കൃഷിയാണ് ഇന്നും മനുഷ്യകുലത്തെ മുന്നോട്ടുനയിക്കുന്നത്. എന്താണ് കൃഷി? സസ്യങ്ങളെയും ജന്തുക്കളെയും പരിപാലിച്ചു വളര്‍ത്തുന്നതാണ് കൃഷി. പഴങ്ങള്‍, പച്ചക്കറികള്‍, കന്നുകാലികള്‍, പക്ഷികള്‍, മീനുകള്‍ എന്നിങ്ങനെ കൃഷിയുടെ പട്ടിക നീളുന്നു. എന്തിനാണ് കൃഷി ചെയ്യുന്നത്?
ഭക്ഷണത്തിനും വസ്ത്രത്തിനും കൃഷി ആവശ്യമാണ്. പേപ്പറുണ്ടാക്കാനും മരുന്നുണ്ടാക്കാനും കൃഷിയാണ് മുഖ്യ ആശ്രയം. പൂക്കള്‍ക്കുവേണ്ടിയും കാലികള്‍ക്കു തീറ്റയ്ക്കുവേണ്ടിയും കൃഷി ചെയ്യുന്നു. ഇന്ധനം തുടങ്ങി വേറെയും പല ആവശ്യങ്ങള്‍ക്കായും കൃഷി ചെയ്യുന്നുണ്ട്.
എന്താണ് കൃഷി സാധ്യമാക്കുന്ന ഘടകങ്ങള്‍? മണ്ണ്, ജലം, കാലാവസ്ഥ, വളം, ഉപകരണങ്ങള്‍ ഇതൊക്കെ അനുയോജ്യമായ തരത്തില്‍ ലഭിക്കുന്നിടത്താണ് കൃഷി നിലനില്‍ക്കുന്നത്. ഇതൊക്കെയുണ്ടായാലും കൃഷി ചെയ്യാന്‍ കര്ഷകരുണ്ടാകണം. ലോകത്തെ വിവിധ സാമൂഹ്യാവസ്ഥകളും കാലാവസ്ഥാവ്യതിയാനവും കൃഷിക്കു മുമ്പിലെ വെല്ലുവിളികളാണ്. ഇതിനോടൊക്കെ പൊരുതിയാണ് കര്‍ഷകലോകം കൃഷി മുമ്പോട്ടുകൊണ്ടുപോകുന്നത്.
കൃഷിയില്‍ ലോകത്ത് ആരൊക്കെയാണ് മുമ്പന്മാര്? ആരുടെ കൈയിലാണ് ലോകത്തിന്റെ കൃഷിയുടെ അധികപങ്കും? കൃഷിയില്‍ മുമ്പിട്ടുനില്ക്കുന്ന 5 രാജ്യങ്ങളെ നമുക്ക് പരിശോധിക്കാം.
- ചൈന
ലോകത്തെ കൃഷിയോഗ്യമായ ഭൂമിയുടെ 10 ശതമാനം മാത്രമാണ് ചൈനയ്ക്കുള്ളത്. അതേസമയം, ആഗോള ധാന്യോല്‍പ്പാദനത്തിന്റെ 25 ശതമാനവും ചൈനയില്‍നിന്നാണ്. ഗോതമ്പ്, അരി, ചോളം എന്നിവയാണ് പ്രധാന വിളകൾ, ഇവയുടെ ഉല്പാദനം ചൈനയുടെ മൊത്തം ഭക്ഷ്യോല്പാദനത്തിന്റെ 90% ആണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരുത്തി, മുട്ട, കോഴി എന്നിവയുടെ ഉൽപാദനത്തിലും ചൈന മുന്നിലാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തങ്ങളുടെ വലിയ ജനസംഖ്യയെ തീറ്റിപ്പോറ്റാന്‍ പാടുപെടുന്ന രാജ്യമായാണ് ലോകം ചൈനയെ കണ്ടിരുന്നത്. ഇന്ന് ചൈന ഭക്ഷണകാര്യത്തില്‍ സ്വയംപര്യാപ്തമായി എന്നുമാത്രമല്ല അവരുല്‍പ്പാദിപ്പിക്കുന്ന ഭക്ഷണമാണ് ലോകജനതയുടെ ഒരു ഭാഗവും കഴിക്കുന്നത്. പാതകള്‍ക്കിരുവശവും പരമ്പരാഗതകൃഷിരീതി തുടരുന്നതിനോടൊപ്പം പുതിയ തൂക്കുകൃഷി വ്യാപകമാക്കിക്കൊണ്ട് കൃഷിഭൂമിയുടെ കുറവിനെയും അവര്‍ മറികടക്കുന്നു.
