളുടെ വളര്‍ച്ച തടയാനും ഇത് നല്ല ഉപാധിയാണ്. വെള്ളത്തിന്റെ ഉപയോഗം വളരെക്കുറയും. പച്ചിലവളച്ചെടികളോ വൻപയർ, ചെറുപയർ, മുതിര, ഉഴുന്ന് തുടങ്ങിയ പയറുവർഗ്ഗവിളകളോ നട്ട് മണ്ണിനെപ്പുതപ്പിക്കുംവിധം പടര്‍ത്തി ജൈവപ്പുതപ്പുണ്ടാക്കാം. മണ്ണില്‍ വളക്കൂറുണ്ടാകാനും വെയിലിന്റെ കാഠിന്യം കുറച്ച് വളക്കൂറുള്ള മണ്ണുണ്ടാകാന്‍ ഇതുവഴി കഴിയും.
പുതയിടീല്‍
ഭൂമിക്ക് ഒരു പുതപ്പ് പോലെ പ്രവര്‍ത്തിക്കുന്നതാണ് പുതയിടല്‍. ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട്, വിളയവശിഷ്ടങ്ങൾ പുതയിടീലിന് പറ്റിയവയാണ്.
തൊണ്ടടടുക്കല്‍ എല്ലാ ദീർഘകാലവിളകൾക്കും ഏറെ അനുയോജ്യമാണ്. ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവച്ച് മണ്ണിട്ടുമൂടുകയും ഏറ്റവും മുകളിലെ അടുക്ക് കമഴ്ത്തിവച്ച് അടുക്കുകുകയും ചെയ്യുന്ന രീതിയാണിത്. വർഷങ്ങളോളം ഇതിൻ്റെ പ്രയോജനം നില നിൽക്കും. മണ്ണിലുള്ള ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ തൊണ്ടടുക്കല്‍ സഹായിക്കുന്നു.
ജൈവാവശിഷ്ടങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധപ്രശ്നങ്ങൾക്കും ഇടയാക്കും. ചപ്പുചവറുകൾ പുതയിടീലിനായി മാത്രം ഉപയോഗിക്കണം.
ജൈവപ്പുതപ്പിനൊപ്പം പുതയിടീല്‍കൂടി നടത്തിയാല്‍ വളരെ നല്ലതാണ്. കിളിർത്തു വരുന്ന ചെടികള്‍ പിന്നീട് ഒരു ആവരണമായി നിലവിലുള്ള പുതയ്ക്കൊപ്പം വളർന്നുകൊളളും.
പി.പി.എഫ്.എം (PPFM) ജീവാണു ലായനി
വേനലിനെ ചെറുക്കാനുള്ള ഫലപ്രദമായ ഒരു ബാക്ടീരിയൽ ജീവാണുലായനി തമിഴ്‌നാട് കാർഷികസർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പി.പി.എഫ്.എം (Pigmented Facultative Methylotrophic Bacteria) എന്നാണ് ഇതിന്റെ പേര്. ഇവയ്ക്ക് സൂക്ഷ്മാണുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ഹോർമോണുകള്‍ ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. ഇത് ഒരു ലിറ്റർ വെളളത്തിൽ ഒരു മില്ലിലിറ്റർ എന്ന തോതില്‍ക്കലർത്തി ഇലകളിൽ തളിക്കുകയാണ് ചെയ്യുന്നത്. നെല്ല് ഉൾപ്പെടെയുളള വിളകളുടെ നിർണ്ണായക വളർച്ചാഘട്ടങ്ങളിലും പൂവിടുന്ന സമയത്തും പിപിഎഫ്എം ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ്. രണ്ടാഴ്ചത്തെ ഇടവേളകളിൽ ഇത് ഇലകളിൽ തളിക്കാം. വൈകുന്നേരങ്ങളിൽ തളിക്കാന്‍ പറ്റിയ സമയം. നല്ല വരണ്ട കാലാവസ്ഥയാണെങ്കിൽ ഒരു ലിറ്റർ വെളളത്തിൽ 20 മില്ലി വരെ ചേര്‍ക്കാവുന്നതാണ്. മറ്റു രാസവളങ്ങളോ കീടനാശിനികളോ ഇതോടൊപ്പം പ്രയോഗിക്കാൻ പാടില്ല. രൂക്ഷമായ വരൾച്ചമൂലം വെള്ളം കിട്ടാത്ത സമയത്ത് ഈ ലായനി നെല്ലിന് പ്രതിരോധം നൽകും.
