Menu Close

ഏപ്രിൽ മാസത്തെ വിളപരിപാലനം

തെങ്ങ് – നന മുടക്കരുത്
മഴക്കാലമാകുന്നതുവരെ തെങ്ങിനുള്ള നന തുടരണം. നല്ലവണ്ണം വേനൽമഴ കിട്ടിക്കഴിഞ്ഞാൽ തടംതുറന്ന് 1 കി.ഗ്രാം കുമ്മായം ചേർത്തുകൊടുക്കണം. തെങ്ങിൻതൈകൾ നടാൻ കുഴി തയാറാക്കാനുള്ള സമയമാണിത്. ഇടവിളകൾക്കും തടമെടുക്കാം.
തെങ്ങോലപ്പുഴുവിൻ്റെ ആക്രമണം കാണുന്നുവെങ്കിൽ കീടാക്രമണം ഗുരുതരമായുള്ള ഓലകൾ വെട്ടിനീക്കി കത്തിച്ചുകളയുക. കൃഷി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പാരസൈറ്റ് ബ്രീഡിങ്ങ് കേന്ദ്രങ്ങളില്‍നിന്ന് എതിർപ്രാണികളെയെത്തിച്ച് വൻതോതിൽ തുറന്നുവിട്ട് തെങ്ങോലപുഴുക്കളെ നശിപ്പിക്കാന്‍ കഴിയും.
മണ്ഡ‌രി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ അസാഡിറാക്‌ടിൻ അടങ്ങിയ ജൈവകീടനാശിനി 4 മി. ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കണം. മോടിന്റെ പുറത്തും ഇതളുകൾക്കു ചുറ്റിലുമായി മച്ചിങ്ങകളുടെയും 4-5 മാസം പ്രായമുള്ള ഇളംതേങ്ങകളുടെയും പുറത്ത് കീടനാശിനി തളിക്കാൻ ശ്രദ്ധിക്കണം.
കൊമ്പൻചെല്ലിയുടെ ആക്രമണത്തിന് മുൻകരുതലെന്ന നിലയിൽ തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളിൽ പാറ്റാഗുളിക 10 ഗ്രാം (4 എണ്ണം) വച്ച് മണൽകൊണ്ട് മൂടുകയോ വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തുല്യയളവിൽ മണലുമായി ചേർത്തിടുകയോ ചെയ്യുക.
ചെമ്പന്‍ചെല്ലികളെ പിടികൂടാനായി തെങ്ങിന്റെ കവിളുകളില്‍ മടക്കുവല മടക്കിവയ്ക്കാവുന്നതാണ്.
വെള്ളീച്ചയെ മഞ്ഞക്കെണി വച്ച് നിയന്ത്രിക്കണം. ഓലക്കാലുകളുടെ അടിയില്‍ വീഴത്തക്കവണ്ണം വേപ്പധിഷ്ഠിത കീടനാശിനി പ്രയോഗിച്ചും വെള്ളീച്ചകളെ തളയ്ക്കാം.
ചെന്നീരൊലിപ്പു രോഗം കാണുന്ന ഭാഗങ്ങളിലെ പുറംതൊലി മൂർച്ചയുള്ള ഉളികൊണ്ട് ചെത്തിമാറ്റിയശേഷം മുറിപ്പാടുകളിൽ 5 മി.ലി. കാലിക്‌സിൻ 100 മി.ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി പുരട്ടുക.
തടിയോടുചേർത്ത് പുതയിടരുത്. അകലമിട്ട് കനത്തില്‍ പുതയ്ക്കണം.

