Menu Close

കൃഷി ജൂലൈമാസത്തില്‍

നെല്ല്
അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുന്ന കാലാവസ്ഥയാണിപ്പോള്‍. ഈ സമയം നെല്ലിൽ ഓലചുരുട്ടിപ്പുഴുവിൻ്റെ ആക്രമണമുണ്ടാകാം. ഒരേക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കൊഗ്രമ്മ കാർഡ് എന്ന കണക്കില്‍ ചെറുകഷണങ്ങളാക്കി മുറിച്ച് വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി സ്ഥാപിച്ച് ഓലചുരുട്ടിപ്പുഴുവിനെ തടയാനാകും. ഒന്നോ രണ്ടോ ആഴ്ച ഇടവേളയിൽ ഇത് ആവര്‍ത്തിക്കണം. ഓലചുരുട്ടിപ്പുഴുവിൻ്റെ ആക്രമണം കാണുകയാണെങ്കിൽ 2 ഗ്രാം അസഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുകയും ആവാം. ഓലചുരുട്ടിയുടെയോ തണ്ടുതുരപ്പന്റെയോ ആക്രമണം രൂക്ഷമാവുകയാണെങ്കിൽ, പാടത്തെ വെള്ളം വാർത്തുകളഞ്ഞശേഷം, രണ്ടുകിലോ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് ഒരു ഏക്കറിന് എന്ന നിരക്കിൽ വിതറാവുന്നതാണ്.
മേയ്മാസത്തില്‍ പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകേണ്ടതുണ്ട്. കഴിഞ്ഞമാസം നട്ട പാടങ്ങളിൽ ചിനപ്പു പൊ ട്ടുന്ന സമയത്ത് ആദ്യ മേൽവളപ്രയോഗം നടത്തണം. വളം നൽകുന്നതിന് ഒരുദിവസം മുമ്പ് പാടത്തുനിന്ന് വെള്ളം വാർത്തുകളയണം. വളം വിതറിയ ശേഷം കുറഞ്ഞത് 12 മണിക്കൂർ കഴിഞ്ഞശേഷം പാടത്തേക്ക് വെള്ളംകയറ്റാം. വെള്ളക്കെട്ടുള്ള പാടങ്ങളിൽ യൂറിയ ലായനിയാക്കി ഇലകളിൽ തളിച്ചുകൊടുക്കാം. ഇതിനായി 10 ലി. വെള്ളത്തിൽ അര കിലോഗ്രാം പുതിയ യൂറിയ കലക്കി തയ്യാറാക്കിയ ലായനി തളിക്കണം. പോളരോഗം സ്ഥിരമായി കാണുന്ന സ്ഥലമാണെങ്കില്‍ ആകെ നിർദ്ദേശിച്ചിട്ടുള്ളതിൻ്റെ പകുതിഭാഗം പൊട്ടാഷ് കൂടി ചേർത്തുകൊടുക്കണം. വളപ്രയോഗത്തിനു മുൻപ് കളയെടുപ്പ് നടത്താന്‍ മറക്കരുത്.
കീടരോഗങ്ങൾക്കെതിരെ സംയോജിത നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കണം. നട്ട പാടങ്ങളിൽ, പ്രത്യേകിച്ച് വൈകി നട്ട പാടങ്ങളിൽ ഗാളീച്ചയുടെ ഉപദ്രവമുണ്ടാവാം. ഞാറ്റടി മുതൽ കതിർവരെയുള്ള ഏതു പ്രായത്തിലും അതുണ്ടാവും. ഞാറിൽ കീടബാധയുണ്ടായാൽ ചെടിയുടെ ചുവടുഭാഗം വീർത്തിരിക്കുന്നതായും കൂടുതൽ ചിനപ്പു പൊട്ടുന്നതായും കാണാം. അതു കഴിഞ്ഞാൽ നാമ്പിലയ്ക്ക് പകരം വെള്ളക്കൂമ്പ് അല്ലെങ്കിൽ തിരിയുടെ ആകൃതിയിൽ പൊള്ളയായ കുഴലുകൾ കാണും. വയലിൽ വിളക്കുകെണി സ്ഥാപിക്കുന്നത് ഗാളീച്ചയെ ഒരുപരിധിവരെ ആകർഷിച്ചു നശിപ്പിക്കും. ഓലചുരുട്ടി, തണ്ടുതുരപ്പൻ, ശലഭങ്ങൾ, മുഞ്ഞ, ചാഴി എന്നിവയേയും വിളക്കുകെണി ആകർഷിച്ചു നശിപ്പിക്കാം. കുഴൽപ്പുഴുവിൻ്റെ ആക്രമണം കാണുന്നെങ്കിൽ വെള്ളം വാർത്തു കളയണം.
