Menu Close

വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം ഉണ്ടാക്കുന്നതെങ്ങനെ?

എന്തുകൊണ്ട് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം?

പച്ചക്കറിക്കൃഷി ചെയ്യുന്ന ഓരോരുത്തരും വീട്ടില്‍ നിര്‍ബന്ധമായി കരുതേണ്ട ജൈവകീടനാശിനിയാണ് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം. വലിയ കഷ്ടപ്പാടില്ലാതെ വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്നതാണിത്.

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനാണ് ഈ മിശ്രിതം ഏറെ ഫലപ്രദം. ഇവയുടെ ആക്രമണം കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്തുന്നു. മാത്രമല്ല ഇവ വൈറസ് രോഗങ്ങളെ പരത്തുകയും ചെയ്യുന്നു.

രാസകീടനാശിനിപ്രയോഗത്തെ അപേക്ഷിച്ച് പണച്ചെലവും അപകടസാധ്യതയും കുറവാണെന്നതാണ് വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതത്തിന്റെ മേന്മ. മിത്രകീടങ്ങളെ ഒരുപരിധിവരെ നിലനിര്‍ത്താനും ഇതുപകരിക്കും.

ഒരു ലിറ്റർ വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതമുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍

1. വെള്ളം – 20+30+900മി.ലി

2. വേപ്പെണ്ണ -20 മി .ലി

3. വെളുത്തുള്ളി -20 ഗ്രാം

4. (മഞ്ഞനിറമുള്ള) ബാർസോപ്- 5 ഗ്രാം

വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം എങ്ങനെ തയ്യാറാക്കാം?

50 മി.ലി. ചൂടുവെള്ളത്തിൽ 5ഗ്രാം ബാർസോപ് ചെറുകഷണങ്ങളാക്കി ലയിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി തൊലികളഞ്ഞ് നല്ലപോലെ അരച്ചെടുത്ത് 30 മി.ലി വെള്ളത്തിൽ ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്തശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പുലായനി വേപ്പെണ്ണയിലേക്ക് സാവധാനമൊഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900മി ലി വെള്ളം ചേർത്ത് നേർപ്പിച് ഉപയോഗിക്കാം .

ഓര്‍ക്കേണ്ടത്.

ബാര്‍സോപ്പാണ് വേണ്ടത്. ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കണം.

ഉപയോഗം

പച്ചക്കറിവിളകളിലെ നീരൂറ്റികുടുക്കുന്ന കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.

താഴെപ്പറയുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.

1. മണ്ടരി

2. ചിത്രകീടം

3. പയർപ്പേൻ

4. പച്ചത്തുള്ളൻ

5. വെള്ളീച്ച

ഈ മിശ്രിതം അരിച്ച് സ്പ്രെയറുപയോഗിച്ച് ചെടികളില്‍ തൂവിക്കൊടുക്കാം. രാവിലെയോ വൈകുന്നേരത്തോ വെയില്‍ ശക്തമല്ലാത്ത സമയത്തു വേണം തളിക്കാന്‍. ചെടിയിലെ ഇലകളുടെ രണ്ടുഭാഗത്തും തളിക്കണം.

കീടം വന്നശേഷം പ്രയോഗിക്കുന്നതിനേക്കാള്‍ വരുംമുമ്പ് ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം. രണ്ടാവ്ചയിലൊരിക്കല്‍ ഈ മിശ്രിതം തളിച്ചുകൊടുത്താല്‍ നല്ലതാണ്.