Menu Close

ജനുവരിയിലെ കൃഷി

തേങ്ങയും അടയ്ക്കയും വിത്തെടുക്കാന്‍ പറ്റിയ സമയം.
വിത്തുതേങ്ങ ശേഖരിക്കുന്നത്, വർഷത്തിൽ എൺപതോ അതിൽ കൂടുതലോ തേങ്ങ കിട്ടുന്ന തെങ്ങില്‍നിന്നാകണം. ഏറ്റവും കുറഞ്ഞത് 12 കുലകളെങ്കിലുമുള്ളതും രോഗമില്ലാത്തവയുമായിരിക്കണം. വിത്തിനെടുക്കുന്ന തേങ്ങയിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ മണലിൽ സൂക്ഷിച്ചുവയ്ക്കണം.
വിത്തടക്ക എടുക്കുന്നത് മേന്മയുള്ള അടക്കാമരങ്ങളില്‍ നിന്നായിരിക്കണം. നന്നായി പാകമായ കുലകളിൽനിന്നു വിത്ത് ശേഖരിക്കണം. രണ്ടാമത്തെയും മൂന്നാമത്തെയും കുലകൾ വിത്തടക്കക്ക് നല്ലതാണ്. മോഹിത് നഗർ, സൗത്ത് കാനറ എന്നിവ നല്ലയിനങ്ങളാണ്.


തെങ്ങ്
ഇക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാനപ്രശ്നമാണ് കൂമ്പടപ്പ്. മണ്ണിലെ ബോറോണിന്റെ കുറവാണു പ്രധാന കാരണം. ഓലകൾ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞഴുകുക, ഓലകൾ ശരിയായി വിരിയാതെ കൂടിപ്പിടിച്ചിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തെങ്ങൊന്നിന് 50 ഗ്രാം ബോറാക്സ് വളം വർഷം തോറും രണ്ടുതവണ ചേർക്കുന്നത് തെങ്ങിന്റെ ശരിയായ വളർച്ച വീണ്ടെടുക്കാൻ സഹായിക്കും.
മണ്ഡരിബാധയുള്ള തോട്ടങ്ങളിൽ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം തളിക്കേണ്ടതാണ്. (ഇതുണ്ടാക്കുന്നത് എങ്ങനെ എന്നറിയാന്‍ എന്റെകൃഷി.കോമില്‍ അറിവുശേഖരം സന്ദർശിക്കുക)
ചെമ്പൻചെല്ലിയുടെ ആക്രമണം ബാധിച്ച തെങ്ങുകളുടെ മണ്ട വൃത്തിയാക്കി 1 മില്ലി ഇമിഡാക്ലോപ്രിഡ് 1 ലിറ്റർ വെള്ളത്തിന് എന്ന തോതിൽ കലർത്തി കൂമ്പിൽ ഒഴിച്ചു കൊടുക്കുക.


കവുങ്ങ്
കവുങ്ങിന് നന തുടരണം. കവുങ്ങുകളെ ചൂടില്‍നിന്നു കാക്കാനായി തടയില്‍ കുമ്മായം പൂശുകയോ ഉണക്കോലകള്‍ പൊതിഞ്ഞുകെട്ടുകയോ വേണം.


നെല്ല്
മുണ്ടകന്‍കൊയ്ത്തിന്റെ സമയമാണ്. കൊയ്ത്തിന് ഒരാഴ്ച മുമ്പേ പാടത്തെ വെള്ളം വാര്‍ത്തുകളയണം. കൊയ്ത്ത് കഴിഞ്ഞാല്‍ പാടം ഉഴുതിടണം. അതിനുശേഷം കുറച്ചുനാള്‍ തരിശിടുന്നത് തണ്ടുതുരപ്പന്റം ഉപദ്രവം പുഞ്ചയിലേക്കു പടരാതിരിക്കാന്‍ നല്ലതാണ്.