ചിനപ്പു പൊട്ടുന്നതുമുതൽ അടിക്കണപ്പരുവം വരെ പോളരോഗത്തിനു സാദ്ധ്യതയുണ്ട്. ഇതിനെതിരെ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം.
പൊക്കാളിപ്പാടങ്ങളിൽ രണ്ടാംവാരത്തോടെ പറിച്ചുനടീൽ നടത്തണം. പറിച്ചുനടുന്നതിനു മുമ്പായി ഏക്കറിന് 200 കി.ഗ്രാം കുമ്മായം ചേർക്കണം. വിതകഴിഞ്ഞ കുട്ടനാടൻപാടങ്ങളിൽ നെല്ലിന് 14-22 ദിവസം പ്രായമാകുന്നതുവരെ കളനിയന്ത്രണം മുടങ്ങരുത്. ജൂൺ അവസാനം വിതകഴിഞ്ഞ പാടങ്ങളിൽ 10-15 ദിവസത്തിനുശേഷം അടിവളവും ജൂൺ ആദ്യവാരം വിതകഴിഞ്ഞ പാടങ്ങളിൽ 30-35 ദിവസത്തിനുശേഷം മേൽവളവും പ്രയോഗിക്കണം.
നെല്ല് കരക്കൃഷി ചെയ്ത സ്ഥലങ്ങളിൽ വളപ്രയോഗം നടത്തണം. നട്ട് 2-3 ആഴ്ചയിലും 5-6 ആഴ്ചയിലും കളയെടുപ്പ് തുടരണം. ചിതൽശല്യത്തിന് മെറ്റാറൈസിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം.

തെങ്ങ്
മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾരോഗങ്ങളാണ് ചെന്നീരൊലിപ്പ്, കൂമ്പുചീയൽ എന്നിവ. ചെന്നീരൊലിപ്പുള്ള തെങ്ങുകളിൽ തടിയിൽനിന്ന് ചെറുതായി കടുത്ത തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതായി കാണാം. ഇത്തരം തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻപിണ്ണാക്ക് ചേർക്കണം. കറയൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോർഡോക്കുഴമ്പോ തേയ്ക്കുക. രണ്ടുദിവസത്തിനുശേഷം കോൾടാർ പുരട്ടാം. പുതിയ കൂമ്പ് വരുന്നതുവരെ മഴ കൊള്ളാതെ സംരക്ഷിക്കണം. കാറ്റുവീഴ്ച ബാധിച്ച തെങ്ങിൻതോട്ടങ്ങളിൽ കൂമ്പുചീയൽരോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിൻ്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിക്കുക. പിന്നീട് ബോർഡോകുഴമ്പ് പുരട്ടി വെള്ളമിറങ്ങാത്തവിധം മൺചട്ടികൊണ്ടു മൂടിവയ്ക്കുക. കൂടാതെ, ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തെങ്ങോലകളിൽ തളിച്ചുകൊടുക്കുകയും വേണം. വർഷത്തിൽ 10 തേങ്ങയിലും കുറവുലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനുശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയുമുള്ള ഇനങ്ങള്‍ നടണം.
മഴസമയത്ത് തെങ്ങിൻതൈകൾ നടാവുന്നതാണ്. അംഗീകൃത നഴ്സറികളിൽനിന്ന് നല്ല ഗുണമേൻമയുള്ള ഇനം നടാനായി തിരഞ്ഞെടുക്കുക. തൈകൾ നടുന്നതിന് സ്ഥലത്തെ മണ്ണിൻ്റെ ഘടന അനുസരിച്ച് കുഴിയുടെ വലിപ്പം തീരുമാനിക്കുക. മണൽ പ്രദേശത്ത് 75സെ.മീ X 75സെ.മീ X 75 സെ.മീ, വെട്ടുകല്‍പ്രദേശത്ത് 1.2മീ x 1.2 മീ x 1.2 മീ, മറ്റ് സ്ഥലങ്ങളിൽ 1 മീ x 1 മീ x 1 മീ എന്നിങ്ങനെ വലിപ്പത്തിലാണ് കുഴിയെടുക്കേണ്ടത്. അതിന്റെ മുക്കാൽഭാഗത്തോളം മേൽമണ്ണും ഉണക്കച്ചാണകവും കലർത്തിയ മിശ്രിതം നിറച്ചിട്ട്, കുഴിയുടെ നടുക്ക് പിള്ളക്കുഴിയെടുത്ത് തെങ്ങിൻതൈ നടാവുന്നതാണ്.
