Menu Close

ജീവാണുവളങ്ങളുടെ ലോകം

    കൃഷിയ്ക്ക് ഏറ്റവും സഹായകരമാണ് സൂക്ഷ്മജീവികളായ   ബാക്ടീരിയകള്‍, ഫംഗസുകള്‍  എന്നിവ.  ചെടിയുടെ   വളര്‍ച്ച വേഗത്തിലാക്കുാവന്‍ ഇവ സഹായിക്കുന്നു.  ജൈവാംശം വിഘടിപ്പിക്കുന്നതിനും മണ്ണിലെ  പോഷകങ്ങള്‍  എളുപ്പത്തില്‍   വലിച്ചടുക്കുന്നതിനും ജീവാണുക്കള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം ജീവാണുക്കള്‍ അടങ്ങിയ വളങ്ങളാണ് ജീവാണുവളങ്ങള്‍. അന്തരീക്ഷത്തിലുള്ള നൈട്രജന്‍  വലിച്ചെടുക്കുന്നവയോ  മണ്ണില്‍നിന്ന് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന  അവസ്ഥയിലേക്ക്  മാറ്റുകയോ ചെയ്യുന്നവയാണ് ജീവാണുവളങ്ങളിലെ സൂക്ഷ്മജീവികള്‍.  ജൈവകൃഷിയില്‍ സൂക്ഷ്മാണുജീവികളുടെ ഉപയോഗം വലിയതോതിലാണ്. പരിസ്ഥിതിക്ക്  ഇണങ്ങിയതാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. 

മൂലകങ്ങള്‍ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവാണുവളങ്ങളെ നമുക്ക് നാലായി തിരിക്കാം

  1. നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ.
    ഉദാഹരണം: അസറ്റോബാക്ടര്‍, റൈസോബിയം, അനബീന, അസോസ്പൈറില്ലം.
  2. ഫോസ്ഫറസ് അലിയിച്ച് ആഗിരണം ചെയ്യുന്നവ
    ഉദാഹരണം: ബാസില്ലാസ് സ്പീഷിസ്
  3. ഫോസ്ഫറസിന്റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.
    ഉദാഹരണം: ആര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
  4. പൊട്ടാഷ് അലിയിക്കുന്നവ
    ഉദാഹരണം: ഫ്രെചൂരിയ
  5. നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ

റൈസോബിയം
പയറുവര്‍ഗചെടികളുടെ വേരുകളിലെ ചെറിയ മുഴകളില്‍ ജീവിക്കുന്ന ഒരു ബാക്ടീരിയമാണ് ഈ റൈസോബിയം.

ഉപയോഗിക്കുന്ന വിധം
5 മുതല്‍ 8 കിലോഗ്രാം പയറുവിത്തിനു 200 ഗ്രാം റൈസോബിയം കലര്‍ന്ന ജീവാണുവളം വേണ്ടിവരും. വിത്തില്‍ റൈസോബിയം പുരട്ടുന്നതിനായി വിത്ത് അല്പം വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലപോലെ എല്ലാഭാഗത്തും എത്തുന്നതുപോലെ കൂട്ടിയോജിപ്പിക്കുക. പിന്നീട് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്കണം. റൈസോബിയം കലര്‍ന്ന വിത്തുകള്‍ രാസവളവുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.

