Menu Close

ജൂൺ മാസത്തെ കൃഷിപ്പണികൾ

 • തെങ്ങ്

തെങ്ങിന് ഒന്നാംവട്ട രാസവളപ്രയോഗത്തിനുള്ള സമയമാണിപ്പോള്‍. മഴയെ ആശ്രയിച്ച് ശരാശരി – നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളില്‍ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350, 350-600, 400-650 ഗ്രാം വീതവും ജലസേചിത കൃഷിയുള്ള തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270, 275-500. 275-500 ഗ്രാമും നൽകണം. സങ്കരഇനങ്ങൾക്കും അത്യുത്പാദനശേഷിയുള്ളവയ്ക്കും മഴയെ ആശ്രയിച്ച് കൃഷി നടത്തുന്നവയ്ക്ക് 350, 500, 650 ഗ്രാം വീതവും ജലസേചിതകൃഷി നടത്തുന്ന തോട്ടങ്ങളിൽ 650, 800, 1200 ഗ്രാം വീതവും ഈ വളങ്ങൾ നൽകണം.

ഈർപ്പസംരക്ഷണത്തിന് തടത്തിലോ തെങ്ങുകളുടെ വരികൾക്കിടയിൽ ചാലുകളെടുത്തോ തൊണ്ടുമൂടാം. 5-6 മീറ്റർ ഇടവിട്ട് ഒരുമീറ്റർവീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിൽ ചപ്പുചവറുകൾ നിറയ്ക്കണം.

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു കുമിൾരോഗമാണ് കൂമ്പു ചീയൽ. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായം കുറഞ്ഞ തെങ്ങുകളിലാണ് കൂടുതലായും കാണുന്നത്. തൈകളുടെ കൂമ്പോല മഞ്ഞ നിറമാവുകയും കടഭാഗത്തുവച്ച് തന്നെ ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. ഓലകളുടെ കടഭാഗവും 2 യിലെ മൃദുകോശങ്ങളും അഴുകി ദുർഗന്ധം വമിക്കും. അഴുകൽ തടിയിലേക്ക് വ്യാപിക്കുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞു തൂങ്ങും. പ്രാരംഭത്തിൽ തന്നെ ഈ രോഗം കണ്ടുപിടിച്ചില്ലെങ്കിൽ തെങ്ങ് നശിച്ചുപോകും. രോഗം ആരംഭിക്കുമ്പോൾ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തിമാറ്റി ബോർഡോകുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴയിൽനിന്നു സംരക്ഷിക്കാന്‍ ആ ഭാഗം പോളിത്തീൻഷീറ്റുകൊണ്ട് പൊതിഞ്ഞുകെട്ടണം. രോഗം ബാധിച്ച തെങ്ങിൽനിന്ന് നീക്കംചെയ്ത ഭാഗങ്ങൾ കത്തിച്ചുകളയണം. രോഗം ബാധിച്ച തെങ്ങിനും ചുറ്റിനുള്ളവയ്ക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടുക്കണം.

വിത്തുതേങ്ങ പാകലും പുതിയ തൈനടീലും  ഈ മാസവും തുടരാവുന്നതാണ്.

 • നെല്ല്

വിരിപ്പൂകൃഷിയില്‍ നടീൽ തുടരാവുന്നതാണ്. കഴിഞ്ഞമാസം പൊടിഞാറ്റടി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ ഞാറുകൾ പറിച്ചുനടാൻ പാകമായിരിക്കും.

ചേറ്റുവിത

പറിച്ചുനടാൻ സാഹചര്യമില്ലാത്ത സ്ഥലങ്ങളിൽ മഴ ലഭിച്ച് കണ്ടം ചെളിപ്പരുവമാകുമ്പോഴാണ് വിരിപ്പിൽ ചേറ്റുവിത നടത്തേണ്ടത്. ചെളിപരുവത്തിലാക്കിയ കണ്ടങ്ങളിൽ വെള്ളം വാർത്തശേഷം മുളപ്പിച്ച വിത്ത്   വിതയ്ക്കണം.

മുളപ്പിക്കുവാനെടുക്കുന്ന വിത്ത് സ്യൂഡോമോണാസ് ലായനിയിൽ മുക്കിയശേഷം വിതയ്ക്കുന്നത് കുമിൾ, ബാക്ടീരിയ ഇവമൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയുണ്ടാക്കും. ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് കൾച്ചർ എന്ന തോതിൽ വിത്ത് കുതിർക്കുന്ന വെള്ളത്തിൽ കലർത്തണം. എന്നിട്ട് 12 മണിക്കൂർ സാധാരണ വിത്തുനനയ്ക്കുന്ന രീതിയിൽ കുതിരാനിടണം. അതിനുശേഷം വെള്ളം വാർത്തുകളഞ്ഞ് മുളപൊട്ടാൻ നനഞ്ഞ ചാക്കിൽ കെട്ടിവയ്ക്കാവുന്നതാണ്.