മൊത്തത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച കാർഷിക രാജ്യം ചൈനയാണ്. 500 ദശലക്ഷം ടൺ പച്ചക്കറിയാണ് അവര്‍ ഉല്പാദിപ്പിക്കുന്നത്. ലോകത്തിലെ പച്ചക്കറിക്കൃഷിയുടെ 50 ശതമാനം വരുമിത്. ചൈനയിലെ നല്ലൊരുഭാഗം ജനം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. - യു എസ് എ
കാർഷികശാസ്ത്രത്തിനു പേരുകേട്ട രാജ്യമാണ് അമേരിക്ക എന്ന യു എസ് എ. ലോകത്തെ ഏറ്റവും നൂതനമായ മിക്ക കാർഷികസാങ്കേതികവിദ്യകളും ഇവര്‍ ഉപയോഗപ്പെടുത്തുന്നു. പല രാജ്യങ്ങൾക്കും കൃഷിയില്‍ മാതൃകയാണ് അമേരിക്ക. 1990 മുതല്‍ ഇവിടുത്തെ കാർഷികമേഖല തുടർച്ചയായി വളര്‍ച്ചയാണ് കാണിക്കുന്നത്. ഓരോ കര്‍ഷകനും വര്‍ഷം തോറും ഏകദേശം ഒരു ശതമാനത്തിനടുത്ത് അഭിവൃദ്ധി ഇവിടെ നേടുന്നതായാണ് കണക്കുകള്‍ പറയുന്നത്. ശാസ്ത്രീയമായി മണ്ണും വിളയും വിശകലനം ചെയ്യുന്നതും ഏറ്റവും ആധുനികമായ യന്ത്രങ്ങൾ ഉപയോഗിക്കുന്നതും വിവരസാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗവും ഈ വളര്‍ച്ചയുടെ കാരണങ്ങളാണ്. ചുരുക്കത്തിൽ, കാർഷിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യം അമേരിക്കയാണെന്ന് നമുക്ക് പറയാം.
കൃഷിഭൂമിയുടെ 90 ശതമാനവും കൃഷി ചെയ്യുന്നത് ധാന്യങ്ങള്‍, സോയാബീൻസ്, ഗോതമ്പ്, പരുത്തി, പുല്ല് എന്നിവയാണ്. മനുഷ്യ ഉപഭോഗത്തൊപ്പം മൃഗങ്ങളുടെ തീറ്റയ്ക്കു വേണ്ടിക്കൂടിയാണ് ഇവ വളർത്തുന്നത്. 247,882,000 ടൺ ഉത്പാദിപ്പിക്കുന്ന ചോളമാണ് അമേരിക്കയിലെ ഏറ്റവും മുഖ്യവിള. 74,598,000 ടണ്ണോളം സോയാബീനും ഉത്പാദിപ്പിക്കുന്നു. മൂന്നാം സ്ഥാനത്ത് ഗോതമ്പാണ്. ഉല്‍പ്പാദനം ഏകദേശം 69,327,000 ടണ്‍.
കരിമ്പ്, ഉരുളക്കിഴങ്ങ്, കാപ്പി, പഞ്ചസാര ബീറ്റ്റൂട്ട്, വാഴപ്പഴം എന്നിവയാണ് അമേരിക്കയിലെ മറ്റ് പ്രധാന വിളകൾ.
- ബ്രസീല്‍
ഏറ്റവും പഴക്കമുള്ള കാര്ഷികരാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ കൃഷി ആരംഭിച്ചു. മധുരക്കിഴങ്ങ്, ചോളം, നിലക്കടല, പുകയില തുടങ്ങി നിരവധി വിളകൾ ആയിരക്കണക്കിനു വര്‍ഷംമുമ്പേ ഇവിടുത്തെ മണ്ണില്‍ വിളഞ്ഞുതുടങ്ങിയതാണ്. മൊത്തം ഭൂമിയുടെ 41 ശതമാനത്തില്‍ കൃഷി ഇപ്പോഴും നടക്കുന്നു. ഏകദേശം 867.4 ദശലക്ഷം ഏക്കർ ഭൂമി വരും.