ചാണകസ്ലറി
വരൾച്ചാപ്രതിരോധത്തിന് ഏറ്റവും ഉത്തമമാണ് ചാണകസ്ലറി. ചാണകവും ശർക്കരയും ചേർത്താണ് ഈ കൂട്ട് നിർമ്മിക്കുന്നത്. 40 കിലോഗ്രാം ചാണകവും 4 ലിറ്റർ കഞ്ഞിവെള്ളവും 2 കിലോഗ്രാം ശർക്കരയും നന്നായിക്കലർത്തി ഒരു ചണച്ചാക്കിൽ നിറച്ച് 250 ലിറ്റർ കപ്പാസിറ്റിയുളള ബാരലിൽ മുക്കാൽഭാഗം വെള്ളം നിറച്ച് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിധത്തിൽ തൂക്കിയിടുക. 48 മണിക്കൂർ പുളിപ്പിച്ചശേഷം ലയിച്ച ലായനി അരിച്ചെടുത്ത് 10 ശതമാനം വീര്യത്തിൽ ചെടികളിൽ തളിക്കാനായി ഉപയോഗിക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിന് 20 ഗ്രാം എന്നയളവില്‍ സ്യൂഡോമോണാസ് കൂടി ഇതോടൊപ്പം കലർത്തി പ്രയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.
ചാണകസ്ലറി വളരെ നേർപ്പിച്ച് ഇലകളിൽ തളിക്കാവുന്നതാണ്. 48 മണിക്കൂർ പുളിപ്പിച്ചും ഇത് ഉപയോഗിക്കാറുണ്ട്.
മൈക്കോറൈസ (കുമിൾ വേര്)
കുമിൾവേര് (fungus root) വരൾച്ചാപ്രതിരോധത്തിന് അത്യുത്തമമാണ്. ചെടികളുടെ വേരും കുമിളും തമ്മിലുളള ഒരു സഹവർത്തിത്വമാണിത്. ചെടികളുടെ വേരിനുചുറ്റും ഇവ ഒരു ആവരണമായി വളരുകയും സൂക്ഷ്മമായ നാരുകൾ വേരിനകത്തേക്കും മണ്ണിനടിയിലേക്കും നീണ്ടുവളരുകയും ചെയ്യും. ആഴത്തിൽ വളരുന്ന കുമിൾവേരുകൾ ഭൂമിക്കടിയിൽ നിന്നും ജലം ആഗിരണം ചെയ്ത് ചെടിയെ വരൾച്ചയിൽനിന്ന് ഒരു പരിധിവരെ രക്ഷിച്ചെടുക്കും. വിത്തിടുന്നതിനു മുൻപ് ഒരു നുള്ള് വാം കൾച്ചർ കുഴികളിലിട്ടശേഷം അതിനുമുകളിൽ വിത്ത് /തൈകൾ നടുകയാണ് ചെയ്യുന്നത്.
ഇൻഷുറൻസ്
ഉപജീവനത്തിനായി കൃഷിയിലേര്‍പ്പെടുന്നവര്‍ വേനലിനെ അതിജീവിക്കാന്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് പരിരക്ഷയെയും ആശ്രയിക്കേണ്ടതാണ്. വരൾച്ച ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ കാരണം സംഭവിക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി സംസ്ഥാനസർക്കാരിന്റെ കാർഷിക വിള ഇൻഷ്വറൻസ് പദ്ധതി നിലവിലുണ്ട്. കർഷകസമൂഹത്തിന്റെ വരുമാനഭദ്രത ഉറപ്പാക്കുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്തി മുഴുവൻ കാർഷികവിളകളെയും ഇൻഷുർ ചെയ്യണം.
