Menu Close

പാവയ്ക്കാക്ക‍ൃഷിയില്‍ ഓര്‍ത്തിരിക്കേണ്ടത്

കേരളത്തിലെ തീന്‍മേശകളില്‍ പതിവായിക്കാണുന്ന വിഭവങ്ങളാണ് പാവയ്ക്കാ മെഴുക്കുപെരട്ടിയും പാവയ്ക്കാത്തോരനും പാവയ്ക്കാത്തീയലുമൊക്കെ. ഉണക്കിയ പാവയക്കാവറ്റലും ഉപ്പിലിട്ട പാവയ്ക്കയും വേറെ. അതായത് എത്ര കൃഷിചെയ്താലും ആവശ്യക്കാരേറെയുണ്ട്. വളരെ ആദയാകരമാണ് പാവയ്ക്കാകൃഷിയ സ്വന്തമായി മൂല്യവര്‍ദ്ധനം ചെയ്താല്‍ ലാഭമിരിട്ടിക്കും. അങ്ങനെ പാവയ്ക്കാക്കൃഷിക്ക് സാധ്യതകളേറെയാണുള്ളത്.

പാവയ്ക്കാവിശേഷം
വെള്ളരിവര്‍ഗത്തില്‍പ്പെട്ട പ്രധാന പച്ചക്കറികളിലൊന്നാണ് പാവയ്ക്ക. കയ്പ്പക്ക എന്നും വിളിക്കാറുണ്ട്. ഇന്ത്യയാണ് ജന്മദേശം. കറിയായും ജ്യൂസായും കഴിക്കും. പ്രമേഹരോഗികള്‍ക്ക് പാവയ്ക്കയോട് ഒരു പ്രത്യേക പ്രണയം തന്നെയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് ഉത്തമമെന്നു പറയപ്പെടുന്നു. കാത്സ്യം, ഇരുമ്പ് എന്നിവയും പാവയ്ക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി സമൃദ്ധമായുള്ളതിനാല്‍ പാവയ്ക്ക രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. മാത്രമല്ല ഇതിന് ആൻ്റിവൈറൽ ഗുണങ്ങളും ഉണ്ട്. നാരുകൾ അല്ലെങ്കിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാൻ സഹായിക്കും. ശരീര ഭാരം കുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്.

ഇനങ്ങൾ
പ്രിയ – നീണ്ട പച്ചനിറത്തിലുള്ള കായ്കളാണ് പ്രിയക്കുള്ളത്. കായുടെ അഗ്രഭാഗത്തിന് വെള്ളനിറമായിരിക്കും.
പ്രിയങ്ക – വെളുത്തു വലിപ്പമുള്ളതും പരന്ന മുള്ളുകളുള്ളതുമായ കായകളാണ് പ്രിയങ്കയുടെ പ്രത്യേകത
പ്രീതി – ഇടത്തരം നീളമുള്ളതും മുള്ളുകൾ ഉള്ളതുമായ പ്രീതിക്ക് വെള്ളനിറമാണ്.

നടീൽ സമയം
ജനുവരി-മാർച്ച് കാലമാണ് വേനല്‍ക്കാലകൃഷിക്ക് പറ്റിയ സമയം. ജൂൺ-ജൂലൈ മാസങ്ങളില്‍ സമതലങ്ങളിലും മാർച്ച്-ജൂൺ മാസങ്ങളില്‍ കുന്നിന്‍പ്രദേശങ്ങളിലും മൺസൂൺ വിളയായും പാവല്‍ കൃഷിചെയ്യാം. മഞ്ഞ് രഹിത അന്തരീക്ഷമാണ് അഭികാമ്യം.

മണ്ണ്
5.5-6.7 pH ഉള്ള നല്ല നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണ് അനുയോജ്യമാണ്.
ജൈവസമ്പുഷ്ടമായ മണലിലും പശിമരാശിമണ്ണിലും പാവല്‍ നന്നായി പിടിക്കും. ചാണകവും കമ്പോസ്റ്റും ചേർന്ന മിശ്രിതം മണ്ണില്‍ കലര്‍ത്തുന്നത് പാവൽ നന്നായി വളരാനും വിളവ് വർധിക്കാനും സഹായിക്കും. 2.0 x 1.5 മീറ്റർ അകലത്തിൽ 30cm x 30cm x 30cm വലിപ്പമുള്ള കുഴികളെടുത്ത് അരയിഞ്ച് ആഴത്തില്‍വേണം വിത്തുനടാന്‍.
നടുന്നതിനുമുൻപ് തടത്തിൽ ഓരോപിടി എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ട് മണ്ണ് നല്ലതുപോലെ ഇളക്കിക്കൊടുക്കണം.