നെല്ല് -വിരിപ്പൂക‍ൃഷിയുടെ സമയം
വിരിപ്പൂകൃഷിയില്‍ പൊടിവിതയും പറിച്ചുനടീലും ചെയ്യാറുണ്ട്. പൊടിവിതയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യമഴ ലഭിക്കുമ്പോള്‍ത്തന്നെ നിലങ്ങളില്‍ ഏക്കറൊന്നിന് 120 കി.ഗ്രാം കുമ്മായം വിതറി കട്ടകളുടച്ച് നല്ലവണ്ണം ഉഴുത് പാകപ്പെടുത്തിയെടുക്കണം. കട്ടകൾ നന്നായിയുടയ്ക്കാൻ റോട്ടവേറ്റർ ഉപയോഗിച്ചുവേണം അവസാനത്തെ ഉഴവുനടത്താന്‍. രണ്ടു പൂട്ടലുകൾക്കിടയിൽ ചെറിയ ഒരിടവേള കൊടുക്കുന്നത് കളനിയന്ത്രണത്തിനും രോഗനിയന്ത്രണത്തിനും സഹായിക്കും. അടിവളമായി ഏക്കറൊന്നിന് 2 ടൺ ജൈവവളം ചേർക്കണം. പറിച്ചുനടുന്ന പാടങ്ങളിൽ കാലവർഷത്തിനുമുമ്പു ലഭിക്കുന്ന ആദ്യമഴയോടുകൂടി പച്ചിലവളച്ചെടികളായ ഡെയിഞ്ച, സെസ്ബാനിയ, ചണമ്പ് എന്നിവ വളർത്തിയാൽ കൃഷിക്കാവശ്യമായ ജൈവവളം ലഭിക്കും. ഏക്കറൊന്നിന് 8 കിലോ വിത്ത് വേണ്ടിവരും.
പാടങ്ങളിൽ വിതയ്ക്കുന്നതിന് ഏക്കറൊന്നിന് 32-40 കി.ഗ്രാം വിത്തും നുരിയിടുന്നതിന് 35 കി.ഗ്രാമും വേണ്ടിവരും. വിത്തുവിതയ്ക്കുന്ന പാടങ്ങളിൽ സീഡ് ഡ്രിൽ ഉപയോഗിക്കുന്നതാണ് ഉത്തമം. എങ്കില്‍, കൃത്യയകലത്തിൽ വരിവരിയായി വിത്തിടാനാകും. ആവശ്യമായിവരുന്ന വിത്തിന്റെ അളവും നെല്‍ച്ചെടികളുടെ എണ്ണം ക്രമീകരിക്കാനായി പിന്നീട് പറിച്ചുനിരത്തുന്ന ചെലവും കുറയ്ക്കാനാകും. കൃത്യമായ അകലം സൂക്ഷിക്കുന്നതിനാല്‍ കീടരോഗബാധകളും കുറഞ്ഞുകിട്ടും.
എല്ലാ നെല്ലിനങ്ങളും പൊടിവിതയ്ക്ക് അനുയോജ്യമല്ല. അതു ശ്രദ്ധിക്കേണ്ടതുണ്ട്. പൊടിവിത നടത്തി ആദ്യത്തെ നാലാഴ്ച മഴ ഇല്ലാതിരിക്കുന്നതാണ് നല്ലത്. അത് ഞാറിനെ കരുത്തുറ്റതാക്കും. ഇടയ്ക്കു മഴ പെയ്താല്‍ കരുത്തുകുറയുകയും കള പെരുകുകയും ചെയ്യാം.
വാഴ -മണ്ഡരിയെ സൂക്ഷിക്കണം
മണ്ഡരിയെ നിയന്ത്രിക്കാന്‍ മരുന്ന് സ്പ്രേചെയ്യുമ്പോള്‍ അത് ഇലയുടെ അടിവശത്തും കൂമ്പിലും കവിളുകളിലും വീഴുന്നുവെന്ന് ഉറപ്പാക്കണം. ചുവടുഭാഗത്തുള്ള മണ്ണില്‍നിന്നു മുകളിലേക്കുവേണം സ്പ്രേ ചെയ്യാന്‍. താഴേക്കുവീണ മണ്ഡരി രക്ഷപെടാതിരിക്കാനാണിത്. വെര്‍ട്ടിലീസിയം മണ്ഡരിക്കു പറ്റിയ ജൈവമരുന്നാണ്. വെയില്‍ ആറിയതിനുശേഷം വെറ്റിങ് ഏജന്റ് ചേര്‍ത്ത് സ്പ്രേ ചെയ്യുക. അക്കാര്‍സൈഡുകളില്‍ ഏതെങ്കിലുമൊന്ന് രാസമരുന്നായും ഉപയോഗിക്കാം. ഫലപ്രദമാണെന്ന് ഉറപ്പുവരുത്തി മാത്രം മണ്ഡരിക്കുള്ള മരുന്ന് പ്രയോഗിക്കുക.