ചേറ്റുവിതയിൽ കളനിയന്ത്രണത്തിന് വിതച്ച് 3-5 ദിവസത്തിനുള്ളിൽ സോഫിറ്റ് എന്ന കളനാശിനി 6 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വെള്ളം ഒഴിവാക്കിയ കണ്ടത്തിലേക്ക് തളിച്ചുകൊടുക്കണം. 48 മണിക്കൂറിന് ശേഷം വീണ്ടും കണ്ടത്തിൽ വെള്ളം കയറ്റുകയും വേണം.

പൊടിഞാറ്റടി

ഞാറിന് മഞ്ഞളിപ്പും പുഷ്ടിക്കുറവും കണ്ടാൽ, പറിക്കുന്നതിന് 10 ദിവസം മുമ്പ് 100 ച. മീറ്ററിന് (2 1/2 സെൻ്റിന്) ഒരു കിലോഗ്രാം എന്ന തോതിൽ യൂറിയ ചേർ ത്തുകൊടുക്കാവുന്നതാണ്. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങൾ 18-21 ദി വസത്തിനുള്ളിലും മദ്ധ്യകാലമൂപ്പുള്ളവ 21-25 ദിവസത്തിനുള്ളിലും ദീർഘകാല മൂപ്പുള്ളവ 35-45 ദിവസത്തിനുള്ളിലും പറിച്ചുനടണം. പറിച്ചുനടുന്ന പാടങ്ങളിൽ ഞാറ്റടി ഇനിയും തയ്യാറാക്കിയിട്ടില്ലെങ്കിൽ ചേറുഞാറ്റടിയോ പായ് ഞാറ്റടിയോ തയാറാക്കാം.

ചേറുഞാറ്റടി

വിരിപ്പിൽ നടുന്നതിന് ചേറുമണ്ണിൽ ഞാറ്റടി തയ്യാറാക്കാം. നല്ല സൂര്യപ്രകാശവും ജലപരിപാലനസൗകര്യവുമുള്ള വളക്കൂറുമുള്ള സ്ഥലം ഞാറ്റടിക്കായി തിരഞ്ഞെടുക്കണം. ഒന്ന് -ഒന്നരമീറ്റർ വീതിയും 5-10 സെ.മീ. ഉയരവുമുള്ള ഞാറ്റടിത്തടങ്ങൾ തയ്യാറാക്കണം. ഒരു ച.മീറ്ററിന് ഒരു കിലോഗ്രാം വീതം ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്റ്റോ ചേർക്കാം. നല്ല തുടമുള്ളതും 80 ശതമാനമെങ്കിലും അങ്കുരണശേഷിയുള്ളതുമായ 25 കിലോ വിത്ത് 10 സെൻ്റിൽ പാകിയാൽ ഒരേക്കറിൽ പറിച്ചുനടാൻ ആവശ്യത്തിനുള്ള ആരോഗ്യമുള്ള ഞാറ് കിട്ടും. 50 ഗ്രാം സ്യൂഡോമോണാസ് 2കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി 2 ദിവസം ചേർത്തുവച്ചശേഷം മണ്ണിൽ ഇളക്കിച്ചേർത്തുകൊടുക്കണം. വിത്ത് തുല്യമായി വീഴത്തക്കവിധം പാകി വിത്ത് മൂടത്തക്കവിധം മീതെ പൊടിമണ്ണോ മണലോ വിതറണം.

മുളപ്പിച്ച വിത്ത് ചതുരശ്ര മീറ്ററിന് 0.4-0.6 കി.ഗ്രാം എന്ന തോതിലാണ് വിതറി കൊടുക്കേണ്ടത്. പച്ചില കൊണ്ട് പുതയിടണം. 3-4 ദിവസം 2 നേരം പൂവാളി ഉപയോഗിച്ച് ചെറുതായി നനച്ചുകൊടുക്കണം. നാലാംദിവസം പുത നീക്കി ചാലുകളിൽ വെള്ളം നിറയ്ക്കണം. ഏകദേശം 12 ദിവസം കൊണ്ട് ഞാറ് പറിച്ചു നടാൻ പാകമാകും. ഞാറ് പായ്പോലെ ചുരുട്ടിയെടുക്കുന്നതിന് 6-12 മണിക്കൂർ മുമ്പ് വെള്ളം വാർത്തുകളയണം. പിന്നീട് ചെറു കഷ്ണങ്ങളാക്കി ഞാറ്റടി ട്രേയിൽ വച്ചുകൊടുക്കണം. ഒരു ഏക്കറിലേക്ക് ഒരു സെൻ്റ് പായ് ഞാറ്റടി മതിയാകും.

മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ നന്നായി മഴ കിട്ടി ഈർപ്പമുണ്ടെങ്കിൽ ഇടയിളക്കി കളകൾ നീക്കംചെയ്ത് ചിനപ്പ് പൊട്ടുന്ന അവസരത്തിൽ യൂറിയ നൽകുക. ബാക്കി യൂറിയയും പൊട്ടാഷും അടിക്കണപരുവത്തിന് പത്തു ദിവസം മുൻപ് നൽകിയാൽ മതി.

രണ്ടാംകൃഷിയിറക്കുന്ന കുട്ടനാടൻ പാടങ്ങളിലും നടീൽ തുടരാം. പൊക്കാളി നിലങ്ങളിൽ കൂനകൂട്ടി വിത്തിടൽ ഈ മാസം പൂർത്തിയാക്കണം.

 • കമുക്

കമുകിനെ ബാധിക്കുന്ന മഹാളി രോഗത്തിനെതിരെ മുൻകരുതൽ വേണം. അതിനായി, മഴയ്ക്കുമുമ്പ് ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചു കൊടുക്കണം.

 • കുരുമുളക്

കാലവർഷം ആരംഭിക്കുന്നതോടെ തോട്ടങ്ങളിൽ വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ നടാം. ധാരാളം വേരുകളോടുകൂടിയ നല്ല വളർച്ചയെത്തിയ വള്ളികൾ നടാനായി ഉപയോഗിക്കണം. മൂന്നുവർഷത്തിനു മുകളിൽ പ്രായമുള്ള കൊടികൾക്ക് യൂറിയ, റോക്ക്ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൊടിയൊന്നിന് 50, 150, 125 ഗ്രാം വീതം ചേർക്കണം. ഒരു വർഷം പ്രായമായവയ്ക്ക് ഇവ 15, 50, 40 ഗ്രാം വീതവും രണ്ടു വർഷമായ കൊടികൾക്ക് 25, 75, 60 ഗ്രാം വീതവും കൊടിയൊന്നിന് ചേർക്കണം.

കുരുമുളകിൽ ദ്രുതവാട്ടരോഗം കാണാനിടയുണ്ട്. രണ്ട് കിലോ ട്രൈക്കോഡെർമ, 90 കിലോ ചാണകപ്പൊടിയും, 10 കിലോ വേപ്പിൻപിണ്ണാക്കുമായി കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നിലനിൽക്കത്തക്കവണ്ണം രണ്ടാഴ്ച്ചത്തേയ്ക്കു വയ്ക്കുക. ഈ മിശ്രിതത്തിൽ നിന്ന് 2.5 കിലോ വീതം ഓരോ കുരുമുളകുചെടിക്ക് ചുവട്ടിലും ഇട്ടുകൊടുക്കുക.

കുരുമുളകുവള്ളികൾ നടുന്ന സമയമാണ്. താങ്ങുമരത്തിൽനിന്ന് 15 സെ.മീ അകലത്തിൽ വടക്കുവശത്തായി അരമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയെടുക്കുക. കുഴിയൊന്നിന് അഞ്ച് കിലോഗ്രാം എന്ന തോതിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ മേൽമണ്ണുമായി കലർത്തി കുഴിനിറക്കണം. വേരുപിടിപ്പിച്ച രണ്ടോ മൂന്നോ വള്ളികൾ ഓരോ കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണുറപ്പിക്കുന്നത് വെള്ളം കെട്ടിനിൽക്കാതിരിക്കാൻ സഹായിക്കും.

 • ഇഞ്ചി

ഇഞ്ചിക്ക് രണ്ടാംവളപ്രയോഗം നടത്താനുള്ള സമയമാണിത്. ഒരു സെൻ്റിലേക്ക് 350 ഗ്രാം യൂറിയ നട്ട് 40 ദിവസം കഴിഞ്ഞും 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നട്ട് 90 ദിവസം കഴിഞ്ഞും നൽകണം. വളം ചേർത്ത് പുതയിട്ടതിനു ശേഷം വാരങ്ങൾ മൂടണം.

 • മഞ്ഞൾ

മഞ്ഞളിനും രണ്ടാം വളപ്രയോഗം നടത്താവുന്നതാണ്. യൂറിയ 250 ഗ്രാം വീതം നട്ട് 40, 90 ദിവസങ്ങളിലും 500 ഗ്രാം പൊട്ടാഷ് നട്ട് 90-ാം ദിവസവും നൽകണം. വളം ചേർത്ത് പുതയിട്ടതിനു ശേഷം വാരങ്ങൾ മൂടണം.

 • ഏലം

ഒന്നാം തവാരണയിൽനിന്ന് ഏലത്തൈകൾ രണ്ടാം തവാരണയിലേക്ക് പറിച്ചുനടാം. രണ്ടാം തവാരണയിലും പോളിത്തീൻ ബാഗുകളിലും ഉത്പാദിപ്പിക്കുന്ന പ്രായമായ ഏലത്തൈകൾ തോട്ടത്തിലേക്ക് നടാനായി നീക്കാം.

