Menu Close

പച്ചപ്പുല്ല് കൃഷി ചെയ്യുന്നതിനെക്കുറിച്ചു പറയാമോ?

തീറ്റപ്പുല്ലുകൾ/ പച്ചപ്പുല്ലുകള്‍

കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്നവയാണ് പച്ചപ്പുല്ല്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ജീവകം ബി, ജീവകം എ എന്നിവ പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.

തനിവിളയായോ തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരമ്പുകളിലും അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.

കേരളത്തിനു പറ്റിയ ഇനങ്ങളും അവയുടെ കൃഷിരീതിയും

1. നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്

ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലിനമാണ് നേപ്പിയർ. കോയമ്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരനേപ്പിയർ പുല്ലിനങ്ങളാണ് സിഒ1, സിഒ2, സിഒ3, സിഒ 4, സിഒ5 എന്നിവ. ഇതിൽ വളരെ വേഗം വളരുന്നതും ഉയർന്ന വിളവുതരുന്നതുമായ സിഒ 3 യാണ് ക്ഷീരകർഷകരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്.

നിലമൊരുക്കൽ

നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി, കട്ടകൾ ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനു ശേഷം 60 മുതൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരമ്പുകളാക്കി മാറ്റുന്നു. ഈ വരമ്പുകളിൽ 50 മുതൽ 75 വരെ സെന്‍റിമീറ്റർ വരെ അകലത്തിലാണ് തണ്ടു നടേണ്ടത്.

നടീൽ വസ്തുക്കൾ

തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് സങ്കരനേപ്പിയർ പുല്ല് വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ഈ പുല്ല് വളരില്ല. കാരണം, സങ്കരനേപ്പിയറിന്റെ വിത്തുകൾ വന്ധ്യമാണ് -നട്ടാലും മുളയ്ക്കില്ല.

മൂന്നുമാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽവസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുത്ത തണ്ട്, നിശ്ചിത അകലത്തിൽ ഏതാണ്ട് 45 ഡിഗ്രി ചെരിച്ച്, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ പോകത്തക്കവിധം നടണം. വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ തണ്ട് മണ്ണിൽ കിടത്തി നടാം. ഇങ്ങനെ നടുമ്പോൾ ഒരു മുട്ടുള്ള തണ്ടിൻ കഷണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങിവരുമ്പോൾ മുട്ടു നീക്കിക്കൊടുക്കണം. ഒരു സെന്റിൽ നടുന്നതിന് ഏകദേശം 100 തണ്ട് കട മതിയാകും.

ജലസേചനം

മഴയില്ലാത്ത അവസരത്തിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. മഴക്കാലത്തിനുശേഷം നടുന്ന അവസരത്തിൽ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പുചവറുകൾക്കൊണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

കളനിയന്ത്രണം

ആദ്യത്തെ മാസം ഒന്നുരണ്ടുപ്രാവശ്യം കളകൾ നീക്കം ചെയ്ത് പുല്ലിനു വേണ്ടത്ര വളർച്ച ഉറപ്പുവരുത്തണം. നന്നായി വളർന്നുകഴിഞ്ഞാൽ കളകൾ അമർച്ചചെയ്യാൻ സങ്കരനേപ്പിയറിനു കഴിയുമെന്നതിനാൽ കളകൾ വലിയ പ്രശ്നമാകാറില്ല.

വളപ്രയോഗം

നടുന്നതിനു മുമ്പ് അടിവളമായി ഒരു സെന്‍റിൽ 80 കിലോഗ്രാം കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയിൽ ഏതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കണം. ഇതോടൊപ്പം തൊഴുത്തുകഴുകിയ വെള്ളവും ഗോമൂത്രവും പുല്ലിന്റെ കണ്ടത്തിലേക്ക് ഒഴുക്കിവിടാൻ സൗകര്യമുള്ള സ്ഥലത്ത് മറ്റു വളങ്ങൾ നൽകേണ്ട ആവശ്യമില്ല.

വിളവെടുപ്പ്

നട്ട് 75 – 90 ദിവസം ആകുമ്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വീണ്ടും വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തുനിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷകഗുണം ലഭിക്കുന്നതിനുവേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്റെ ഉറപ്പുകൂടുകയും നീരുകുറയുകയും ചെയ്യുന്നു. തണ്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞുകൊടുത്താൽ തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.

ഉത്പാദനക്ഷമത

നന്നായി പരിപാലിച്ചാൽ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 350 മുതൽ 400 ടണ്‍ വരെ പച്ചപ്പുല്ല് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇനങ്ങളാണ് സിഒ 3, സിഒ 4, സിഒ 5 എന്നിവ. ഒരു പശുവിന് ഒരു ദിവസം 25 മുതൽ 30 കിലോ വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. ഉത്പാദനക്ഷമതയുള്ള ഒരു ചെടിയിൽ നിന്ന് ഒരു പ്രാവശ്യം 5-6 കിലോഗ്രാം പച്ചപ്പുല്ല് കിട്ടും. ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താൽ ഒരു പശുവിനു വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്‍റിൽ ഉദ്ദേശം 100 ചുവട് ഉണ്ടാകും. മൂന്നാഴ്ചത്തേക്കുള്ള പുല്ല്. ഇപ്രകാരം, നല്ല സൂര്യപ്രകാശം കിട്ടുന്ന മൂന്നു സെന്‍റ് സ്ഥലത്ത് സങ്കരനേപ്പിയർ പുല്ല് കൃഷി ചെയ്താൽ ഒരു പശുവിനെ വളർത്താനുള്ള തീറ്റപ്പുല്ല് ലഭിക്കും.