വേനല്‍ക്കാലത്തെ പച്ചക്കറി പരിപാലനം
പച്ചക്കറികളിൽ നീരൂറ്റികുടിക്കുന്ന കീടങ്ങളായ വെള്ളീച്ച, മീലിമുട്ട, ഇലപ്പേൻ എന്നിവയുടെ ആക്രമണം ചൂട് കൂടുന്നതോടെ രൂക്ഷമാകും. തോട്ടങ്ങളിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുളളി എമൽഷൻ തളിച്ചും ഇവയെ നിയന്ത്രിക്കാം.
പച്ചക്കറിവിളകളിൽ ജലസേചനം ആവശ്യത്തിനുമാത്രം നൽകണം.
രാവിലെയോ വൈകുന്നേരങ്ങളിലോ മാത്രം വെള്ളം നനയ്ക്കുക.
ചെടികളിൽ തളിക്കുന്നതിനുപകരം ചുവട്ടിൽ മാത്രം നൽകുന്നത് ജലനഷ്ടം കുറയ്ക്കും.
പി.പി.എഫ്.എം., നേര്‍പ്പിച്ച ചാണകസ്ലറി എന്നിവ പച്ചക്കറികൾക്ക് നൽകാവുന്നതാണ്.
നെല്ല്
വേനൽ സമയത്ത് നെൽകൃഷിയിൽ മുഞ്ഞയുടെ ആക്രമണം വ്യാപകമാകാതെ ശ്രദ്ധിക്കണം. നൈട്രജന്റെ അമിതവളപ്രയോഗവും അടുപ്പിച്ചുളള നടീലും ഒഴിവാക്കേണ്ടതാണ്. ഉമ, ആതിര, ഐശ്വര്യ എന്നിവ മുഞ്ഞക്കെതിരെ പ്രതിരോധശേഷിയുളള ഇനങ്ങളാണ്.
പറിച്ചു നടന്ന സമയത്ത് 1.5 സെ.മീ. ഉയരത്തിൽ മാത്രം വെളളം കെട്ടിനിർത്തിയാൽ മതിയാകും
ക്രമേണ ജലനിരപ്പ് ഉയർത്തി പരമാവധി ചിനപ്പ് പൊട്ടുന്ന സമയത്ത് 5 സെ.മീ. വരെ എത്തിക്കുക.
ലായകരൂപത്തിലുള്ള സിലിക്കൺ വളങ്ങൾ ഒരു ലിറ്റർ വെളളത്തിൽ 5 ഗ്രാം എന്ന തോതിൽ തളിക്കുന്നത് നല്ലതാണ്.
ജലദൗർലഭ്യമുളള മേഖലയിൽ തുടർച്ചയായി വെള്ളം കെട്ടിനിർത്തുന്നതിനു പകരം വെള്ളം വറ്റി രണ്ടു ദിവസത്തിനകം ജലനിരപ്പ് നിലനിർത്തിയാൽ മതിയാകും.
വിളവെടുക്കുന്നതിന് രണ്ടാഴ്ച മുമ്പ് വെള്ളം ഇറക്കി വിടണം.
കളകൾ പൂർണ്ണമായി നിയന്ത്രിക്കണം.
പുഞ്ചപ്പാടങ്ങളിൽ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള ഇനം മാത്രം കൃഷിയിറക്കുക.
വാഴ
നനവ് ആവിയായിപ്പോകുന്നത് ഒഴിവാക്കാനായി പഴുത്തതും കരിഞ്ഞതുമായ ഇലകൾ മുറിച്ചുമാറ്റുക.