ആവശ്യമില്ലാത്ത കന്നുകൾ നശിപ്പിച്ചുകളയണം. വാഴയ്ക്കു താങ്ങുകൊടുക്കണം. പുതിയ കന്നുകൾ നട്ടുതുടങ്ങുന്ന സമയം കൂടിയാണിത്. നന മഴയുടെ പോക്കുവരവിനനുസരിച്ച് ക്രമീകരിക്കണം.
മാവ് -നന വിളവ് കൂട്ടും
നന തുടരാവുന്നതാണ്. മാങ്ങ വലിപ്പം വയ്ക്കുന്ന സമയത്ത് ജലസേചനം നൽകുന്നത് വിളവ് വർദ്ധിപ്പിക്കും.
കായീച്ചനിയന്ത്രണത്തിനുള്ള ഫെറമോണ്‍കെണി മാവില്‍നിന്ന് അല്പമകലെയായി ഇരുവശത്തും ഓരോന്നുവീതമെങ്കിലും സ്ഥാപിക്കുക.
തുള്ളലിനം പ്രാണികളെ നിയന്ത്രിക്കാന്‍ വിളക്കുകെണി വയ്ക്കണം.
ചെറിയ മാങ്ങയുടെ ചുണ്ടുഭാഗത്ത് മഞ്ഞനിറം വന്ന് പൊട്ടലുണ്ടായി പൊഴിയുന്നത് ബോറോണിന്റെ കുറവ് കൊണ്ടാണ്. ഇതിന് ബോറിക് ആസിഡ് 20 ഗ്രാം ഒരു ലി. വെള്ളത്തില്‍ എന്ന അളവില്‍ കലക്കി സ്പ്രേ ചെയ്യുക.
കുരുമുളക് – താങ്ങുകാലുകള്‍ വേണം
മഴ കിട്ടിയാൽ താങ്ങുകാലുകൾ നട്ടു തുടങ്ങാം. വിസ്താരം കുറഞ്ഞതും 30 മുതൽ 40 സെ. മീ ആഴമുള്ളതുമായ കുഴികൾ നിശ്ചിത അകലത്തിലെടുത്ത് അതിൽ താങ്ങുകാലുകൾ ഇറക്കിവെച്ച് മണ്ണിട്ട് നന്നായിയുറപ്പിക്കണം. ശക്തിയായ വെയിൽ തട്ടുന്ന സ്‌ഥലമാണെങ്കിൽ താങ്ങുകാലുകൾ പൊതിഞ്ഞുകെട്ടേണ്ടിവരും. ഈ മാസം കാലുകളുടെ ചുവട്ടിൽനിന്ന് 15 സെ. മീ അകലം വിട്ട് വടക്കുഭാഗത്തായി 50 X50 x 50 സെ. മീ വലിപ്പമുള്ള കുഴികളെടുത്ത് മേൽമണ്ണും കാലിവളവും ചേർത്തിടണം.
തോട്ടത്തിലെ രോഗം ബാധിച്ച കുരുമുളകുചെടികൾ പറിച്ചുമാറ്റി നശിപ്പിക്കണം.
നിലവിലുള്ള കൊടികൾക്ക് ഒരു മൂടിന് 500 ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം.
കൈതച്ചക്ക -കന്നെടുക്കാം
വിളവെടുപ്പ് തുടരാം. പുതിയ നടീലിനുള്ള കന്നുശേഖരണം ആരംഭിക്കാം. കീടരോഗവിമുക്തമായ ആരോഗ്യമുള്ള ചെടികളിൽനിന്ന് നടാനുള്ള കന്ന് ശേഖരി ക്കണം. മഴ തുടങ്ങുന്നതോടെ പുരയിടം കളകളും കട്ടകളും മാറ്റിയുഴുതിടണം.