കരിമ്പ് ഉൽപാദനത്തിൽ ബ്രസീലാണ് ലോകജേതാവ്. ഇത് പ്രതിവർഷം 600 ദശലക്ഷത്തിലധികം ടൺ ഇവിടെ വിളയുന്നു. ലോകത്ത് സോയാബീൻ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ രാജ്യവും ബ്രസീലാണ്. ലോകമെമ്പാടും അവരിത് കയറ്റുമതി ചെയ്യുന്നു. കാപ്പി, ബീഫ്, എത്തനോൾ, സോയാബീൻ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരും ബ്രസീലാണ്. ലോകത്തെ ഓറഞ്ചിന്റെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത് ബ്രസീലിലാണ്.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഈ രാജ്യത്തെ ജിഡിപിയുടെ 25% കാർഷികോൽപ്പാദനത്തിൽ നിന്നാണ്. - ഇന്ത്യ
പരമ്പരാഗതകൃഷി വ്യാപകമായ രാജ്യങ്ങളില്‍ മുമ്പിലാണ് ഇന്ത്യ. ഇന്നും ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 58 ശതമാനം കൃഷിയെ ആശ്രയിക്കുന്നു. ജിഡിപിയുടെ 18 ശതമാനത്തോളം കൃഷിയിലൂടെ കൈവരുന്നു. അതിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് കാലിവളര്‍ത്തലും പച്ചക്കറിയുമാണ്. കാലിവളര്‍ത്തലിലൂടെ പാലും മാംസവും ഉല്‍പ്പാദിപ്പിക്കുന്നു. പാല് ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. മാംസോല്പ്പാദനത്തിലെ മുന്‍നിരരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബീഫ് വില്‍ക്കുന്നതും കഴിക്കുന്നതും ഈയിടെയായി ഇന്ത്യക്കകത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും ഇന്ത്യയില്‍നിന്നുള്ള ബീഫ് കയറ്റുമതി നാള്‍ക്കുനാള്‍ കൂടുകയാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 135 കോടി കിലോ ബീഫാണ് ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്തത്. ബീഫ് കയറ്റുമതിയില്‍ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
ചണം, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനമുണ്ട്. അരി, ഗോതമ്പ്, നിലക്കടല, കരിമ്പ്, പച്ചക്കറികൾ, പഴങ്ങൾ, പരുത്തി എന്നിവയുടെ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്താണ്. സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യം, കന്നുകാലികൾ, കോഴി, തോട്ടവിളകൾ എന്നിവയും പ്രധാന കാർഷികവൃത്തികളാണ്. വാഴപ്പഴം, പേരക്ക, മാങ്ങ, നാരങ്ങ, പപ്പായ, തുടങ്ങി ലോകത്തിലെ മിക്ക പഴങ്ങളുടെയും പ്രമുഖ ഉത്പാദകരാണ് ഇന്ത്യ. ഇഞ്ചി, കുരുമുളക്, മുളക് എന്നിവയിലും ഇന്ത്യക്ക് മുന്നിരസ്ഥാനമുണ്ട്. - റഷ്യ
റഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷിചെയ്യുന്നത് ഗോതമ്പാണ്. 2009 ലെ കണക്കനുസരിച്ച് റഷ്യയിലെ കൃഷിയോഗ്യമായ ഭൂമിയുടെ 21.9 ശതമാനത്തിലും ഗോതമ്പായിരുന്നു കൃഷി ചെയ്തത്. മാത്രമല്ല, റഷ്യയുടെ പകുതിയോളം കൃഷിഭൂമിയിലെയും വിള ധാന്യങ്ങളാണ്. റൈ, ബാർലി, ഓട്സ്, ചോളം എന്നിവയാണ് പ്രധാന ധാന്യങ്ങള്‍. പഞ്ചസാര ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവയും പ്രധാന കൃഷിയില്വരുന്നു. റഷ്യ മുഖ്യമായും വ്യാവസായിക സമ്പദ്വ്യവസ്ഥ അഭിവൃദ്ധിപ്പെട്ട രാജ്യമാണ്. അതില്‍ നല്ല പങ്ക് കാർഷിക വ്യവസായമാണ്. മൊത്തം റഷ്യൻ ജിഡിപിയുടെ 6% കാർഷിക വ്യവസായം കൈവശപ്പെടുത്തിയിരിക്കുന്നു. അതിനാല്‍, റഷ്യൻ കാർഷിക വ്യവസായം ജനങ്ങൾക്ക്16% തൊഴിലവസരങ്ങള്‍ നൽകുന്നു.