പച്ചക്കറികള്‍
കൊയ്ത്തുകഴിഞ്ഞ് ഉഴുതിട്ട മണ്ണില്‍ ഈര്‍പ്പവും സൂര്യപ്രകാശവുമുണ്ടെങ്കില്‍ എള്ള്, പയര്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യാവുന്നതാണ്.
വെണ്ട, വെള്ളരിവര്‍ഗവിളകളുടെ വിത്തുകള്‍ നേരിട്ടും മുളക്, വഴുതന, തക്കാളി വിത്തുകള്‍ പാകി കിളിര്‍ത്തശേഷം ഇളക്കിമാറ്റി നട്ടും കൃഷി ചെയ്യാം. തൈകകള്‍ക്ക് കൃത്യമായ തണലും നനവും വേണം. അടിവളമായി ജൈവവളം നല്‍കാം.
വിഷു വിപണി കണക്കാക്കി കൃഷിയിറക്കിയ മത്തൻ, വെള്ളരി, കുമ്പളം, പാവൽ, പടവലം എന്നീ പച്ചക്കറി വിളകളുണ്ടെങ്കില്‍ കൂടുതൽ വിളവിനായി മണ്ണിര കമ്പോസ്റ്റ്, മറ്റ് ജൈവവളങ്ങൾ എന്നിവയുടെ കൂടെ സ്യൂഡോമോണാസ് ചേർത്തു കൊടുക്കാം.
കായീച്ചശല്യം ഉണ്ടാകാതിരിക്കാൻ കേടുവന്ന കായ്‌കൾ നശിപ്പിക്കണം. പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനുള്ള പ്രത്യേകമായ ഫിറമോൺ കെണിയായ ക്യൂല്ലൂർ 6 എണ്ണം ഒരു ഏക്കറിന് എന്ന തോതിൽ വച്ചു കൊടുക്കുക. ഇതിനോടൊപ്പം തുളസി/പഴക്കെണികൾ എന്നിവ വച്ചു കൊടുക്കേണ്ടതാണ്. (കെണികളെക്കുറിച്ച് വിശദമായി എന്റെകൃഷി.കോം അറിവുശേഖരത്തിലുണ്ട്.) എന്നിട്ടും കുറവില്ലെങ്കിൽ മാത്രം രണ്ട് മില്ലി മാലത്തിയോൺ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് അതിൽ 10 ഗ്രാം ശർക്കര കൂടി ചേർത്ത് പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും തളിച്ചു കൊടുക്കണം.
മീലിമുട്ടയുടെ ശല്യം കൂടുതലാകും മുമ്പേ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതിനുവേണ്ടി 5 ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് ചെറുചൂടു വെള്ളത്തിൽ ലയിപ്പിച്ചശേഷം സാധാരണ ജലത്തിൽ നേർപ്പിച്ച് ചെടികളിൽ തളിക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് ലെക്കാനിസീലിയം ലെക്കാനി എന്ന കുമിൾ പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ച് കൊടുക്കണം. ഇത് ഒരാഴ്‌ച ഇടവിട്ട് പല തവണകളായി തളിച്ചുകൊടുക്കുന്നത് മീലിമുട്ട നിയന്ത്രണത്തിന് സഹായകരമാണ്.


വാഴ
വാഴക്ക് നന തുടരേണ്ടതുണ്ട്. ഉണങ്ങിയ ഇലകൾ വെട്ടിമാറ്റി തോട്ടം വൃത്തിയായി സൂക്ഷിക്കുക. ഒടിഞ്ഞ് തൂങ്ങിയ ഇലകൾ നീക്കം ചെയ്ത് തീയിട്ട് നശിപ്പിക്കുകയും തോട്ടം വൃത്തിയായി സൂക്ഷിക്കുകയും വേണം.
പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാകാതിരിക്കാനായി തോട്ടത്തിലെ മണ്ണ് കുഴച്ച് കുഴമ്പാക്കി വാഴയുടെ തടയിൽ പുരട്ടണം. മൂന്ന് നാല് മാസം പ്രായമായ ഏത്തവാഴക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ഒരു വാഴക്ക് എന്ന തോതിൽ നൽകണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ മാത്രമെ വളങ്ങൾ ചേർക്കാവൂ.
മണ്ണുപരിശോധന നടത്തിയാല്‍ വളത്തിന്റെ കൃത്യമായ തോത് അറിയാനാകും. അളവറിഞ്ഞ് വളപ്രയോഗം നടത്തുന്നതാണ് നല്ലത്.


കശുമാവ്
വൈകിപ്പൂക്കുന്ന കശുമാവുതോട്ടങ്ങളിൽ തേയിലക്കൊതുകിനെതിരെ മുൻകരുതലുകൾ എടുക്കണം. മരങ്ങളുടെ ചുവട്ടിൽ തടിതുരപ്പൻപുഴുവിനെ ശ്രദ്ധിക്കുക. ഇലകൾ മഞ്ഞളിക്കുന്നതും കൊമ്പുണങ്ങുന്നതും തടികളിലുണ്ടാകുന്ന ദ്വാരങ്ങളിലൂടെ ചണ്ടി പുറത്തുവരുന്നതും തടിതുരപ്പന്റെ ആക്രമണ ലക്ഷണങ്ങളാണ്. സുഷിരം കാണുന്ന ഭാഗം ചെത്തിയാൽ പുഴു തുരന്നു പോയ വഴി കാണാം. ഈ വഴി പിന്തുടർന്ന് പുഴുവിനെ പുറത്തെടുത്ത് കൊല്ലുക. കീടബാധ ഒഴിവാക്കാൻ തായ്തടിയിൽ തറയിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ കോൾടാറും മണ്ണെണ്ണയും 1 ; 2 അനുപാതത്തിൽ ചേർന്ന മിശ്രിതം അല്ലെങ്കിൽ വേപ്പെണ്ണ (50 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) വർഷത്തിൽ രണ്ടുതവണ (മാർച്ച്- ഏപ്രിൽ, നവംബർ-ഡിസംബർ മാസങ്ങളിൽ) തേച്ചുകൊടുക്കണം. തോട്ടത്തിന് ചുറ്റും ഫയർബെൽറ്റ് ഉണ്ടാക്കേണ്ടതാണ്. കളകൾ നീക്കംചെയ്ത് തടങ്ങളിൽ പുതയിടണം.