തെങ്ങിന് കഴിഞ്ഞമാസം വളം നല്‍കാത്തവര്‍ ഈ മാസം നല്‍കണം. മഴയെ ആശ്രയിച്ചുള്ള തോട്ടങ്ങളിൽ യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ശരാശരിയില്‍ യഥാക്രമം 250-350 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചിതകൃഷിയുള്ള തോട്ടങ്ങളിൽ 200-270 ഗ്രാം, 275-500 ഗ്രാം, 275-500 ഗ്രാം എന്നിങ്ങനെയും നല്‍കണം.
കുരുമുളക്
വേരുപിടിപ്പിച്ച കുരുമുളകുവള്ളികൾ ഈ മാസവും നടാവുന്നതാണ്. കഴിഞ്ഞ മാസം നട്ട് വളർന്നുവരുന്ന വള്ളികൾ താങ്ങുകാലിനോട് ചേർത്തുകെട്ടുകയും പടർത്തുകയും വേണം. കുരുമുളക് തോട്ടങ്ങളിൽ വെള്ളം കെട്ടിനില്‍ക്കാൻ അനുവദിക്കരുത്. നടുന്നതിൻ്റെ കൂടെ ചാണകവും വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമ മിശ്രിതവും മണ്ണിൽ ഇട്ടുകൊടുക്കാവുന്നതാണ്. കുരുമുളകിന്റെ കൊടിത്തലകൾ ഇളകി വീണിട്ടുള്ളവ പിടിച്ചുകെട്ടണം. നിലവിലുള്ള കൊടികൾക്ക് രാസവളപ്രയോഗം തുടരാം.
തണൽ കൂടിയാൽ പൊള്ളുവണ്ടിൻ്റെ ആക്രമണവും കുമിൾരോഗങ്ങളും കൂടും. തന്മൂലം കായ്പിടുത്തം കുറയും. അതുകൊണ്ട് താങ്ങുമരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റി കഴിയുന്നത്ര സൂര്യപ്രകാശം കൊടിയിൽ പതിക്കാനുള്ള സൗകര്യമൊരുക്കണം. കുരുമുളകുതോട്ടങ്ങളിൽ ദ്രുതവാട്ടത്തിനെതിരെ മുൻകരുതലുകൾ എടുക്കണം. ദ്രുതവാട്ടം വന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികൾ മുറിച്ചുമാറ്റി തീയിട്ടുനശിപ്പിക്കണം. ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെർമ്മ എന്ന കുമിളിന്റെ കൾച്ചർ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഒരു കിലോഗ്രാം ട്രൈക്കോഡെർമ്മ 10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചേർത്ത് നല്ല തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത് കൂട്ടിക്കലർത്തി രണ്ടാഴ്ച്ചയിടുക. ഇടയ്ക്ക് ഇളക്കികൊടുക്കുകയും ചെറിയ ഈർപ്പം നിലനിർത്താൻ വെള്ളം തളിയ്ക്കുകയും വേണം. ഈ മിശ്രിതം കുരുമുളകുചെടിയുടെ ചുവട്ടിൽ ചേർത്തുകൊടുത്താൽ വാട്ടരോഗം വരാതിരിക്കാന്‍ ഒരു പരിധിവരെ സഹായിക്കും. അല്ലെങ്കിൽ സ്യൂഡോമോണാസ് ഒരു കിലോഗ്രാം 20 കിലോഗ്രാം ചാണകപ്പൊടിയുമായി കൂട്ടിക്കലർത്തി ഇട്ടുകൊടുക്കുന്നതും രോഗം നിയന്ത്രിക്കാൻ സഹായിക്കും.
ഇഞ്ചി, മഞ്ഞൾ
വളപ്രയോഗം, കളയെടുപ്പ്, നീർവാർച്ചയ്ക്കുള്ള ക്രമീകരണം, വാരം പിടിപ്പിക്കൽ, പുതയിടൽ മുതലായവ ചെയ്യണം. അവസാനത്തെ വളപ്രയോഗം നടത്താനും സമയമായി. നട്ട് 90 ദിവസം കഴിഞ്ഞ് ഇഞ്ചിക്ക് സെൻ്റൊന്നിന് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും മഞ്ഞളിന് 250 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നൽകണം.
ഗ്രാമ്പൂ, ജാതി
വളപ്രയോഗം തുടരാം. തോട്ടങ്ങളിൽ നീർവാർച്ചയും കളനിയന്ത്രണവും ഉറപ്പുവരുത്തുക. കുമിൾരോഗം കണ്ടാൽ ബോർഡോമിശ്രിതം പ്രയോഗിക്കാം. കൂടാതെ ട്രൈക്കോഡെർമയും ഉപയോഗിക്കാവുന്നതാണ്.