അസോസ് പൈറില്ലം
മണ്ണിലും ചെടിയുടെ വേരുപടത്തിലും വസിക്കുന്ന ബാക്ടീരിയയാണിത്. ഒരു സെന്‍റിന് 60 ഗ്രാം മുതല്‍ 100 ഗ്രാം വരെ നൈട്രജന്‍ അന്തരീക്ഷത്തില്‍നിന്ന് വലിച്ചെടുത്ത് ഇവ ചെടികള്‍ക്ക് നല്‍കുന്നു. അസോസ് പൈറില്ലം ഉപയോഗിക്കുന്നത് പച്ചക്കറികളുടെ വളര്‍ച്ചയ്ക്കും വിളവര്‍ദ്ധനവിനും സഹായകമാണ്. മറ്റു ജീവാണു വളങ്ങളോടൊപ്പം പ്രത്യേകിച്ച് മൈക്കോറൈസയോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം
വിത്തില്‍ പുരട്ടിയും തൈകള്‍ പറിച്ചുനടുമ്പോള്‍ ലായനിയാക്കി വേരുമുക്കിയും ജൈവവളത്തോടൊപ്പം മണ്ണില്‍ നേരിട്ടുചേര്‍ത്തും ഇവ ഉപയോഗിക്കാം. 500 ഗ്രാം അസോസ് പൈറില്ലം കള്‍ച്ചര്‍ ഉപയോഗിച്ച് 5 മുതല്‍ 10 വരെ കിലോഗ്രാം വിത്ത് പുരട്ടിയെടുക്കാം. വിത്ത് ഒരു പാത്രത്തില്‍ എടുത്ത് വെള്ളമോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് ഈര്‍പ്പം വരുത്തിയ ശേഷം കള്‍ച്ചറുമായി നല്ലവണ്ണം യോജിപ്പിക്കുക. തുടര്‍ന്ന് അരമണിക്കൂര്‍ തണലത്ത് ഉണക്കിയ ശേഷം ഉടന്‍ വിതയ്ക്കണം.
പറിച്ചു നടുന്ന തൈകളുടെ വേരുകള്‍ അസോസ് പൈറില്ലത്തിന്‍റെ 250 ഗ്രാം കള്‍ച്ചര്‍ 700 മി.ലി. വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ താഴ്ത്തി വയ്ക്കുക. ഇത് വേരുവളര്‍ച്ച വേഗത്തിലാക്കും.
നേരിട്ട് മണ്ണില്‍ ഉപയോഗിക്കുമ്പോള്‍ ഹെക്ടറിന് 2-4 കിലോഗ്രാം കള്‍ച്ചര്‍ വേണം . എല്ലാഭാഗത്തും ഒരുപോലെ ലഭിക്കുന്നതിന് ഒരു ഭാഗം അസോസ് പൈറില്ലം 25 ഭാഗം ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്റ്റോ മണ്ണിരകമ്പോസ്റ്റോ കൂടെക്കലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതാണ്.

അസറ്റോബാക്ടര്‍
മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയയാണ് അസറ്റോബാക്ടര്‍. ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയമാണ് ഇത്. ഒരു ഹെക്ടറില്‍ ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജന്‍ ലഭ്യമാക്കാന്‍ ഈ ബാക്ടീരിയക്കാവും. വിളകളുടെ നൈട്രജന്റെ ആവശ്യകതയുടെ 25-30 ശതമാനം വരെ അസറ്റോബാക്ടര്‍ നിറവേറ്റും. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സസ്യഹോര്‍മോണുകളും ഇത് ഉല്പാദിപ്പിക്കുന്നു.

ഉപയോഗിക്കുന്ന വിധം
അസോസ് പൈറില്ലം ഉപയോഗിക്കുന്ന അതേരീതിയില്‍ന്നെ പച്ചക്കറി വിളകള്‍ക്ക് നല്‍കാവുന്നതാണ്.

മൈക്കോറൈസ (VAM- Vasicular Arbascular Micorrhiza അഥവാ AMF- Arbascular Micorrhizal Fungi)
എല്ലായിനം പച്ചക്കറികള്‍ക്കും വളരെ അനുയോജ്യമായതും ടോണിക് പോലെ പ്രവര്‍ത്തിക്കുന്നതുമായ ഒരു ഫോസ്ഫറസ് ജീവാണുവളമാണ് മൈക്കോറൈസ. ഇവ ചെടികളില്‍ നിന്ന് ആവശ്യമായ അന്നജം ഉപയോഗിക്കുകയും പകരം ചെടികള്‍ക്ക് മണ്ണില്‍ നിന്ന് ഫോസ്സ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം മുതലായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. കൂടാതെ മൈക്കോറൈസയുടെ തന്തുക്കള്‍ മണ്ണില്‍ ലഭ്യമായ ഈര്‍പ്പത്തെ വലിച്ചെടുത്ത് ചെടിക്ക് നല്‍കുകയും വരള്‍ച്ചയെ പ്രധിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ വേരിനുള്ളില്‍ കടന്ന് ചെടികളില്‍ ആന്തരികമായ മാറ്റങ്ങളുണ്ടാക്കി രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം രോഗഹേതുക്കളായ കുമിളുകള്‍ വേരിനുള്ളില്‍ കടന്ന് കൂടുന്നതിനെ ചെറുക്കുകയും ചെയ്യുന്നു.
പച്ചക്കറിയിനങ്ങളില്‍ മൈക്കോറൈസയുടെ പ്രയോഗം വളര്‍ച്ചയിലും വിളവിലും കാര്യമായ വര്‍ദ്ധനവുണ്ടാക്കുന്നു. പച്ചക്കറിവിളകളില്‍ രോഗഹേതുക്കളായ പിത്തിയം, ഫൈറ്റോഫ്തത്തോറ, റൈസ്ക്ടോണിയ, ഫ്യസേറിയം മുതലായ കുമിളുകളെയും നിമാവിരകളെയും പ്രതിരോധിക്കാന്‍ അനുയോജ്യമാണ്. കത്തിരിവര്‍ഗ്ഗ ചെടികളില്‍ ബാക്ടീരിയ വാട്ടത്തിനെയും മൈക്കോറൈസ പ്രയോഗം ഫലപ്രദമായി നിയന്ത്രിക്കുന്നു.