നടീൽ രീതി
തറയില്‍ നേരിട്ടുമാത്രമല്ല, ഗ്രോബാഗിലും ചാക്കിലും കണ്ടെനറിലും പാവല്‍ നടാവുന്നതാണ്. കേരളത്തിലെ ടെറസുകളില്‍ വ്യാപകമായി പാവല്‍ കൃഷിചെയ്തുവരുന്നു. ചാക്കിലാണെങ്കില്‍ ഒന്നില്‍ 2-3 വിത്തുകൾ നടാം
എപ്പോഴും മണ്ണ് ഈർപ്പമുള്ളതായിരിക്കുന്നത് നല്ലതാണ്. പക്ഷേ നനവ് അധികമായാല്‍ ചീഞ്ഞുപോകാനും സാധ്യതയുണ്ട്.
മുളയ്ക്കാൻ പ്രയാസമുള്ളതാണ് പാവയ്ക്കാവിത്തുകൾ. എന്നാൽ നടുന്നതിനുമുമ്പ് നനഞ്ഞ കോട്ടൻതുണിയിൽ തലേന്നേ പൊതിഞ്ഞു വച്ച് പിറ്റേന്നുനട്ടാല്‍ വിത്തുകള്‍ക്ക് പെട്ടെന്നു മുളപൊട്ടും. കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുമ്പിളുകുത്തി അതില്‍ മണ്ണുനിറച്ചു നട്ടുമുളപ്പിച്ചതിനുശേഷം ഇലയോടുകൂടി നടാനുദ്ദേശിക്കുന്ന സ്ഥലത്തു നടാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ സാധാരണ പ്ലാസ്റ്റിക്കുകവറുകളിൽ മുളപ്പിച്ചു മാറ്റിനടുമ്പോൾ വേരുകൾക്കു സംഭവിക്കുന്ന ക്ഷതം കുറഞ്ഞിരിക്കും.
ഒരു സെന്റിന് 20-25 ഗ്രാം വിത്ത് എന്നതാണ് പാവലിന്റെ കണക്ക്.

പരിപാലനം
വിതച്ച് 2-3 ദിവസത്തിനുള്ളിൽ പാവല്‍വിത്തുകൾ മുളച്ചുതുടങ്ങും. മുളവന്നു 3-4 ആഴ്ചകളെത്തുമ്പോള്‍ ചിനപ്പുപൊട്ടി വരാൻ തുടങ്ങും. അപ്പോള്‍ പ്രൂണിംഗ് ചെയ്യുന്നത് ചെടിയിൽനിന്നു പരമാവധി വിളവ് ലഭിക്കുന്നതിനു നല്ലതാണ്. 2-3 അടി നീളമുള്ള ശാഖകളുടെ തുമ്പ് മുറിച്ചുമാറ്റണം. അവിടെനിന്ന് പാർശ്വശാഖകളുണ്ടാകും. എളുപ്പത്തില്‍ കൂടുതല്‍ പൂക്കളുണ്ടാകുന്നതിന് ഇതു സഹായിക്കും.

വള്ളി വീശി വരുമ്പോൾത്തന്നെ പന്തൽ ഇട്ടുകൊടുക്കണം. അപ്പോള്‍ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം .

5-6 ആഴ്ചകൾക്കുള്ളിൽ പൂക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ആദ്യം ഉണ്ടാകുന്നത് ആൺ പൂക്കൾ ആണ്. പിന്നീടാണ് പെൺ പൂക്കൾ ഉണ്ടാകുക. ധാരാളം പൂക്കളുണ്ടെങ്കിലും കായ്കളുണ്ടാകാതെ കണ്ടാല്‍ അതു പരാഗണം നടക്കാത്തതുകൊണ്ടാകണം. വിവിധതരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചുകൊണ്ട് തേനീച്ചകളെ ആകര്‍ഷിച്ച് പരാഗണസാധ്യത കൂട്ടുകയാണ് പരിഹാരം.

പൂ പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ പേപ്പർ കൊണ്ട് മൂടണം. ഇതു കായീച്ചകളിൽ നിന്ന് കായ്കളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ജൈവസ്ലറി ഒഴിച്ച് കൊടുക്കുന്നത് ധാരാളമായി കായ്ഫലം ലഭിക്കുന്നതിന് ഉത്തമമാണ്. ജൈവവളവും നല്‍കാം.

പാവലിനു പടരാന്‍ 6-8 അടി ഉയരത്തിൽ ഒരു താങ്ങ് അല്ലെങ്കിൽ വല ഇട്ടുകൊടുക്കണം.
നട്ട് 3 മാസത്തിനുള്ളിൽ പാവയ്ക്ക പറിക്കാൻ പാകമാകും.
അടുത്തതവണത്തെ നടീലിനുള്ള വിത്തിനായി അതിനായി കണ്ടുവയ്ക്കുന്ന കായ നന്നായി മൂത്തുപഴുക്കുന്നതുവരെ വള്ളിയിൽത്തന്നെ നിര്‍ത്തണം. അതിനുശേഷം പറിച്ച് വിത്തുകളെടുത്ത് അവ കഴുകി, തണലുള്ള സ്ഥലത്തിട്ട് ഉണക്കി വായു കടക്കാത്ത ടിന്നിലോ കവറിലോ സൂക്ഷിച്ചുവയ്ക്കണം.