കമുക് – വളമിടണം
ജലസേചനം തുടരാം. മഴ ലഭിച്ചാലുടൻ അരക്കിലോ കുമ്മായവും 25 കിലോ ജൈവവളവും വീതം ഓരോ തടത്തിലും ചേർത്തുകൊടുക്കാം. നാടൻ കവുങ്ങിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 120 ഗ്രാം പൊട്ടാഷ് വളം, ഉത്പാദന ശേഷി കൂടിയയിനങ്ങൾക്ക് മേൽപ്പറഞ്ഞവ യഥാക്രമം 165, 150, 175 ഗ്രാം വീതം. 1 വർഷം പ്രായമായവയ്ക്ക് ഈ അളവിന്റെ മൂന്നിലൊന്നും രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും ചേർക്കണം. മൂപ്പെത്താത്ത അടക്ക കൊഴിച്ചിലിനെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ 1-2 ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് ഫ്ളൂറസൻസ് ഉപയോഗിക്കാം.
കശുമാവ് – തൈ നടാന്‍ തയ്യാറാവുക
വിളവെടുപ്പ് തുടരാം. പുതിയ തോട്ടം പിടിപ്പിക്കാനുള്ള സ്ഥലം ഒരുക്കുക. കാർഷിക സർവ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നല്ലയിനം ഒട്ടുതൈകൾ ലഭ്യമാണ്.
ഏലം – തൈനടാനുള്ള കുഴിയെടുക്കാം
തൈനടീലിനുള്ള കുഴികൾ എടുക്കുന്നത് തുടരാം. എടുത്ത കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണും ഇട്ടുമൂടണം.
ജാതി- വിളവെടുക്കാം
വിളവെടുപ്പ് തുടരാം. മഴ ലഭിക്കുന്നതുവരെ നന തുടരണം. തലമുടിരോഗം വ്യാപകമായി കാണുന്നു. നിയന്ത്രിച്ചില്ലെങ്കില്‍ ചെടി പട്ടുപോകാന്‍ സാധ്യതയുണ്ട്. മുടിഭാഗം പൂര്‍ണമായി പറിച്ചെടുത്ത് നശിപ്പിക്കുക.
ഗ്രാമ്പൂ – നന തുടരുക
നനയും വിളവെടുപ്പും തുടരണം.
ചേന – വളംചേര്‍ക്കുക
കുംഭച്ചേനയ്ക്ക് ആദ്യവളമായി ചുവടൊന്നിന് 10 ഗ്രാം യൂറിയയും 20 ഗ്രാം രാജ്‌ഫോസും 10 ഗ്രാം പൊട്ടാഷും വിത്തുനട്ട് ഒന്നര മാസമാകുമ്പോൾ ചേർത്തു കൊടുക്കുക. ഒപ്പം മണ്ണണച്ചു കൊടുക്കുകയും വേണം.
കാച്ചിൽ -നടാനുള്ള സമയം
മഴ കിട്ടിയാലുടൻ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 1-1.25 കി.ഗ്രാം ജൈവവളം ചേർത്ത് മേൽമണ്ണ് കൊണ്ട് മുക്കാൽ ഭാഗം മൂടുക. ചാണകപ്പാലിൽ മുക്കിയെടുത്ത കഷ‌ണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചിൽ വിത്തുകൾക്ക് കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്ര വുമായി ബന്ധപ്പെടാം. ഫോൺ -0471-2598551
പച്ചക്കറികള്‍- കണിവെള്ളരിയുടെ വിളവെടുപ്പുകാലം
വേനൽപച്ചക്കറികൾക്ക് നിർബന്ധമായും ജലസേചനം നൽകുക. പടരുന്ന പ്രായത്തിലുള്ള വെള്ളരിവിളകൾക്ക് സെൻ്റിന് 160-320 ഗ്രാം യൂറിയ നൽകുക. വളം ചെടികൾക്കുചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുന്നതോടൊപ്പം കളകൾ നീക്കുകയും ഇളകിയ മണ്ണ് ചുവട്ടിൽ കൂട്ടുകയും നനയ്ക്കുകയും ചെയ്യണം. ഇടയ്ക്കിടെ പച്ചച്ചാണകം കലക്കിയൊഴിക്കുന്നതും നല്ലതാണ്. വിളവെടുത്ത ചീര യിൽ 10 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിച്ചാൽ കൂടുതൽ വിളവെടുക്കാം. കണിവെള്ളരിയുടെ വിളവെടുപ്പ് ഈ മാസം പകു തിയോടെ തുടങ്ങാം.
(കേരളകര്‍ഷകന്‍ മാസിക)