ഉപയോഗിക്കുന്ന വിധം
ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ തവാരണകളില്‍ വിത്തിടുന്ന വരികളില്‍ മൈക്കോറൈസ പൊടി നേരിയ കനത്തില്‍ വിതറുക. ഇതിനു മുകളിലായി വിത്ത് വരിയിലിടുക. വരിയായി വിത്ത് പാകാത്ത ചീര മുതലായ ഇനങ്ങള്‍ക്ക് തവാരണകളുടെ മുകളിലത്തെ 1 ഇഞ്ച് കനത്തിലുള്ള മണ്ണില്‍ മേല്‍പ്പറഞ്ഞ തോതില്‍ മൈക്കോറൈസ പൊടി വിതറി മണ്ണുമായി സംയോജിപ്പിക്കുക. അതിനുശേഷം വിത്ത് പാകുക. പറിച്ചുനടുമ്പോള്‍ ചെടി ഒന്നിന് 5 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
ട്രക്കോഡെര്‍മ, സ്യഡോമോണാസ് മുതലായ സൂക്ഷ്മാണുക്കളുമായി മൈക്കോറൈസ സംയോജിച്ച് പ്രവര്‍ത്തിക്കുകയും അതിലൂടെ കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണം സാദ്ധ്യമാക്കുകയും ചെയ്യും.
എ എം എഫ് കിഴങ്ങുവിളകള്‍ക്ക് അനുയോജ്യമാണ്. ഇവ വിത്ത് കിഴങ്ങ് നടുന്ന സമയത്ത് കിഴങ്ങ് ഒന്നിന് 3-5 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം.

പി ജി പി ആര്‍
പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ
വ്യത്യസ്ഥ സൂക്ഷ്മജീവികളുടെ മിശ്രിതമാണ് പി ജി പി ആര്‍ മിക്സ് 1. ചെടികളുടെ വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇവ ചെടികളുടെ വേരുപടലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോഅമ്ലങ്ങളും വിറ്റാമിനുകളും ലഭ്യമാക്കുക വഴി ഇവ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

വിത്ത് പരിചരണം
10 ശതമാനം വീര്യമുള്ള ശര്‍ക്കരലായനി അല്ലെങ്കില്‍ 5 ശതമാനം വീര്യമുള്ള പഞ്ചസാരലായനി 40 ശതമാനം വീര്യമുള്ള തിളപ്പിച്ചാറ്റിയ ഗം അറാബിക് ലായനി അല്ലെങ്കില്‍ കഞ്ഞിവെള്ളം ചേര്‍ന്ന1.25 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ക്കുക. നന്നായി വിത്തുമായി പുരട്ടി തണലത്ത് വിരിച്ച ചണച്ചാക്കില്‍ നിരത്തി ഉണക്കി ഉടനടി പാകണം.

തൈകളുടെ വേര് പരിചരണം
പറിച്ചു നടുന്ന തൈകളുടെ വേര് 2.5 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ത്ത ലായനിയില്‍20 മിനിട്ട് മുക്കി വച്ച ശേഷം നടുക.

മണ്ണില്‍ ചേര്‍ക്കുന്ന വിധം
6 മാസം വരെ പ്രായമുള്ള തൈകള്‍ക്ക് 25 ഭാഗം ഉണക്കിയ കമ്പോസ്റ്റ്/ കാലിവളം/ചാണകത്തില്‍ 1 ഭാഗം എന്ന തോതില്‍ ചേര്‍ത്ത് പി ജി പി ആര്‍ മിക്സ് ചേര്‍ക്കുക. 10 സെന്‍റിലേക്ക്40-80 ഗ്രാം പി ജി പി ആര്‍ മിക്സ് 1 വേണ്ടിവരും . 6 മാസത്തിനുമേല്‍ പ്രായമുള്ള ചെടികള്‍ക്ക് 80-160 ഗ്രാം വരെ പി ജി പി ആര്‍ മിക്സ് 1 വേണം.