2. ഗിനിപ്പുല്ല്

നമ്മുടെ നാട്ടിലെ എല്ലാത്തരം മണ്ണിനും യോജിച്ചതും കന്നുകാലികൾ ഇഷ്ടപ്പെടുന്ന ഒരു പുല്ലിനമാണ് ഗിനിപ്പുല്ല്. തെങ്ങിൻതോപ്പുകളിൽ ഇടവിളയായും മറ്റു പുല്ലുകളുമായി ഇടകലർത്തിയും ഇതുകൃഷിചെയ്യാം. വേരോടുകൂടിയ കടകൾ ഉപയോഗിച്ചും വിത്തു വിതച്ചും കൃഷി ചെയ്യാൻ കഴിയും. നട്ട് 70-80 ദിവസം കഴിഞ്ഞും പിന്നീട് 40-45 ദിവസം ഇടവിട്ടും വളർച്ചയനുസരിച്ച് പുല്ലരിഞ്ഞെടുക്കാവുന്നതാണ്. ജലസേചനമുണ്ടെങ്കിൽ ഒരു ഹെക്ടറിന് ഏകദേശം 100 ടണ്‍ വരെ വിളവ് ഒരു വർഷം കിട്ടും. തെങ്ങിൻതോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുമ്പോൾ 40-50 ടണ്‍ വരെ പുല്ല് കിട്ടും.

3. പാരാപ്പുല്ല് അഥവാ എരുമപ്പുല്ല്

നല്ല ഈർപ്പവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമാണ് ഇത്തരം പുല്ല്. അതുകൊണ്ടാണ് ഇതിന് എരുമപ്പുല്ലെന്നു പറയുന്നത്. തണ്ടുകൾ മുറിച്ചു നട്ട് ഇവ കൃഷിചെയ്യാം. നട്ടുകഴിഞ്ഞാൽ ഉടൻതന്നെ തറ നനയ്ക്കണം. തറയിൽ പടർന്നു വളരുന്ന ഈ പുല്ലിന്റെ ഉത്പാദനക്ഷമത മറ്റു പുല്ലുകളേക്കാൾ കുറവാണ്.

4. കോംഗോസിഗ്നൽ

എരുമപ്പുല്ലിന്‍റെ വർഗത്തിൽ തന്നെപെട്ടതാണീ പുല്ലെങ്കിലും വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു മാത്രമേ ഇതു വളർത്താവൂ. ഏതുതരം മണ്ണിനും യോജിച്ചതും കന്നുകാലികൾ വളരെ ഇഷ്ടപ്പെടുന്നതുമായ ഒരു പുല്ലിനമാണിത്. വെള്ളം കെട്ടിനിന്നാൽ കോംഗോ പുല്ല് നശിച്ചുപോകമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. എരുമപ്പുല്ലിനെപ്പോലെ തണ്ട് തറയിലൂടെ ഇഴഞ്ഞ് മുട്ടുകളിൽ നിന്ന് മുകളിലേക്കു വളരുന്നു. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നടാവുന്നതാണ്. വിത്ത് വിതച്ചോ തൈ, തണ്ട് എന്നിവ നട്ടോ പ്രസരണം നടത്താം. ഒരു ഹെക്ടറിൽ നടാൻ ആറു മുതൽ എട്ടു കിലോഗ്രാം വിത്ത് ആവശ്യമാണ്. ഒരു സെന്‍റീമീറ്റർ താഴ്ചയിൽ മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ വേണം വിത്തു വിതയ്ക്കാൻ. 60 ദിവസത്തിനുശേഷവും പിന്നീട് 30-40 ദിവസം ഇടവിട്ടോ വളർച്ചയ്ക്കനുസരിച്ചോ പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ 80 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. തണ്ടിനെ അപേക്ഷിച്ച് ഇലയുടെ അനുപാതം കൂടുതലുള്ള ഈ പുല്ല്, ഉണക്കിസൂക്ഷിക്കാൻ വളരെ യോജിച്ചതാണ്.

കാലം നോക്കി കൃഷി

ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് സങ്കരനേപ്പിയർ കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുക്കേണ്ടത്. എക്കൽമണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും ജൈവവളപ്രയോഗം നടത്തിയാൽ മണൽമണ്ണിലും വെട്ടുപ്രദേശങ്ങളിലും സങ്കരനേപ്പിയർ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങൾ തീറ്റപ്പുൽകൃഷിക്ക് യോജിച്ചതാണെങ്കിലും മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തിയില്ലെങ്കിൽ പുല്ലു ചീഞ്ഞു പോകും.