കുരുമുളക്
കുരുമുളകിന്റെ വിളവെടുപ്പ് തുടരുന്ന ഘട്ടമാണ്. തിരികൾ കൂട്ടിയിട്ട് ചാക്ക് കൊണ്ടു മൂടിയിട്ടാൽ എളുപ്പം ചവിട്ടിയെടുക്കാം. ഉതിർന്ന മണികൾ 4-5 ദിവസം വെയിലത്തുണക്കി സൂക്ഷിക്കുക. പറിച്ചെടുത്ത കുരുളക് ഏറ്റവും ശുചിയായി സൂക്ഷിക്കണം. യാതൊരുവിധ മാലിന്യങ്ങളും കുരുമുളകില്‍ കലരാനിടയാകരുത്.
ചെറുകൊടികൾക്ക് തണൽ നൽകുക. കൊടിയുടെ ചുവട്ടിൽ പുതയിട്ട് ഉണക്കിന്റെ കാഠിന്യം കുറയ്ക്കുക.
കുരുമുളകിൻ്റെ കൊടിത്തലകൾ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാനായി തവാരണകളിൽ പാകേണ്ട സമയമാണിത്. നല്ല വിളവ് തരുന്ന ആരോഗ്യമുള്ള തായ്വള്ളികളിൽ നിന്ന് കുറഞ്ഞത് മൂന്നു മുട്ടുകളെങ്കിലുമുള്ള വള്ളികൾ വേണം തൈകൾക്ക് വേണ്ടി ശേഖരിക്കാൻ. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ സ്യൂഡോമോണാസ് ചേർക്കുന്നത് തൈകൾ പെട്ടെന്ന് വളരുന്നതിനും അവയ്ക്ക് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായകരമാണ്.


ജാതി
ജാതിത്തോട്ടങ്ങളിൽ നന ഉറപ്പു വരുത്തേണ്ടതാണ്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കുന്നത് ജാതിയുടെ പൂക്കളും മൂപ്പെത്താത്ത കായ്കളും കൊഴിയുന്നത് നിയന്ത്രിക്കാൻ സഹായിക്കും.

മാവ്
മാവിലെ കായീച്ചയെ നിയന്ത്രിക്കുന്നതിനായി മാവിൻ ചുവട്ടിൽ വീണുകിടക്കുന്ന മാങ്ങകൾ പെറുക്കി നശിപ്പിക്കുക, ബ്യൂവേറിയ എന്ന കുമിൾപ്പൊടി മാവിൻ ചുവട്ടിൽ വിതറി മണ്ണിളക്കി യോജിപ്പിക്കുക. ഫിറമോൺ കെണി കെട്ടിത്തൂക്കുക. ഒരു കെണി ഉപയോഗിച്ച് 3 മുതൽ 4 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ച് നശിപ്പിക്കാൻ സാധിക്കും. ഇതോടൊപ്പം പാളയൻകോടൻ പഴം/തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികൾ (1 മില്ലി മാലത്തിയോൺ ഒരു കിലോ മിശ്രിതത്തിന്) ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഒരേക്കർ മാവിൻ തോട്ടത്തിന് 5 എണ്ണം അല്ലെങ്കിൽ 25 മരങ്ങൾക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തിൽ കായീച്ച കെണികൾ വെച്ചു കൊടുക്കേണ്ടതാണ്.

ഇഞ്ചി

ഇഞ്ചിയുടെ വിളവെടുപ്പും വിത്തിഞ്ചി സംസ്കരണവും സൂക്ഷിപ്പും തുടരാവുന്നതാണ്. വിത്തിനു സൂക്ഷിക്കുന്ന ഇഞ്ചിക്ക് മൃദുചീയല്‍രോഗം വരാതിരിക്കാനായി വിത്തുപചാരം നടത്തി തണലില്‍ ഉണക്കണം.

എള്ള്

മുണ്ടകന്‍കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ മൂന്നാംവിളയായി എള്ള് നടാം. നിലം രണ്ടുമുതല്‍ നാല് വരെ ചാലുഴുത് കളകള്‍നീക്കി കട്ട പൊടിച്ച് നിരപ്പാക്കിയിടാം. അടിവളമായി ഏക്കറിന് രമ്ടു ടണ്‍ കാലിവളം നല്‍കാം. കായംകുളം 1, തിലോത്തമ. സോമ എന്നീ ഇനങ്ങള്‍ ഏക്കറിന് 1.5-5 കി.ഗ്രാം. എന്ന തോതില്‍ മണലുമായി ചേര്‍ത്ത് വിതറണം.