വാഴ
വാഴയിൽ പിണ്ടിപ്പുഴുവിൻ്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികൾ സ്വീകരിക്കണം. വണ്ടുകൾ ചെടിയുടെ അവശിഷ്ടഭാഗങ്ങളിലും അഴുകിയവസ്തുക്കളിലുമാണ് ഒളിച്ചിരിക്കുന്നത്. ഇവയുടെ ആക്രമണം തടയുന്നതിന് ആദ്യമായി ചെയ്യേണ്ടത് കൃഷിയിടം വൃത്തിയാക്കി സൂക്ഷിക്കുകയാണ്. വാഴയുടെ ഉണങ്ങിയ ഇലകൾ നീക്കംചെയ്യണം. വേപ്പിൻസത്തടങ്ങിയ കീടനാശിനികൾ (1% അസാഡിറാക്റ്റിൻ) 4 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വാഴയുടെ തടഭാഗത്തും ഇലക്കവിളുകളിലും തളിക്കുന്നത് നല്ലതാണ്. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി, ഒരു ലിറ്റർ വെളളത്തിലെന്ന തോതിൽ കലക്കി ഇലക്കവിളിൽ ഒഴിക്കുക.
നേന്ത്രവാഴയ്ക്ക് ചിലയിടങ്ങളിൽ ബാക്ടീരിയമൂലമുണ്ടാകുന്ന മാണം അഴുകൽ രോഗം കാണുന്നുണ്ട്. ഇതുമൂലം ഇലകൾ മഞ്ഞളിക്കുകയും കൈകൾ ഒടിയുകയും ക്രമേണ കടയോടെ വാഴ മറിഞ്ഞുവീഴുകയും ചെയ്യും. മാണം ചീഞ്ഞ് അഴുകിയതായും കാണാം. മണ്ണിലൂടെയാണ് ഈ രോഗം പകരുന്നത് എന്നതുകൊണ്ട് ഇതിനെ നിയന്ത്രിക്കുന്നതിനായി നീർവാർച്ച ഉറപ്പുവരുത്തണം. ബ്ലീച്ചിംഗ് പൗഡർ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ വാഴയൊന്നിന് 5 ലിറ്റർ എന്ന കണക്കിന് ഒഴിച്ചു കൊടുക്കണം.
ഒരു മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയ, 250 ഗ്രാം രാജ്ഫോസ്, 100 ഗ്രാം പൊട്ടാഷ് എന്നിവ നൽകുക. 2 മാസം കഴിഞ്ഞവയ്ക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും നൽകണം. നട്ട് 2 മാസമായ പാളയൻകോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം വീതം യൂറിയ, രാജ്ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കാം. വെള്ളം കെട്ടിനില്‍ക്കരുത്. കളകൾ ചെത്തി ചുവട്ടിൽ മണ്ണിട്ടു മൂടണം. ഇലകരിച്ചിൽ കാണുന്നുണ്ടെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കണം. തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണത്തിനെതിരെ ജാഗ്രത പുലർത്ത ണം. മൈക്രോന്യൂട്രിയൻ്റ് കുറവ് കാണുകയാണെങ്കിൽ കൃഷിവിദഗ്ദ്ധരുടെ ശുപാർശകൾ പാലിക്കുക.
മാവ്
കഴിഞ്ഞ മാസം നട്ട ഒട്ടുതൈകളുടെ ഒട്ടിച്ച ഭാഗത്തിനു താഴെ മുളയ്ക്കുന്ന ചിനപ്പുകൾ നീക്കം ചെയ്യണം. ചില്ലയുണക്കം കാണുന്ന മാവുകളുടെ കേടുവന്ന ഭാഗത്തിന് താഴെവെച്ചുമുറിച്ച് മുറിപ്പാടിൽ ബോർഡോക്കുഴമ്പ് തേയ്ക്കുക.
കിഴങ്ങുവർഗങ്ങൾ
രണ്ടുമാസം പ്രായമായ മരച്ചീനിക്ക് കളകൾ നീക്കി ജൈവവളം ചേർത്ത് മണ്ണ് കൂനകളിൽ കൂട്ടാം. ചേനക്കും കാച്ചിലിനും ചേമ്പിനും വളപ്രയോഗം നടത്താം.
പച്ചക്കറികള്‍
ഈ സമയം പച്ചക്കറികളിൽ ആമവണ്ടിനെ കാണാനിടയുണ്ട്. പുഴുബാധിച്ച ഇലകൾ മുറിച്ചുമാറ്റിയതിനു ശേഷം 2% വീര്യമുളള വേപ്പെണ്ണ എമൾഷൻ തളിക്കുക. പച്ചക്കറികളിൽ ഇലപ്പേനിന്റെയും മണ്ഡരിയുടെയും ആക്രമണം നിയന്ത്രിക്കാൻ ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് തളിക്കുക.
(അവലംബം: കേരള കാര്‍ഷിക സർവ്വകലാശാല, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)