  1. ഫോസ്ഫറസ് ലായക സൂക്ഷ്മാണുവളങ്ങള്‍
    പ്രധാനമായും കരപ്രദേശത്ത് അമ്ല-ക്ഷാരഗുണമില്ലാത്തതോ ക്ഷാരഗുണമുള്ളതോ ആയ മണ്ണില്‍ മസ്സൂരിഫോസ്, രാജ്ഫോസ് തുടങ്ങിയ ഫോസ്ഫറസ് വളങ്ങള്‍ചെടികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളും കുമിളുകളും ചേര്‍ന്നവയാണ് ഈ ഇനം വളങ്ങള്‍.

വിത്ത് പരിചരണം
10 കിലോഗ്രാം വിത്തിന് 200 ഗ്രാം ഫോസ്ഫറസ് ലായക സൂക്ഷാമാണു വളം വേണ്ടിവരും. അല്പം കഞ്ഞിവെള്ളം ചേര്‍ത്ത 4500 മി.ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം സൂക്ഷ്മാണു വളം ചേര്‍ത്ത് വിത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ കൂട്ടിയോജിപ്പിക്കുക. ഇത് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്ണം.

തൈകളുടെ വേര് പരിചരണം
10 മുതല്‍ 15 ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണുവളം അതില്‍ പറിച്ചുല നടേണ്ട തൈകളുടെ വേരു ഭാഗം 5 മിനിട്ട് മുക്കി ഉടനടി നടുക.

മണ്ണില്‍ ചേര്‍ക്കുന്ന വിധം
3-5 കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണു വളം നന്നായി പൊടിച്ച 50 കിലോഗ്രാം ഉണക്കിയ കമ്പോസ്റ്റ് / കാലിവളം ചാണകത്തില്‍ ചേര്‍ത്ത് ഒരു ദിവസം തണലത്ത് സൂക്ഷിച്ച് അടുത്ത് ദിവസം അവസാനത്തെ കിളയ്ക്കൊപ്പം മണ്ണില്‍ ചേര്‍ക്കുക

3.ഫോസ്ഫറസിന്റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.
ഫോസ്ഫോബാക്ടീരിയകള്‍ മണ്ണില്‍ ഉള്ള ഫോസ്ഫേറ്റ് നേ ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കി നലാകാന്‍ കഴിയും. വിത്തില്‍ പുരട്ടിയും തൈകളുടെ വേരുകള്‍ മുക്കിയും ചാണകവുമായി കലര്‍ത്തി പറബില്‍ ഇടുകയോ ചെയ്യാം .

  1. അര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
    മണ്ണില്‍ ഫോസ്ഫറസ് വളങ്ങളുടെ ലഭ്യത കൂട്ടുകയും , ചെടികള്‍ താഴചു വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ഫംഗസ്. വേരിനോട് ചേര്‍ന്ന് വേരിന്റെ ഭാഗമായി മാത്രമേ ഇവ ജീവിക്കുന്നുള്ളു.ഇവ ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷികൂടി നല്‍കുന്നു

4.പൊട്ടാഷ് അലിയിക്കുന്നവ
ഫ്രെച്ചൂറിയ
ഇവ പോട്ടസ്യത്തെ ലയിപ്പിച്ചു ചെടികള്‍ക്ക് നല്കാന്‍ ശേഷിയുള്ള ബാക്ടീരിയ ആണ്.വിളവില്‍ 20%വരെ വര്‍ധനവ്‌ ഉണ്ടാക്കാന്‍ ഇവയ്ക്കു കഴിയും വിത്തില്‍ പുരട്ടിയോ,വേരില്‍ മുക്കിയോ നേരിട്ട് തളിച്ചോ ഇവ ഉപയോഗിക്കാം .

ജീവാനുവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

  1. പ്രവര്‍ത്തനകാലാവധി കഴിഞ്ഞ ജീവാണുവളങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
  2. ഒരിക്കലും രാസവളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്
  3. ഇവ പുരട്ടിയ വിത്തുകളും ചെടിയുടെ വേരും വെയില്‍ കൊള്ളിക്കരുത്
  4. ജീവാണുക്കളുടെ മികച്ച പ്രവര്‍ത്തനത്തിന് അവയോടൊപ്പം ആവശ്യമായ അളവില്‍ ജൈവവളം ചേര്‍ക്കേണ്ടതാണ്.
  5. മണ്ണില്‍ ഇവ ചേര്‍ക്കുമ്പോള്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം
  6. രാസകീടനാശിനികള്‍ പാടില്ല