ജൈവപ്പുതപ്പും പുതയിടീലും നടത്താം.
തുള്ളിനനയാണ് ഫലപ്രദം.
വാഴക്കന്ന് നടുന്നതിനുമുമ്പ് 50 ഗ്രാം മൈക്കോറൈസ കൾച്ചർ കുഴികളിൽ ഇട്ടശേഷം നടുക.
നീരൂറ്റികുടിക്കുന്ന കീടങ്ങളുടെ ആക്രമണം തടയുന്നതിനായി വേപ്പെണ്ണ വെളുത്തുളളി എമൽഷനും ജൈവകീടനാശിനിയായ വെർട്ടിസീലിയവും (ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ) കീടബാധ കണ്ടാലുടനെ തളിക്കേണ്ടതാണ്.
തോട്ടവിളകൾ
തെങ്ങിന്റെ കാര്യത്തിൽ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനും വിളയിൽ നിന്നുളള ആദായത്തിനും തുള്ളിനന ഏറെ പ്രയോജനകരമാണ്.
തെങ്ങിനും കമുകിനും തടങ്ങളിൽ പുതയിടീൽ അനിവാര്യം
തെങ്ങിന്റെ ഓല അടക്കമുളള അവശിഷ്ടങ്ങൾ, പയറുവർഗ്ഗത്തിൽപ്പെട്ട വിളകളുടെ അവശിഷ്ടങ്ങൾ എന്നിവ പുതയായിടുന്നതിന് യോജിച്ചവയാണ്. മണ്ണിലെ നൈട്രജൻ, പൊട്ടാഷ് എന്നിവയുടെ അളവ് കൂട്ടുന്നതിന് ഇതു സഹായിക്കുകയും അടുത്ത വിളയ്ക്കുകൂടി ഇതിൻ്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
ഏറ്റവും താഴത്തെ 3-5 ഓലകൾ മുറിച്ചുമാറ്റി ബാഷ്പീകരണ നഷ്ടം കുറയ്ക്കുക.
പച്ചിലവളച്ചെടികൾ തടങ്ങളിൽ ആവരണവിളയായി വളർത്തുക.
ദീർഘകാലം ജലം സംഭരിച്ചുവയ്ക്കാൻ തൊണ്ടടുക്കൽ പ്രയോജനകരമായിരിക്കും. തെങ്ങിനു ചുറ്റും അരമീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ, നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവച്ച് മണ്ണിട്ടുമൂടുകയും ഏറ്റവും മുകളിലെ അടുക്ക് കമഴ്ത്തിവച്ച് പൂർത്തിയാക്കുകയും ചെയ്യാം. വർഷങ്ങളോളം ഇതിൻ്റെ പ്രയോജനം നില നിൽക്കും.
രണ്ടുവർഷം വരെ തണൽക്രമീകരണം ചെയ്തുകൊടുക്കേണ്ടതാണ്.
വേനൽ അധികമായാൽ പ്രായം കുറഞ്ഞ ചെടികൾക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടതാണ്. തെക്കുപടിഞ്ഞാറൻ വെയിലടിക്കാതിരിക്കാൻ തണൽ നൽകിയാൽ മാത്രം മതി. റബ്ബർ, കുരുമുളക്, തെങ്ങിൻതൈകൾ, മറ്റു വൃക്ഷത്തെകൾ എന്നിവയ്ക്ക് ഈ ശ്രദ്ധ നൽകേണ്ടതാണ്.
വൃക്ഷവിളകളുടെ തൈകൾക്ക് തെങ്ങോലകൾ ഉപയോഗിച്ച് തണൽ കൊടുക്കേണ്ടതാണ്.
വൃക്ഷങ്ങളുടെ തായ്തടിയിൽ കുമ്മായം പൂശുക.
സൾഫേറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം ഇടവിട്ട് വിളകളിൽ തളിയ്ക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.