 • വാഴ

മഴയെ ആശ്രയിച്ചുള്ള വാഴകൃഷി തുടരാം.

നേന്ത്രൻവാഴയ്ക്ക് കുലച്ചയുടനെ ചുവടൊന്നിന് 65 ഗ്രാം വീതം യൂറിയ ചേർക്കണം. അഞ്ചാംമാസം മുതൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചോളണം. പിണ്ടിപ്പുഴുവിനെതിരെ ബ്യൂവേറിയാപ്രയോഗം ഫലപ്രദമാണ്. ഇതിനായി വാഴത്തട ഒന്ന് ഒന്നരയടി നീളത്തിൽ മുറിച്ചു നെടുകേപിളർന്ന് 10 ഗ്രാം ബ്യൂവേറിയ പൊടി വിതറി തോട്ടങ്ങളിൽ അങ്ങിങ്ങായി വയ്ക്കുക. 40 വാഴകൾക്ക് ഒരു കുമിൾ പ്രയോഗിച്ച വാഴത്തട വയ്ക്കണം. ഓരോ ആഴ്ച കൂടുമ്പോഴും പുതിയ വാഴത്തട വയ്ക്കുക. ബ്യൂവേറിയ കൾച്ചറിനായി സംസ്ഥാന ബയോ കൺട്രോൾ ലാബുമായി ബന്ധപ്പെടുക. (ഫോണ്‍: 0487 2374605) CTCRIയുടെ നന്മയും ഉപയോഗിക്കാവുന്നതാണ്.

നട്ട് രണ്ടുമാസം പ്രായമായ പാളയൻകോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളം എന്നിവ ചേർക്കാം.

വാഴയിൽ ഇലപ്പുളളി രോഗം കാണാൻ സാധ്യതയുണ്ട്. രോഗംബാധിച്ച ഇലകൾ നീക്കം ചെയ്തതിനുശേഷം ഈ രോഗം നിയന്ത്രിക്കുന്നതിനായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക.

മഴക്കാലത്തിനുമുമ്പ് ഒരുശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിയ്ക്കുന്നതും വെള്ളം വാർന്നു പോകാനുള്ള ചാലുകൾ എടുക്കുന്നതും രോഗം വരാതിരിക്കാൻ സഹായിക്കും.

 • ജാതി, ഗ്രാമ്പൂ

പുതുകൃഷിക്ക് കുഴികളെടുത്ത് തൈനടീൽ തുടരാം. വളപ്രയോഗം കഴിഞ്ഞമാസം നടത്തിയില്ലെങ്കിൽ ഇപ്പോള്‍ നടത്തണം.

ജാതിയിൽ വരുന്ന വിവിധ രോഗങ്ങളെ തടയുന്നതിനും ചെറുക്കുന്നതിനും മുൻകരുതലായി സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കുക. അല്ലെങ്കിൽ 1% വീര്യമുള്ള ബോർഡോ മിശ്രിതം കലക്കി തളിക്കുക.

 • മാവ്

പുതിയ ഒട്ടുതൈകൾ നടുന്നതിന് ഈ മാസം അനുയോജ്യമാണ്. 10 വർഷത്തിനുമേൽ പ്രായമായ മരങ്ങൾക്ക് ആവശ്യമായതിന്റെ പകുതി രാസവളം 500 ഗ്രാം യൂറിയ, 900 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 750 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക. 3-5, 6-7, 8-10 വർഷം പ്രായമുള്ളവയ്ക്ക് യഥാ ക്രമം 100, 250, 400ഗ്രാം യൂറിയ: 90, 425, 360 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 100, 200, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക.

 • കിഴങ്ങു വർഗങ്ങൾ

കളനീക്കലും മേൽവളപ്രയോഗവും തുടരാം.

 • അടുക്കളത്തോട്ടം

മഴക്കാലപച്ചക്കറിക്കൃഷി തുടരാം. വിത്തുപാകി പറിച്ചുനടൽ കനത്ത മഴ കഴിഞ്ഞ് മതി. മുളച്ച തൈകൾക്ക് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിക്കുന്നത് മഴക്കാലത്ത് കുമിൾ രോഗങ്ങൾക്കെതിരെ ഫലപ്രദമാണ്. മഴവെള്ളം ഒലിച്ചു പോകാൻ തടങ്ങളിൽ ചാലുകീറാനും നീർവാർച്ചാ സൗകര്യങ്ങളൊരുക്കാനും ശ്രദ്ധിക്കണം.

(വിവരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കാര്‍ഷികസര്‍വ്വകലാശാല)